സ്റ്റാൻ സ്വാമിയുടെ ലാപ്ടോപ്പിൽ നാൽപതിലേറെ രേഖകൾ തിരുകിക്കയറ്റിയതായി കണ്ടെത്തൽ

ന്യൂഡൽഹി: കസ്റ്റഡിയിൽ മരിച്ച മനുഷ്യാവകാശ പ്രവർത്തകൻ ഫാദർ സ്റ്റാൻ സ്വാമിയുടെ ലാപ്ടോപ്പിൽ നാൽപതിലേറെ രേഖകൾ ഹാക്കിങ്ങിലൂടെ തിരുകിക്കയറ്റിയതായി യു.എസ് ഫോറൻസിക് ലബോറട്ടറിയുടെ കണ്ടെത്തൽ. ഭീകര ബന്ധം ആരോപിച്ചാണ് എൻ ഐ എ സ്റ്റാൻ സ്വാമിയെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്.

സ്റ്റാൻ സ്വാമിയും അറസ്റ്റിലായ മറ്റുള്ളവരും തമ്മിൽ നടത്തിയെന്നു പറയുന്ന ഇ-മെയിലുകളുടെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തിനും മറ്റുള്ളവർക്കുമെതിരെ ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) 2020ൽ ഭീകരവാദ കുറ്റമടക്കം ചുമത്തിയത്. എന്നാൽ, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാനുള്ള ഗൂഢാലോചനയെന്ന് എൻ.ഐ.എ ചൂണ്ടിക്കാട്ടിയ ഈ രേഖകൾ ഹാക്കർവഴി സ്റ്റാൻ സ്വാമിയുടെ ലാപ്ടോപ്പിൽ സ്ഥാപിച്ചതാണെന്നാണ് യു.എസിലെ ബോസ്റ്റൺ ആസ്ഥാനമായ ആഴ്സനൽ ഫോറൻസിക് ലാബ് കണ്ടെത്തിയത്.

കേസിൽ പ്രതിചേർക്കപ്പെട്ട മനുഷ്യാവകാശ പ്രവർത്തകരായ റോണ വിൽസന്റെയും സുരേന്ദ്ര ഗാഡ്ലിങ്ങിന്റെയും കമ്പ്യൂട്ടറുകളിൽ ഇതേ മാതൃകയിൽ നുഴഞ്ഞുകയറി രേഖകൾ എത്തിച്ചതായുള്ള ആഴ്സനലിന്റെ റിപ്പോർട്ട് നേരത്തെ പുറത്തുവന്നിരുന്നു. മൂവരെയും ഒരേ ഹാക്കറാണ് ലക്ഷ്യമിട്ടതെന്നും പറയുന്നു. തന്റെ കമ്പ്യൂട്ടറിൽ കയറിക്കൂടിയ രേഖകളെല്ലാം നിഷേധിച്ച സ്റ്റാൻ സ്വാമിക്കു വേണ്ടി അദ്ദേഹത്തിന്റെ അഭിഭാഷകരാണ് നിജഃസ്ഥിതിക്കായി ആഴ്സനൽ ലാബിനെ സമീപിച്ചത്.

യു.എസിലെ പ്രമാദമായ ബോസ്റ്റൺ മാരത്തൺ ബോംബ് കേസിലെ അടക്കം ഡിജിറ്റൽ ഫോറൻസിക് അന്വേഷണം നടത്തിയ സ്ഥാപനമാണിത്. സ്റ്റാൻ സ്വാമിയുടെ കമ്പ്യൂട്ടറിൽ നെറ്റ്‍വയർ എന്ന ഹാക്കിങ് സോഫ്റ്റ് വെയർ വഴി 2014 മുതൽ അഞ്ചു വർഷം അനധികൃതമായി പ്രവേശനം നേടി അജ്ഞാതനായ ഹാക്കർ 44 രേഖകൾ എത്തിച്ചെന്നാണ് കണ്ടെത്തിയത്. പ്രമുഖരെ വധിക്കാനുള്ള ഗൂഢാലോചനയെന്ന് എൻ.ഐ.എ ആരോപിച്ച രേഖകളും ഇതിലുണ്ടായിരുന്നു. 2019ൽ സ്വാമിയുടെ വസതി റെയ്ഡ് ചെയ്ത ദിവസം വരെ ഹാക്കറുടെ പ്രവർത്തനമുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *