കോഴിക്കോട് വീട്ടിൽ നാലംഗ കുടുംബത്തെ മരിച്ച നിലയിൽ

കോഴിക്കോട് വീട്ടിൽ നാലംഗ കുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറത്തെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ മാനേജർ കോഴിക്കോട് കുറ്റിക്കാട്ടൂർ കാരാട്ടുകുന്നുമ്മൽ മകൻ സബീഷ് , ഭാര്യ ഷീന , മക്കളായ ഹരിഗോവിന്ദ്, ശ്രീവർധൻ എന്നിവരെയാണ് മുണ്ടുപറമ്പ് മൈത്രിനഗറിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

സബീഷും ഷീനയും രണ്ടു മുറികളിലെ ഫാനുകളിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു. സബീഷിന്റെ മൃതദേഹം കണ്ടെത്തിയ മുറിയിലെ കട്ടിലിൽ മരിച്ചു കിടക്കുന്ന നിലയിലായിരുന്നു ശ്രീവർധൻ. ഹരിഗോവിന്ദിന്റെ മൃതദേഹം നിലത്തെ മെത്തയിലായിരുന്നു.

കണ്ണൂർസ്വദേശി നാരായണന്റെ മകളാണ് ഷീന. ഷീനയെ ഫോൺ വിളിച്ചിട്ട് കിട്ടാതായപ്പോൾ ബന്ധുക്കൾ രാത്രി 11ന് പൊലീസിൽ അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് സംഘം വീടിനുള്ളിൽ കയറി പരിശോധിച്ചപ്പോഴാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.

കണ്ണൂരിലെ എസ്ബിഐ ബാങ്കിൽ മാനേജരായി കഴിഞ്ഞ ദിവസമാണ് ഷീന ചുമതലയേറ്റത്. ഹരിഗോവിന്ദ് മലപ്പുറം കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാർഥിയാണ്. മരണത്തിൽ മലപ്പുറം പൊലീസ് അന്വേഷണം ആരംഭിച്ചു. എസ്ഐ വി. ജിഷിലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സംഭവസ്ഥലത്തെത്തി പരിശോധന നടത്തി.

Leave a Reply

Your email address will not be published. Required fields are marked *