സർവകലാശാലകളിൽ പെൺകുട്ടികളെ വിലക്കി താലിബാൻ; അപലപിച്ച് ലോകരാജ്യങ്ങൾ

ടെഹ്റാൻ: അഫ്ഗാനിസ്ഥാനിലെ സർവകാലാശാലകളിൽ പെൺകുട്ടികൾക്ക് വിലക്ക് ഏർപ്പെടുത്തി താലിബാൻ ഭരണകൂടം. സ്വകാര്യ, സർക്കാർ സർവകലാശാലകൾ വിലക്ക് ഉടൻ നടപ്പാക്കണമെന്ന് താലിബാൻ അന്ത്യശാസനം നൽകി.

സർവകലാശാലകളിൽ നിലവിൽ പഠിക്കുന്ന പെൺകുട്ടികളെ പുറത്താക്കാനും ഉത്തരവുണ്ട്. ഉന്നത വിദ്യാഭ്യാസ മന്ത്രി നേദ മുഹമ്മദ് നദീമാണ് ഇത് സംബന്ധിച്ച നിർദേശം നൽകിയത്. വിദ്യാഭ്യാസ മന്ത്രാലയ വക്താവ് ഇക്കാര്യം എഎഫ്പിയ്ക്കയച്ച ട്വീറ്റിലും സ്ഥിരീകരിച്ചു. ആയിരക്കണക്കിന് പെണ‍്കുട്ടികൾ സർവകലാശാലാ പ്രവേശന പരീക്ഷയെഴുതി മൂന്ന് മാസം പോലും തികയും മുമ്പാണ് ഈ നടപടി എന്നതും ശ്രദ്ധേയമാണ്. അധ്യാപനം വൈദ്യ വൃത്തി തുടങ്ങിയവയിലേക്ക് തിരിയാൻ കാത്തിരുന്ന പെൺകുട്ടികളുടെ സ്വപ്നത്തിന്റെ കടയ്ക്കലാണ് അധികൃതർ കത്തി വച്ചിരിക്കുന്നത്.

രാജ്യത്തിന്റെ ഭരണം താലിബാൻ ഏറ്റെടുത്ത ശേഷം വിദ്യാഭ്യാസ രം​ഗത്ത് പല ലിം​ഗ വിവേചന നടപടികളും അവർ സ്വീകരിച്ചിരുന്നു. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ക്ലാസ്മുറികൾ മുതൽ വിദ്യാർത്ഥിനികളെ പഠിപ്പിക്കാൻ സ്ത്രീകളെയോ പ്രായമായ പുരുഷൻമാരെയോ നിയോ​ഗിക്കുന്നത് അടക്കമുള്ള നടപടികളാണ് താലിബാൻ കൈക്കൊണ്ടത്. കൗമാരപ്രായത്തിലുള്ള കുട്ടികളുടെ സെക്കൻഡറി വിദ്യാഭ്യാസത്തിന് നേരത്തെ തന്നെ വിലക്കേർപ്പെടുത്തിയിരുന്നു. ഇതോടെ സർവകലാശാല തലത്തിലേക്ക് എത്തുന്ന പെൺകുട്ടികളുടെ എണ്ണത്തിൽ വൻതോതിൽ കുറവുണ്ടായിരുന്നു.

താലിബാൻ അധികാരത്തിൽ എത്തിയതോടെ സർക്കാർ ഉദ്യോ​ഗങ്ങളിൽ നിന്ന് വൻതോതിൽസ്ത്രീകളെ ഒഴിവാക്കുകയും വേതനം വെട്ടിക്കുറയ്ക്കുകയും ചെയ്തിരുന്നു. സ്ത്രീകളെ വീട്ടിൽ തന്നെ തളച്ചിടുക എന്ന ലക്ഷ്യം മുന്നിൽ കണ്ടായിരുന്നു ഈ നടപടി. ബന്ധുവായ പുരുഷനൊപ്പമല്ലാതെ സ്ത്രീകൾ വീടിന് പുറത്ത് ഇറങ്ങുന്നതും വിലക്കി. ശരീരം മുഴുവൻ മൂടുന്ന വിധത്തിലുള്ള വസ്ത്രം ധരിക്കണമെന്ന നിബന്ധനയും കൊണ്ടു വന്നു. സ്ത്രീകൾ പാർക്കുകളിലും ബീച്ചുകളിലും ജിമ്മുകളിലും മറ്റും പോകുന്നതിനും നീന്തൽക്കുളത്തിൽ കുളിക്കുന്നതിനുമടക്കം കഴിഞ്ഞ മാസം നിരോധനം ഏർപ്പെടുത്തി.

സെക്കൻഡറി വിദ്യാഭ്യാസത്തിന് വിലക്ക് വന്നതോടെ മിക്ക പെൺകുട്ടികളെയും മാതാപിതാക്കൾ വിവാഹം ചെയ്തയക്കാൻ തുടങ്ങി. കുട്ടികൾ വെറുതെ വീട്ടിലിരിക്കുന്നതിനെക്കാൾ നല്ലത് വിവാഹം കഴിച്ച് അയക്കുന്നതല്ലേ എന്നാണ് ഇവരുടെ ചോദ്യം. ഇത് വഴി അവരുടെ ഭാവി സുരക്ഷിതമാക്കാനാണ് തങ്ങൾ ഉദ്ദേശിക്കുന്നതെന്നും മാതാപിതാക്കൾ പറയുന്നു. പലപ്പോഴും പെൺകുട്ടികളെക്കാൾ ഏറെ പ്രായമുള്ളവരെയാണ് ഇവർക്ക് ഭർത്താക്കൻമാരായി കണ്ടെത്തുന്നത്.

വിദ്യാർത്ഥിനികളെ സർവകലാശാലയിൽ നിന്ന് വിലക്കിയ നടപടിയെ ഐക്യരാഷ്ട്രസഭയും അമേരിക്കയും, ബ്രിട്ടനും ശക്തമായി അപലപിച്ചു. ഇത്തരത്തിലുള്ള നടപടി ലോകരാഷ്ട്രങ്ങൾക്കിയിൽ അഫ്ഗാനെ ഒറ്റപ്പെടുത്തുമെന്ന് അമേരിക്കയിലെ യുഎൻ അംബാസഡർ റോബർട്ട് വുഡ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *