സർക്കാർ വിരുദ്ധ പ്രക്ഷോഭം ശക്തമാക്കാൻ കോൺ​ഗ്രസ് തീരുമാനം

തിരുവനന്തപുരം: സർക്കാർ വിരുദ്ധ പ്രക്ഷോഭം ശക്തമാക്കാൻ കോൺ​ഗ്രസ് തീരുമാനം. ഇതിന്റെ ഭാ​ഗമായി അരലക്ഷം പേരുമായി സെക്രട്ടേറിയറ്റ് വളയൽ സംഘടിപ്പിക്കാനും കെപിസിസി നേതൃത്വ യോ​ഗം തീരുമാനിച്ചു.

സർക്കാരിനെതിരെ കോൺഗ്രസ് നടത്തി വരുന്ന പൗരവിചാരണയുടെ മൂന്നാം ഘട്ടമായി അരലക്ഷം പേർ പങ്കെടുക്കുന്ന സെക്രട്ടേറിയറ്റ് വളയൽ സമരം ജനുവരി അവസാന വാരം സംഘടിപ്പിക്കാൻ കെപിസിസി നേതൃത്വയോഗം തീരുമാനിച്ചു. ജനവിരുദ്ധ ഭരണത്തിനെതിരായ ഏറ്റവും ശക്തമായ പ്രതിഷേധത്തിന്റെ മുഖമായിരിക്കും ഈ സമരമെന്നു കെപിസിസി വ്യക്തമാക്കി.

കോൺഗ്രസിന്റെ 138–ാം ജന്മവാർഷിക ഭാഗമായി ഈ മാസം 28ന് മണ്ഡലം തലത്തിൽ മതനിരപേക്ഷ സദസ്സുകളും ജന്മദിന റാലികളും നടത്തും. ഭാരത് ജോഡോ യാത്രയുടെ തുടർച്ചയായി എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിൽ സംസ്ഥാന തലസ്ഥാനത്തു നടക്കുന്ന മഹിളാ മാർച്ച് വിജയമാക്കാനും യോഗം തീരുമാനിച്ചു. ജോഡോ യാത്രയുടെ സന്ദേശം കൂടുതൽ പേരിൽ എത്തിക്കാൻ ‘ഹാഥ് സെ ഹാഥ് ജോഡോ അഭിയാൻ’ എന്ന പേരിൽ ബ്ലോക്ക് – മണ്ഡലം – ബൂത്ത് തലങ്ങളിൽ പദയാത്രകൾ സംഘടിപ്പിക്കും.

കേരളത്തിലെ യാത്രാനുഭവത്തിന്റെ നേർചിത്രം രേഖപ്പെടുത്തുന്ന ഫോട്ടോ പ്രദർശനം സംഘടിപ്പിക്കും. പൗര വിചാരണ സമരത്തിന്റെ ഭാഗമായി ബ്ലോക്ക് തലത്തിൽ സംഘടിപ്പിക്കുന്ന വാഹന ജാഥകൾ ഡിസംബർ 30ന് അകം പൂർത്തിയാക്കാനും യോഗം തീരുമാനിച്ചു. സമര പരമ്പരകളുടെ തുടർച്ചയായി 1000 കേന്ദ്രങ്ങളിൽ വിശദീകരണ യോഗങ്ങൾ ജനുവരി 15ന് അകം പൂർത്തീകരിക്കും.

ഡിസിസി, ബ്ലോക്ക്, മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ അഴിച്ചുപണി മൂന്നു മാസത്തിനകം പൂർത്തീകരിക്കാനും കെപിസിസി നേതൃത്വയോഗം തീരുമാനിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ തയാറെടുപ്പിനായി താഴെത്തട്ടിൽ പാർട്ടിയുടെ പോരായ്മകൾ തീർത്തേ പറ്റൂവെന്ന വികാരമാണു യോഗത്തിൽ ഉണ്ടായത്.

പുനഃസംഘടനാ പ്രക്രിയ എങ്ങനെ വേണമെന്നു കെപിസിസി പ്രസിഡന്റ് കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും കൂടിയാലോചന നടത്തി തീരുമാനിക്കും. 137 ചാലഞ്ചുമായി ബന്ധപ്പെട്ട കുറവുകൾ പരിഹരിച്ച് 138 ചാലഞ്ച് എന്ന ഫണ്ട് സമാഹരണ പരിപാടി ആരംഭിക്കും.

മാസത്തിൽ ഒരിക്കൽ കെപിസിസി ഭാരവാഹികളുടെ യോഗം നിർബന്ധമായും ചേരും. ഇക്കാര്യത്തിലെ അലംഭാവം ഇനി അനുവദിക്കില്ലെന്നു കെ.സുധാകരൻ വ്യക്തമാക്കി. കെപിസിസി നിർവാഹകസമിതി യോഗം ജനുവരി 12 ന് ചേരും.

Leave a Reply

Your email address will not be published. Required fields are marked *