സെക്രട്ടേറിയേറ്റില്‍ പുതിയ എ.സി സ്ഥാപിക്കാന്‍ ചെലവഴിക്കുന്നത് ലക്ഷങ്ങള്‍

സാമ്പത്തിക പ്രതിസന്ധിക്കിടയിലും ഭരണ സിരാകേന്ദ്രമായ സെക്രട്ടേറിയേറ്റില്‍ പുതിയ എ.സി സ്ഥാപിക്കാന്‍ ചെലവഴിക്കുന്നത് ലക്ഷങ്ങള്‍. ഒരാഴ്ചയ്ക്കുള്ളില്‍ 7.29 ലക്ഷം രൂപയാണ് എ.സി വാങ്ങാന്‍ മുഖ്യമന്ത്രി അനുവദിച്ചത്.

വിശ്വസ്തനായ എം. ശിവശങ്കര്‍ ഐ.എ.എസിന് പുതിയ എ.സി നല്‍കാന്‍ 1.87 ലക്ഷം രൂപയാണ് മുഖ്യമന്ത്രി അനുവദിച്ചത്. കായിക യുവജന കാര്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് എം.ശിവശങ്കര്‍. മന്ത്രി എം.ബി രാജേഷിന്റെ പേഴ്‌സണല്‍ സ്റ്റാഫുകള്‍ ഇരിക്കുന്ന മുറിയിലേക്ക് പുതിയ എ.സി വാങ്ങാനും 1.20 ലക്ഷം അനുവദിച്ചു. നവംബര്‍ 17 ന് പട്ടികജാതി പട്ടിക വര്‍ഗ വികസന അഡീഷണല്‍ സെക്രട്ടറിയുടെ ഓഫിസില്‍ എ.സി സ്ഥാപിക്കാന്‍ 89,000 രൂപയും പൊതുമരാമത്ത് സെക്രട്ടറിയുടെ ഓഫിസില്‍ എ.സി സ്ഥാപിക്കാന്‍ 70000 രൂപയും അനുവദിച്ചു.

കൂടാതെ നോര്‍ത്ത് സാന്‍ഡ് വിച്ച് ബ്ലോക്കിലെ മൂന്നാം നിലയിലെ 302, 312, 313 റൂമുകളില്‍ എ.സി. സ്ഥാപിക്കാന്‍ അനുവദിച്ചത് 2.63 ലക്ഷം. പ്രവര്‍ത്തന രഹിതമായ എ.സിക്ക് പകരമാണ് പുതിയ എ സി സ്ഥാപിച്ചത്. സെക്രട്ടേറിയേറ്റിലെ വിവിധ ഓഫിസുകളില്‍ സ്ഥാപിക്കുന്ന എ.സികള്‍ പലതും മാസങ്ങള്‍ക്കുള്ളില്‍ പ്രവര്‍ത്തന രഹിതമാകുകയാണ്. കൊല്ലം ജില്ലയിലെ ഒരു വ്യക്തിക്കാണ് സെക്രട്ടറിയേറ്റിലെ എ.സി സ്ഥാപിക്കാന്‍ സ്ഥിരം ചുമതല നല്‍കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *