2022 23 അധ്യയനവര്‍ഷത്തെ അധ്യാപക തസ്തിക നിര്‍ണയം പൂര്‍ത്തിയായി

തിരുവനന്തപുരം: 2022 23 അധ്യയനവര്‍ഷത്തെ അധ്യാപക തസ്തിക നിര്‍ണയം പൂര്‍ത്തിയായി. ആകെ സൃഷ്ടിക്കേണ്ട പുതിയ തസ്തികകള്‍ 6005 ആണ്, എന്നാല്‍ 2019 20 ല്‍ അനുവദിച്ച 4563 തസ്തികകള്‍ കുട്ടികള്‍ കുറഞ്ഞ ഡിവിഷനുകള്‍ ഇല്ലാതായതുമൂലം ഒഴിവാകും. ഫലത്തില്‍ 1442 തസ്തികകളില്‍ മാത്രമാകും പുതിയ നിയമനങ്ങള്‍. പൊതു വിദ്യാഭ്യാസ വകുപ്പ് ശുപാര്‍ശ ധന വകുപ്പിന് കൈമാറി.

മൂന്നുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം സംസ്ഥാനത്തെ സ്‌കൂളുകളില്‍ തസ്തിക നിര്‍ണയം പൂര്‍ത്തിയായപ്പോള്‍ 2313 സ്‌കൂളുകളിലായി 6005 പുതിയ തസ്തികകള്‍ നേണമെന്ന് കണ്ടെത്തി. അതേസമയം 2019 20 ല്‍ അനുവദിച്ചു തുടര്‍ന്നുവന്ന 4563 തസ്തികകള്‍ കുട്ടികള്‍ കുറഞ്ഞ ഡിവിഷനുകള്‍ ഇല്ലാതായതുമൂലം ഒഴിവാകും. ഇതില്‍ ഭൂരിപക്ഷവും എയ്ഡഡ് സ്‌കൂളുകളിലാണ്. ഇവ ഒഴികെയുള്ള 1442 തസ്തികകളില്‍ മാത്രമാകും പുതിയ നിയമനങ്ങള്‍ വേണ്ടി വരിക. ഇതെല്ലാം സര്‍ക്കാര്‍ സ്‌കൂളുകളില്‍ ആകും എന്നാണ് പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നത്. പിഎസ്സി വഴിയാകും നിയമനം.

എയ്ഡഡ് സ്‌കൂളുകളില്‍ നിലവില്‍ 71 തസ്തികകള്‍ അധികമുണ്ടെന്നാണ് കണ്ടെത്തല്‍. അവിടെ അഡ്ജസ്റ്റ്‌മെന്റ് ട്രാന്‍സ്ഫര്‍ കഴിഞ്ഞ് പുതിയ നിയമനങ്ങള്‍ക്ക് സാധ്യതയുണ്ടോ എന്നതിന്റെ കൃത്യമായ കണക്ക് സര്‍ക്കാര്‍ ശേഖരിച്ചു വരുന്നതേയുള്ളൂ. എയ്ഡഡ് സ്‌കൂളുകളില്‍ നേരത്തെ നടത്തിയ പല നിയമനങ്ങള്‍ക്കും ഇനിയും അംഗീകാരം ലഭിച്ചിട്ടുമില്ല. ഈ അധ്യയന വര്‍ഷം ആറാം ദിനത്തിലെ കുട്ടികളുടെ കണക്ക് അനുസരിച്ചാണ് തസ്തിക നിര്‍ണയം നടത്തിയത്. 5906 അധ്യാപക തസ്തികകളും 99 അനധ്യാപക തസ്തികളുമായി 6005 പുതിയ തസ്തികകള്‍. 1106 സര്‍ക്കാര്‍ സ്‌കൂളുകളിലായി 3080 തസ്തികകളും 1207 എയ്ഡഡ് സ്‌കൂളുകളില്‍ 2925 തസ്തികളുമാണ് പുതുതായി റിപ്പോര്‍ട്ട് ചെയ്തത്. ഇല്ലാതായ തസ്തികകളില്‍ 2925 എണ്ണവും എയ്ഡഡ് സ്‌കൂളുകളിലാണ്. 1638 എണ്ണം സര്‍ക്കാര്‍ സ്‌കൂളുകളിലും. പുതിയ തസ്തികകള്‍ ഏറ്റവും കൂടുതല്‍ മലപ്പുറം ജില്ലയിലാണ്. ഏറ്റവും കുറവ് പത്തനംതിട്ടയിലും.

ആറായിരത്തിലേറെയെന്ന് പ്രതീക്ഷിച്ച തസ്തികകള്‍ 1442 മാത്രമായി ചുരുങ്ങിയത് ഉദ്യോഗാര്‍ത്ഥികള്‍ക്ക് തിരിച്ചടിയാണ്. പുതിയ തസ്തികകള്‍ സൃഷ്ടിക്കാനുള്ള ശുപാര്‍ശ പൊതുവിദ്യാഭ്യാസ വകുപ്പ് ധനവകുപ്പിന് കൈമാറി. കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ പുതിയ തസ്തികകള്‍ ധനവകുപ്പ് അംഗീകരിക്കാന്‍ വൈകുമോ എന്ന ആശങ്കയുമുണ്ട്. പ്രതിവര്‍ഷം 55 കോടി രൂപയാകും സര്‍ക്കാര്‍ കണ്ടെത്തേണ്ടി വരിക. ഒഴിവുകള്‍ ധനവകുപ്പ് അംഗീകരിച്ച ശേഷമാകും മന്ത്രിസഭയുടെ അംഗീകാരത്തിനായി വിടുക. മന്ത്രിസഭയും അംഗീകരിക്കുന്നതോടെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഒഴിവുള്ള തസ്തികകള്‍ നിയമനത്തിന് പിഎസ്സിക്ക് വിടും. നിലവിലുള്ള അധ്യാപക റാങ്ക് പട്ടികകളുടെ കാലാവധി അവസാനിക്കും മുന്‍പ് പുതിയ തസ്തികുകള്‍ അംഗീകരിച്ചു പിഎസ്സിക്ക് വിട്ടില്ലെങ്കില്‍ ആ പട്ടികള്‍ക്കുള്ളിലുള്ളവരുടെ അവസരം നഷ്ടപ്പെടും. ധനവകുപ്പ് അംഗീകാരം കിട്ടിയാല്‍ നിയമനടപടികള്‍ ഊര്‍ജിതമാക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *