ഹര്‍ദ്ദിക്കിന്റെ പ്രവര്‍ത്തിയെ വിമര്‍ശിച്ച് ആരാധകര്‍

മൂന്നാം ടി20യില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്ത്യ ജയിച്ചെങ്കിലും, ക്യാപ്റ്റന്‍ ഹര്‍ദ്ദിക്ക് പാണ്ഡ്യക്കെതിരായുളള ആരാധകരുടെ വിമര്‍ശനം കൂടി വരികയാണ്. ക്യാപ്റ്റന്‍സിയിലും പെരുമാറ്റത്തിലുമെല്ലാം ധോണിയാവാന്‍ ശ്രമിക്കുന്ന പാണ്ഡ്യ സിക്‌സ് അടിച്ച് ഫിനിഷ് ചെയ്യുന്നതിലും ധോണി സ്‌റ്റൈല്‍ ആവര്‍ത്തിച്ചെങ്കിലും ആരാധകര്‍ക്ക് അത് തീരെ പിടിച്ചിട്ടില്ല. ജയത്തിലേക്ക് രണ്ട് റണ്‍സ് വേണ്ടപ്പോള്‍ 49 റണ്‍സുമായി പുറത്താകാതെ നിന്ന യുവതാരം തിലക് വര്‍മക്ക് ഫിഫ്റ്റി അടിക്കാന്‍ അവസരം നല്‍കാതെ സിക്‌സ് അടിച്ച് പാണ്ഡ്യ ഫിനിഷ് ചെയ്തതിനെ, 2014 ലെ ടി20 മത്സരത്തില്‍ ധോണി ചെയ്തത് ചൂണ്ടിക്കാട്ടുകയാണ് ആരാധകര്‍.

2014 ല്‍ ദക്ഷിണാഫ്രിക്കക്കെതിരെ നടന്ന ടി20 മത്സരത്തില്‍, ധോണി വിജയ റണ്‍ എടുക്കാതെ കോലിയെക്കൊണ്ട് കളി ഫിനിഷ് ചെയ്യിപ്പിക്കുകയായിരുന്നു. ആ മത്സരത്തില്‍ ജയിക്കാന്‍ ഒരു റണ്‍സ് മാത്രം വേണ്ടപ്പോള്‍ പത്തൊമ്പതാം ഓവറില്‍ പ്രതിരോധിച്ചു നിന്ന ധോണി ആ മത്സരത്തില്‍ 43 പന്തില്‍ 68 റണ്‍സുമായി ടീമിന്റെ ജയത്തിലേക്ക് നിര്‍ണായക സംഭാവന നല്‍കിയ കോലിക്ക് കളി ഫിനിഷ് ചെയ്യാന്‍ അവസരം നല്‍കുകയായിരുന്നു. ദക്ഷിണാഫ്രിക്കയ ഉയര്‍ത്തിയ 173 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റു വീശുമ്പോഴായിരുന്നു യുവതാരങ്ങളെ എങ്ങനെയാണ് ഒരു ക്യാപ്റ്റന്‍ പ്രോത്സാഹിപ്പിക്കേണ്ടത് എന്നതിന് മാതൃകയായത്.

എന്നാല്‍ തന്റെ മൂന്നാമത്തെ മാത്രം രാജ്യാന്തര മത്സരം കളിക്കുന്ന തിലകിന് ഒരു ഫിഫ്റ്റി അടിക്കാന്‍ അവസരം നല്‍കിയാലും കളിയുടെ ഫലത്തില്‍ മാറ്റമൊന്നും വരുല്ലിന്നിരിക്കെ 14 പന്തുകളില്‍ രണ്ട് റണ്‍സ് മാത്രം വേണ്ടപ്പോഴായിരുന്നു പാണ്ഡ്യ സിക്‌സ് അടിച്ച് കളി ഫിനിഷ് ചെയ്തത്. വിന്‍ഡീസിനെതിരായ മൂന്നാം ടി20യില്‍ ഇന്ത്യയുടെ ജയത്തില്‍ നിര്‍ണായക സംഭാവന നല്‍കിയത് സൂര്യകുമാര്‍ യാദവും തിലക് വര്‍മയുമായിയരുന്നു.

തിലക് തന്റെ തുടര്‍ച്ചയായ രണ്ടാം ഫിഫ്റ്റിക്ക് തൊട്ടരികെ നില്‍ക്കുമ്പോള്‍ ആ സിക്‌സിന്റെ ആവശ്യമില്ലായിരുന്നുവെന്നും സിംഗിളെടുത്താല്‍ അടുത്ത പന്തില്‍ തിലകിന് ഫിഫ്റ്റിയും ടീമിന്റെ ജയവും പൂര്‍ത്തിയാവുമായിരുന്നുവെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു. തിലക് തുടര്‍ച്ചയായി രണ്ടാം അര്‍ധസെഞ്ചുറി നേടുന്നത് തടയുക എന്നതായിരുന്നു പാണ്ഡ്യയുടെ ലക്ഷ്യമെന്നും ക്യാപ്റ്റന്‍ ഇത്രയും സ്വാര്‍ത്ഥനാവരുതെന്നും ചില ആരാധകര്‍ ട്വിറ്ററില്‍ കുറിച്ചു. അതിവേഗം ജയിച്ച് നെറ്റ് റണ്‍ റേറ്റ് മെച്ചപ്പെടുത്തേണ്ട യാതൊരു സാഹചര്യവും ഇല്ലാതിരിക്കെയാണ് പാണ്ഡ്യയുടെ ഷോ എന്നും ആരാധകര്‍ പറയുന്നു.

സൂര്യ പുറത്തായപ്പോള്‍ വിജയം ഉറപ്പായിരിക്കെ ഫിനിഷ് ചെയ്യാനായി പാണ്ഡ്യ തന്നെ ഇറങ്ങിയതിനെയും ആരാധകര്‍ വിമര്‍ശിക്കുന്നുണ്ട്. ഫോമിലാവാതിരുന്ന മറ്റ് ബാറ്റര്‍മാര്‍കക് അവസരം നല്‍കി കുറച്ചു നേരം ക്രീസില്‍ നല്‍കാന്‍ സമയം നല്‍കാതെ ആളാവാനാണ് പാണ്ഡ്യ തന്നെ ഇറങ്ങിയതെന്നാണ് മറ്റൊരു ആരോപണം.

ക്യാപ്റ്റന്‍സിയിലും പെരുമാറ്റത്തിലുമെല്ലാം ധോണിയെപ്പോലെയാവാന്‍ ശ്രമിക്കുന്ന പാണ്ഡ്യ, ആദ്യം ധോണി സഹതാരങ്ങളെ എങ്ങനെയാണ് വളര്‍ത്തിക്കൊണ്ടുവരുന്നതെന്ന് കണ്ടുപഠിക്കണമെന്നാണ് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്. ഒരു യഥാര്‍ത്ഥ നായകനും വെറും ക്യാപ്റ്റനും തമ്മിലുള്ള വ്യത്യാസമാണ് ഹര്‍ദ്ദിക്കിന്റെ പ്രവര്‍ത്തിയെന്നാണ് ആരാധകര്‍ പങ്കുവയ്ക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *