സ്വവര്‍ഗാനുരാഗിയായത് കൊണ്ട് തനിക്ക് ജഡ്ജിയായി സ്ഥാനക്കയറ്റം ലഭിക്കുന്നില്ലെന്ന ആരോപണവുമായി അഭിഭാഷകന്‍ രംഗത്ത്

ന്യൂഡല്‍ഹി: സ്വവര്‍ഗാനുരാഗിയായതിനാല്‍ സ്ഥാനക്കയറ്റം തടഞ്ഞതായി ആരോപണം ഉയര്‍ത്തി അഭിഭാഷകന്‍ രംഗത്ത്. മുതിര്‍ന്ന അഭിഭാഷകന്‍ സൗരഭ്കൃപാലാണ് ആരോപണമുയര്‍ത്തിരിക്കുന്നത്. 2017ല്‍ തന്നെ ഹൈക്കോടതി ജഡ്ജിയായി നിയമിക്കപ്പെടേണ്ട ആളായിരുന്നു. ഇതിന് പിന്നില്‍ ലിംഗ വിവേചനമാണെന്ന ആരോപണമാണ് അദ്ദേഹം ഉയര്‍ത്തുന്നത്.

സര്‍ക്കാര്‍ നിയപാലകരെ നിയോഗിക്കാന്‍ ശ്രമിക്കുന്നത് സുപ്രീം കോടതി നിരാകരിച്ച സാഹചര്യത്തിലും ജഡ്ജി നിയമന രീതി സംബന്ധിച്ച ചര്‍ച്ചകള്‍ ചൂട് പിടിച്ചിരിക്കുന്ന സമയത്തുമാണ് ഈ ആരോപണം എന്നതും ശ്രദ്ധേയമാണ്. കൊളീജിയം എന്ന് വിളിക്കുന്ന മുതിര്‍ന്ന ജഡ്ജിമാരുടെ സംഘമാണ് പുതിയ ജഡ്ജിമാരെ തെരഞ്ഞെടുക്കുന്നത്.

ഒരു സ്വവര്‍ഗാനുരാഗിയെ ജഡ്ജിയാക്കാന്‍ സര്‍ക്കാരിന് താത്പര്യം ഉണ്ടാകില്ലെന്നും അന്‍പതുകാരനായ കൃപാല്‍ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി. രാജ്യത്ത് സ്വവര്‍ഗാനുരാഗം കുറ്റകരമല്ലാതാക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രക്ഷോഭങ്ങളുടെ മുന്നണി പോരാളിയാണ് ഇദ്ദേഹം. അതേസമയം തന്നെ ജഡ്ജിയായി നിയമിക്കാത്തതിന്റെ കാരണങ്ങള്‍ കൊളിജീയം വ്യക്തമാക്കിയിട്ടില്ല.

കൃപാലിനെ ജഡ്ജിയായി നിയമിക്കണമെന്ന ശുപാര്‍ശയില്‍ സര്‍ക്കാര്‍ അഞ്ച് വര്‍ഷമായി അടയിരിക്കുകയാമ്. അതു കൊണ്ട് തന്നെ രാജ്യത്തെ ആദ്യ സ്വവര്‍ഗാനുരാഗിയായ ജഡ്ജിയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പും നീളുന്നു.

ഡല്‍ഹി ഹൈക്കോടതിയാണ് ആദ്യം അദ്ദേഹത്തെ നാമനിര്‍ദ്ദേശം ചെയ്തത്. എന്നാല്‍ അദ്ദേഹത്തിന്റെ പശ്ചാത്തലം പരിശോധിച്ചപ്പോള്‍ നിര്‍ദ്ദേശം തള്ളുകയായിരുന്നു. യൂറോപ്യനായ ജീവിത പങ്കാളി സുരക്ഷാ വെല്ലുവിളി ഉയര്‍ത്തുന്നു എന്നാണ് കാരണം പറഞ്ഞത്.

2019നും 2020നുമിടയില്‍ സുപ്രീം കോടതി മൂന്ന് തവണ അന്തിമ തീരുമാനം മാറ്റുകയായിരുന്നു. സര്‍ക്കാരിന്റെ എതിര്‍പ്പുകളെ മറികടന്ന് 2021 നവംബറില്‍ സുപ്രീം കോടതിയുടെ അന്നത്തെ കൊളീജിയം തലവനായിരുന്ന ചീഫ് ജസ്റ്റിസ് എന്‍ വി രമണ കൃപാലിന്റെ നിയമനത്തിന് അനുമതി നല്‍കി. എന്നാല്‍ സര്‍ക്കാര്‍ ഈ പ്രഖ്യാപനം നടത്തിയില്ല. ഇതില്‍ കഴിഞ്ഞാഴ്ചയും കോടതി അതൃപ്തി അറിയിച്ചു.

വിരമിച്ച കൊളീജിയം മേധാവിമാരുടെ ശുപാര്‍ശ പോലും അംഗീകരിക്കാത്ത നടപടി ഉള്‍ക്കൊള്ളാനാകില്ലെന്നായിരുന്നു കോടതിയുടെ പ്രതികരണം.

കൊളീജിയം സംവിധാനത്തെക്കുറിച്ച് ഇപ്പോള്‍ ഉയര്‍ന്നിട്ടുള്ള ചര്‍ച്ചകളില്‍ തനിക്ക് ആശങ്ക ഉണ്ടെന്ന് കൃപാല്‍ വ്യക്തമാക്കി. അതേസമയം കൊളിജിയം സംവിധാനം കുറ്റമറ്റതാണെന്നും താന്‍ കരുതുന്നില്ല. ഇതിന് പല പോരായ്മകളുമുണ്ട്. അവ പരിഹരിക്കണം. നിയമനങ്ങളില്‍ സര്‍ക്കാരിനും തീര്‍ച്ചയായും ഇടപെടാനാകണം.

കൊളീജിയമോ സര്‍ക്കാരോ തന്നില്‍ നിന്ന് ഒരിക്കല്‍ പോലും അഭിപ്രായം തേടിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ നിയമന നിരോധനത്തിന് കാരണം തന്റെ പങ്കാളിയാണെന്ന് താന്‍ കേട്ടതായും അദ്ദേഹം വെളിപ്പെടുത്തി. അദ്ദേഹം ഒരു മനുഷ്യാവകാശ പ്രവര്‍ത്തകനാണെന്ന പേരിലാണ് നിയമനത്തിന് അംഗീകാരം നല്‍കാത്തത് എന്നാണ് കേള്‍ക്കുന്നത്. ശരിക്കും അദ്ദേഹം എംബസിയിലെ ഒരു ഉദ്യോഗസ്ഥനാണ്. അവിടുത്തെ വിസ ഓഫീസറായ അദ്ദേഹം മനുഷ്യാവകാശവുമായി ബന്ധപ്പെട്ട് ഒന്നും ചെയ്യുന്നില്ല. എന്നാല്‍ എന്നെ ആരും ബന്ധപ്പെട്ടിട്ടില്ലാത്തതിനാല്‍ ഇക്കാര്യങ്ങളിലെ അവ്യക്തത നീക്കിയിട്ടുമില്ല.

സര്‍ക്കാരിന്റെ സ്വവര്‍ഗാനുരാഗ കാഴ്ചപ്പാടുകള്‍ കാലഹരണപ്പെട്ടതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *