സ്വര്‍ണക്കടത്തും ലൈഫ് മിഷനും ആരോപണങ്ങളുന്നയിച്ച അമിത് ഷാ നരേന്ദ്രമോദിയുടെ വികസന നേട്ടങ്ങള്‍ അക്കമിട്ട് തൃശൂരില്‍

തൃശൂർ: തൃശൂരില്‍ സംഘടിപ്പിച്ച ‘ജനശക്തി റാലി’ യെ അമിത്ഷാ അഭിസംബോധന ചെയ്തു. സ്വര്‍ണക്കടത്തും ലൈഫ് മിഷനും ആരോപണങ്ങളുന്നയിച്ച അമിത് ഷാ നരേന്ദ്രമോദിയുടെ വികസന നേട്ടങ്ങള്‍ അക്കമിട്ട് നിരത്തിയായിരുന്നു പ്രസംഗിച്ചത്. ‘തൃശൂരിനെ എനിക്ക് വേണമെന്ന്’ സുരേഷ്‌ഗോപി ആവര്‍ത്തിച്ചു. കണ്ണൂരിലായാലും മല്‍സരിക്കാന്‍ തയ്യാറെന്നും സുരേഷ് ഗോപി പറഞ്ഞു.

ലൈഫ് മിഷന്‍ അഴിമതി കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി തന്നെ അറസ്റ്റിലായി. ഇനിയെങ്കിലും ഇത് സംബന്ധിച്ച് മുഖ്യമന്ത്രി തുറന്ന് പറയണമെന്ന് അമിത് ഷാ പറഞ്ഞു. സ്വര്‍ണക്കടത്ത് കേസ് അങ്ങനെ വിട്ടു പോകില്ല. 2024ലെ തെരഞ്ഞെടുപ്പില്‍ ജനങ്ങളുടെ ചോദ്യമുയരും അതിന് ഉത്തരം നല്‍കേണ്ടി വരുമെന്നും അമിത് ഷാ ഓര്‍മിപ്പിച്ചു. ജനശക്തി റാലി 2024 ലോകസഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ തുടക്കമാണ്. കമ്മ്യൂണിസം ലോകം തന്നെ നിരാകരിച്ച ആശയമാണ്. കോണ്‍ഗ്രസിനെ രാജ്യവും പുറം തള്ളി. കേരളത്തിലെ ജനങ്ങളോട് മോദിക്ക് അവസരം നല്‍കൂ എന്നാണ് ആവശ്യപ്പെടാനുള്ളത്. പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചതും നേട്ടമായി അമിത്ഷാ ചൂണ്ടിക്കാട്ടി. എന്നാല്‍ കേണ്‍ഗ്രസും സിപിഎമ്മും സ്വാഗതം ചെയ്തില്ലെന്നും അമിത് ഷാ കുറ്റപ്പെടുത്തി.

അമിത് ഷാക്ക് മുമ്പ് പ്രസംഗിച്ച സുരേഷ് ഗോപി കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് ഏറെ ചര്‍ച്ചയായി മാറിയ തൃശ്ശൂര്‍ എനിക്ക് വേണമെന്ന അതേ വാചകങ്ങള്‍ ആവര്‍ത്തിച്ചു. തൃശൂരില്‍ മല്‍സരിക്കാന്‍ തയ്യാറാണെന്നും കണ്ണൂരിലായാലും മല്‍സരിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.

2024ലെ തിരഞ്ഞെടുപ്പു പ്രവര്‍ത്തനത്തിനു മുന്നോടിയായാണ് അമിത് ഷാ തൃശൂരിലെത്തിയത്. ഉച്ചയോടെ നെടുമ്പാശേരിയിലെത്തിയ അമിത് ഷാ തുടര്‍ന്ന് ഹെലികോപ്റ്റര്‍ മാര്‍ഗം തൃശൂരിലെത്തി. ശക്തന്‍ തമ്പുരാന്‍ സ്മാരകത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷം ജോയ്‌സ് പാലസ് ഹോട്ടലില്‍ നടന്ന പാര്‍ലമെന്റ് മണ്ഡലം നേതൃയോഗത്തില്‍ അദ്ദേഹം പങ്കെടുത്തു. തുടര്‍ന്ന് വടക്കുന്നാഥ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. അതിനു ശേഷമാണ് തേക്കിന്‍കാട്ടിലെ പൊതുയോഗത്തില്‍ ജനങ്ങളെ അഭിസംബോധന ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *