സിപിഎം നേതാക്കളുടെ ഇടപെടലുകൾക്കൊണ്ട് വ്യവസായം നടത്താനാകുന്നില്ലെന്ന് സംരംഭകൻ

സിപിഎം നേതാക്കളുടെ ഇടപെടലുകള്‍ക്കൊണ്ട് വ്യവസായം നടത്താനാകുന്നില്ലെന്ന ആരോപണവുമായി സംരംഭകന്‍. ഇടതുസ്ഥാനാര്‍ത്ഥിയായി നിയമസഭയിലെക്ക് രണ്ട് തവണ മത്സരിച്ച എന്‍.എ.മുഹമ്മദ് കുട്ടിയാണ് വ്യവസായ മന്ത്രിയുടെ മണ്ഡലത്തില്‍ വ്യവസായം നടത്താന്‍ പറ്റുന്നില്ലെന്ന ആരോപണവുമായി രംഗത്ത് വന്നത്. ലോജിസ്റ്റിക്‌സ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഫാല്‍ക്കണ്‍ ഇന്‍ഫ്രാസ്ട്രക്‌ചേഴ്‌സ് ലിമിറ്റഡ് എന്ന സ്ഥാപനം നടത്തിക്കൊണ്ട് പോകാന്‍ വ്യവസായമന്ത്രി പി രാജീവും പ്രാദേശിക സിപിഐഎം നേതാക്കളും തടസം നില്‍ക്കുന്നു എന്നാണ് കമ്പനി മാനേജിംഗ് ഡയറക്ടര്‍ എന്‍.എ.മുഹമ്മദ്കുട്ടിയുടെ പരാതി. പൊറുതിമുട്ടിയതോടെ വ്യവസായമന്ത്രി പി.രാജീവിന്റെ പേര് പരാമര്‍ശിച്ച് മുഹമ്മദ് കുട്ടി മരണക്കുറിപ്പെഴുതി.

മന്ത്രി പി.രാജീവിന്റെ മണ്ഡലമായ കളമശേരിയിലാണ് ഫാല്‍ക്കണ്‍ ഇന്‍ഫ്രാസ്ട്രക്‌ചേഴ്‌സ് എന്ന കമ്പനി പ്രവര്‍ത്തിക്കുന്നത്. ലോജിസ്റ്റിക്സ് മേഖലയില്‍ കഴിഞ്ഞ 20 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ഫാല്‍ക്കണ്‍. നിസാര കാര്യങ്ങള്‍ പറഞ്ഞ് കമ്പനിയുടെ പ്രവര്‍ത്തനത്തെ തടസപ്പെടുന്ന നിലപാടാണ് മന്ത്രിയും ഏലൂര്‍ നഗരസഭയും സ്വീകരിച്ചുപോരുന്നത് എന്ന് എന്‍ എ മുഹമ്മദ് കുട്ടി ആരോപിക്കുന്നു. ഈ സാഹചര്യത്തിലാണ് ജീവിതം വഴി മുട്ടിയെന്ന് കാണിച്ച് മന്ത്രി പി.രാജീവിന്റെയും പ്രാദേശിക സിപിഎം നേതാക്കളുടെയും പേരെടുത്ത് പറഞ്ഞാണ് മുഹമ്മദ് കുട്ടി മരണക്കുറിപ്പ് എഴുതിയിട്ടുള്ളത്. ആരോപണത്തെ സാധൂകരിക്കുന്ന തെളിവുകള്‍ കുട്ടനാട് എംഎല്‍എ തോമസ് കെ.തോമസിനെ ഏല്‍പ്പിച്ചുവെന്നും ആറ് പേജുള്ള കുറിപ്പിലുണ്ട്. രണ്ടുവര്‍ഷം മുന്‍പ് അനുമതി വാങ്ങിയിട്ടും വ്യവസായം വിപുലപ്പെടുത്താനുള്ള നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് മന്ത്രിയടക്കം തടസ്സം നി്ല്‍ക്കുന്നുവെന്നാണ് ഇദ്ദേഹത്തിന്റെ പ്രധാന പരാതി.

മാതൃകാപരമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിന്റെ പ്രവര്‍ത്തനം പാര്‍ട്ടിക്ക് നേരിട്ട് പരിശോധിക്കാമെന്നും മുഹമ്മദ് കുട്ടി പറയുന്നു. 2 വെള്ളപ്പൊക്കത്തിലുമായി 43 കോടി രൂപയുടെ നഷ്ടമുണ്ടായി. എന്നിട്ടും സ്ഥാപനത്തിലെ 100 തൊഴിലാളികള്‍ക്കും ആനുകൂല്യങ്ങളൊന്നും മുടങ്ങിയിട്ടില്ല. സ്ഥാപനത്തെ ചുറ്റിപ്പറ്റി 500 പേര്‍ പരോക്ഷമായും തൊഴിലെടുക്കുന്നു. 20 ലക്ഷം രൂപയാണ് ഏലൂര്‍ നഗരസഭയ്ക്ക് ഓരോ വര്‍ഷവും നികുതിയിനത്തില്‍ നല്‍കുന്നത്. എന്നിട്ടും ഉത്തരവുകളിലൂടെ സ്ഥാപനത്തിന്റെ വികസന പ്രവര്‍ത്തനങ്ങളെ തടയുന്നുവെന്നാണ് ആക്ഷേപം.

ഹൈക്കോടതിയില്‍നിന്ന് സ്റ്റേ വാങ്ങിയിട്ടും നിര്‍മാണം തടസ്സപ്പെടുത്തുന്നു. പൊലീസ് സംരക്ഷണം തേടിയിട്ടും ലഭിക്കുന്നില്ലെന്നും കുറിപ്പില്‍ വ്യക്തമാക്കുന്നു. തനിക്കെന്തെങ്കിലും സംഭവിച്ചാല്‍ പി രാജീവ് അടക്കമുള്ളവരായിരിക്കും കുറ്റക്കാരെന്നും നേതാക്കള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്ന ആവശ്യവും കത്തിലുന്നയിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *