ഹൈക്കോടതി വിധിക്ക് പിന്നാലെ പ്രിയ വര്‍ഗീസിന് നിയമനം നല്‍കി കണ്ണൂര്‍ സര്‍വകലാശാല |PRIYA VARGHEESE|

ഹൈക്കോടതി വിധിക്ക് പിന്നാലെ പ്രിയ വര്‍ഗീസിന് നിയമനം നല്‍കി കണ്ണൂര്‍ സര്‍വകലാശാല. അസോഷ്യേറ്റ് പ്രൊഫസര്‍ തസ്തികയിലാണ് നിയമനം നല്‍കിയത്. 15 ദിവസത്തിനകം ചുമതലയേല്‍ക്കണമെന്ന് വെള്ളിയാഴ്ച നല്‍കിയ നിയമന ഉത്തരവില്‍ പറയുന്നു. വെള്ളിയാഴ്ചയാണ് നിയമന ഉത്തരവ് നല്‍കിയതെങ്കിലും ചൊവ്വാഴ്ച്ച രാവിലെയാണ് ഉത്തരവിലെ വിശദാംശങ്ങള്‍ പുറത്ത് വന്നത്. കണ്ണൂര്‍ സര്‍വകലാശാല അസോഷ്യേറ്റ് പ്രഫസര്‍ നിയമനത്തില്‍ റാങ്ക് ലിസ്റ്റ് പുനഃപരിശോധിക്കണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ജൂണ്‍ 22 ന് റദ്ദാക്കിയിരുന്നു. യോഗ്യത കണക്കാക്കുന്നതില്‍ സിംഗിള്‍ ബെഞ്ചിന് തെറ്റുപറ്റിയെന്ന പ്രിയാ വര്‍ഗീസിന്റെ വാദം ഡിവിഷന്‍ ബെഞ്ച് അംഗീകരിക്കുകയായിരുന്നു.

ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് കണ്ണൂര്‍ സര്‍വ്വകലാശാല പ്രിയാ വര്‍ഗിസിന് നിയമന ഉത്തരവ് നല്‍കിയത്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്റെ ഭാര്യയാണ് പ്രിയ വര്‍ഗീസ്. പ്രിയയ്ക്ക് സര്‍വകലാശാലയില്‍ നിയമനം നല്‍കിയത് ഏറെ വിവാദമായിരുന്നു. പ്രിയയ്ക്ക് വേണ്ടത്ര അധ്യാപന പരിചയമില്ലെന്ന് കണ്ടെത്തിയായിരുന്നു സിംഗിള്‍ ബെഞ്ച് നിയമന പട്ടിക പരിശോധിക്കണമെന്ന് ഉത്തരവിട്ടത്. ഇതിനെതിരെയാണ് പ്രിയ ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്. കണ്ണൂര്‍ സര്‍വകലാശാല ഫാക്കല്‍റ്റി ഡെവലപ്‌മെന്റ് പ്രോഗ്രാമിന്റെ കീഴില്‍ ഗവേഷണം ചെയ്ത കാലം, ഡെപ്യൂട്ടേഷനില്‍ സര്‍വകലാശാല സ്റ്റുഡന്റ്‌സ് സര്‍വീസ് ഡയറക്ടറും എന്‍എസ്എസ് കോര്‍ഡിനേറ്ററും ആയിരുന്ന കാലം, കണ്ണൂര്‍ സര്‍വകലാശാലയിലെ ടീച്ചര്‍ എജ്യുക്കേഷന്‍ സെന്ററില്‍ കരാര്‍ അടിസ്ഥാനത്തില്‍ ലക്ചറര്‍ ആയിരുന്ന കാലം എന്നിവ അധ്യാപന പരിചയമായി പരിഗണിക്കണമെന്നായിരുന്നു പ്രിയയുടെ വാദം. ഡിവിഷന്‍ ബെഞ്ച് തീരുമാനത്തിനെതിരെ സുപ്രീംകോടതിയെ സമീപിക്കാനുള്ള ഒരുക്കത്തിലാണ് റാങ്ക് പട്ടികയിലെ രണ്ടാമനും ഹര്‍ജിക്കാരനുമായ ഡോ. ജോസഫ് സ്‌കറിയ.

Leave a Reply

Your email address will not be published. Required fields are marked *