സ്വപ്ന സുരേഷുമായി ചാറ്റ് ചെയ്തിട്ടില്ലെന്നും ചാറ്റുകൾ വ്യാജമാണെന്നും മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രൻ

കൊച്ചി: സ്വപ്ന സുരേഷുമായി ചാറ്റ് ചെയ്തിട്ടില്ലെന്നും ചാറ്റുകൾ വ്യാജമാണെന്നും മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രൻ ഇ ഡിക്ക് മൊഴി നൽകി. സ്വപ്നയുമായുള്ളത് ഔദ്യോഗിക ബന്ധം മാത്രമാണെന്നും അടുത്തിടപഴകാൻ സ്വപ്‌ന മനപ്പൂർവ്വം ശ്രമിച്ചതായി തോന്നിയിരുന്നെന്നും രവീന്ദ്രൻ മൊഴി നൽകി. പുറത്തുവന്ന ചാറ്റുകൾ താൻ അയച്ചതല്ല.ഫോണിൽ ക്യത്രിമം നടത്തി വ്യാജമായി നിർമ്മിച്ചതാകുമെന്നും രവീന്ദ്രൻ ചോദ്യം ചെയ്യലിൽ പറഞ്ഞതായാണ് വിവരം.

ലൈഫ് മിഷൻ കോഴക്കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ ശിവശങ്കറിന് അറിയാമെന്ന് സി എം രവീന്ദ്രൻ ഇഡി ക്ക് മൊഴി നൽകി. രവീന്ദ്രനെ ഇന്നലെ രാവിലെ ഒമ്പതര മുതൽ രാത്രി എട്ടു മണി വരെ ഇഡി ചോദ്യം ചെയ്തു . രവീന്ദ്രൻ നൽകിയ മറുപടികൾ വിശകലനം ചെയ്ത് ശേഷം വീണ്ടും ചോദ്യം ചെയ്യും . പത്തരമണിക്കൂറാണ് രവീന്ദ്രനെ ഇ ഡി ചോദ്യം ചെയ്തത്. ലൈഫ് മിഷൻ കോഴ ഇടപാടുമായി ബന്ധമില്ലെന്ന് രവീന്ദ്രൻ മൊഴി നൽകി. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറും ലൈഫ് മിഷൻ സി ഇ ഒ ആയിരുന്ന യു വി ജോസുമാണ് ചർച്ചകളും ഇടപാടുകളും നടത്തിയതെന്നും വെളിപ്പെടുത്തി. ഒന്നും അറിയില്ലെന്ന ശിവശങ്കറിന്റെ മൊഴിക്ക് വിരുദ്ധമാണ് രവീന്ദ്രന്റെ മൊഴി.

വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ ഫ്‌ലാറ്റ് നിർമ്മാണവുമായി ബന്ധപ്പെട്ട ലൈഫ് മിഷൻ സിഇഒ ആയിരുന്ന യു വി ജോസിന് അഡീഷണൽ ചീഫ് സെക്രട്ടറി നൽകിയ കത്ത് കാണിച്ചായിരുന്നു ചോദ്യം ചെയ്യൽ. ധാരണാപത്രം ഒപ്പുവച്ച ദിവസം വൈകിട്ട് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ പങ്കെടുക്കാൻ ആവശ്യപ്പെട്ട് സിഇഒയ്ക്ക് നൽകിയ കത്താണിത്. സർക്കാരിന്റെ ഭൂമിയിൽ റെഡ് ക്രസന്റ് നേരിട്ട് ഭവനസമുച്ചയം നിർമിക്കുമെന്നാണ് ധാരണ. റെഡ് ക്രസന്റുമായുള്ള ധാരണാപത്രം നടപ്പിലാക്കണമെന്നും അഡീഷനൽ ചീഫ് സെക്രട്ടറി കത്തിൽ പറയുന്നുണ്ട്. 2019 ജൂലൈ പതിനൊന്നിനാണ് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വടക്കാഞ്ചേരി പദ്ധതിയുമായി ബന്ധപ്പെട്ട് ധാരണാപത്രം ഒപ്പുവെയ്ക്കുന്നത്.സെക്രട്ടേറിയറ്റ് കോൺഫറൻസ് ഹാളിൽ വൈകിട്ട് അഞ്ചിന് ചേർന്ന യോഗത്തിൽ റെഡ് ക്രസന്റിന്റെ പ്രതിനിധികളും ലൈഫ് മിഷൻ സിഇഒ യു.വി. ജോസ്, മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരും പങ്കെടുത്തു. ഈ യോഗത്തിന്റെ മിനിറ്റ്‌സ്, ഭൂമി അനുവദിച്ചുകൊണ്ടുള്ള ഉത്തരവ്, പദ്ധതിയുടെ നിർമാണ ചുമതല യൂണിടാക്കിനെ ഏൽപ്പിച്ചതുമായി ബന്ധപ്പെട്ട ഉത്തരവ് എന്നിങ്ങനെ രേഖകളെല്ലാം കൈമാറാനായിരുന്നു ഇഡിയുടെ നിർദേശം. എന്നാൽ ഇതിൽ ചില രേഖകൾ മാത്രമാണ് ലൈഫ്മിഷൻ കൈമാറിയത്. മുഖ്യമന്ത്രി അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ പങ്കെടുത്ത് റെഡ് ക്രസന്റുമായുള്ള ധാരണാപത്രം നടപ്പാക്കണമെന്നും അഡീഷനൽ ചീഫ് സെക്രട്ടറി കത്തിൽ ആവശ്യപ്പെടുന്നു. ഈ കത്തിന്റെ വിശദാംശങ്ങളാണ് ഇ ഡി രവിന്ദ്രനോട് ചോദിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *