സ്വർണക്കടത്തു കേസിൽ യാതൊരു ഒത്തുതീർപ്പിനും വഴങ്ങില്ലെന്ന് പ്രതി സ്വപ്ന സുരേഷ്

സ്വർണക്കടത്തു കേസിൽ യാതൊരു ഒത്തുതീർപ്പിനും വഴങ്ങില്ലെന്ന് പ്രതി സ്വപ്ന സുരേഷ്. ആരോപണം പിൻവലിച്ച് മാപ്പു പറഞ്ഞാൽ കള്ളപാസ്പോർട്ടിൽ മലേഷ്യയിലേക്കോ യുകെയിലേക്കോ കടത്താമെന്നു വാഗ്ദാനം ലഭിച്ചതായും സ്വപ്ന.

ഫെയ്സ്ബുക് ലൈവിലൂടെ മുഖ്യമന്ത്രിക്കും കുടുംബത്തിനും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനുമെതിരെ കടുത്ത ആരോപണം ഉന്നയിച്ച സ്വപ്ന, ആരോപണം പിൻവലിക്കുന്നതിന് 30 കോടി രൂപ വാഗ്ദാനം ചെയ്ത ഇടനിലക്കാരനെപ്പറ്റിയും വെളിപ്പെടുത്തി.കുടുംബത്തോടൊപ്പം രാജസ്ഥാനിലെ ജയ്പുരിലോ ഹരിയാനയിലോ പോയി താമസിക്കാൻ ഫ്ലാറ്റ് ഒരുക്കാമെന്നും ഒരു മാസം കഴിഞ്ഞ് കള്ളപാസ്പോർട്ട് വഴി മലേഷ്യയിലോ യുകെയിലോ പോയി മറ്റൊരാളായി ജീവിക്കാൻ സൗകര്യമൊരുക്കാമെന്നും തനിക്കു വാഗ്ദാനം ലഭിച്ചതായി സ്വപ്ന സുരേഷ് പറയുന്നു. വഴങ്ങിയില്ലെങ്കിൽ നോട്ടോ ലഹരിമരുന്നോ ബാഗിൽ വച്ചു കള്ളക്കേസിൽ കുടുക്കാൻ എളുപ്പമാണെന്നും 3 വർഷം ജയിലിൽ അയയ്ക്കാൻ അതുമതിയെന്നും ഭീഷണിപ്പെടുത്തി.

‘ആക്‌ഷൻ’ എന്ന ഒടിടി പ്ലാറ്റ്ഫോമിന്റെ സിഇഒ എന്ന നിലയിൽ വാട്സാപ് ചാറ്റിൽ പരിചയപ്പെടുത്തിയാണ് വിജേഷ് പിള്ള ബെംഗളൂരുവിലെ ഹോട്ടലിൽ 3 ദിവസം മുൻപു കാണാനെത്തിയത്. മുഖ്യമന്ത്രിക്കും ഭാര്യയ്ക്കും മകൾക്കുമെതിരെയുള്ള എല്ലാ തെളിവുകളും കൈമാറണമെന്ന് ആവശ്യപ്പെട്ടു. ആരോപണങ്ങളെല്ലാം കള്ളമായിരുന്നെന്നു പറഞ്ഞ് അവ പിൻവലിച്ചു മാപ്പുപറയണമെന്നും നിർദേശിച്ചു. ആരുചോദിച്ചാലും നിയമസഹായം നൽകുന്നതിനാണ് താനെത്തിയതെന്നു പറയണമെന്നും നിർദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *