ഹോവർ ബോർഡുകളിലും പട്രോളിം​ഗുമായി കൊച്ചി പൊലീസ്

കൊച്ചി: സിറ്റി പോലീസ് വൈകാതെ ഹോവർബോർഡുകളിലും പട്രോളിംഗ് നടത്തും. ഗതാഗതക്കുരുക്ക് ഇല്ലാതെ പട്രോളിംഗ് സാധ്യമാക്കുന്നതിനാണ് ഹോവർബോർഡ്.

രണ്ടു ചക്രങ്ങളും ഒരു ഹാൻഡിലും കയറി നിൽക്കാൻ ഒരു പ്ലാറ്റ്ഫോമും ഇതാണ് ഹോവർ ബോർഡ്. മണിക്കൂറിൽ 15 മുതൽ 18 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ ഇവയ്ക്ക് കഴിയും. ഫുൾ ചാർജ് ഏഴു മണിക്കൂർ വരെ നീണ്ടുനിൽക്കും. ഡിജിറ്റൽ ഡിസ്പ്ലേ, വയർലെസ് റിമോട്ട് കൺട്രോൾ, എൽഇഡി ലൈറ്റുകൾ, സ്പീഡ് കൺട്രോൾ സിസ്റ്റം, ബീക്കൺ ലൈറ്റ്, ചാർജിംഗ് ഉപകരണങ്ങൾ എന്നിവ ഹോവർബോർഡുകളിൽ ഉൾപ്പെടുന്നു. 1.60 ലക്ഷം രൂപ ചെലവ് വരുന്നതാണ് ഈ ഇലക്ട്രിക് ഹോവർബോർഡ്.

കൊച്ചിൻ സ്മാർട്ട് മിഷൻ ലിമിറ്റഡ് കനറാ ബാങ്കുമായി സഹകരിച്ചാണ് ആറ് ഹോവർബോർഡുകൾ സിറ്റി പോലീസിന് കൈമാറുന്നത്. വിദേശരാജ്യങ്ങളിൽ പതിവ് സാന്നിധ്യമായ ഹോവർബോർഡുകൾ ഇന്ത്യയിൽ മുംബൈയിൽ ഉപയോഗിക്കുന്നുണ്ട്. സെൽഫ് ബാലൻസിംഗ് സാധ്യമാകുന്ന ഹോവർബോർഡ് 30 ഡിഗ്രി ചരിവുളള പാതയും അനായാസം മറികടക്കും. കേരള പോലീസ് ആദ്യമായാണ് ഹോവർബോർഡ് ഉപയോഗിക്കുന്നത്. ഇലക്ട്രിക് സ്കൂട്ടറുകളുടെ ഗണത്തിൽ പെടുന്ന ഇവയ്ക്ക് 120KG വരെ ഭാരം വഹിക്കാൻ കഴിയും.

Leave a Reply

Your email address will not be published. Required fields are marked *