സിലിക്കണ്‍ വാലി ബാങ്ക് തകര്‍ന്നതിനെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോടു പ്രതികരിക്കാതെ ജോ ബൈഡന്‍

വാഷിം​ഗ്ടൺ: സിലിക്കണ്‍ വാലി ബാങ്ക് തകര്‍ന്നതിനെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോടു പ്രതികരിക്കാതെ വാര്‍ത്താസമ്മേളനത്തില്‍നിന്ന് ഇറങ്ങിപ്പോയി യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ബൈഡനെതിരെ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്.

തിങ്കളാഴ്ച വൈറ്റ് ഹൗസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിനിടെ, ”സ്ഥിരതയുള്ള ബാങ്കിങ് സംവിധാനവും യുഎസിന്റെ ചരിത്രപരമായ സാമ്പത്തികസ്ഥിരതയും നിലനിര്‍ത്തും’ എന്ന് ബൈഡന്‍ പറഞ്ഞതിനു തൊട്ടുപിന്നാലെ മാധ്യമപ്രവര്‍ത്തകന്‍ ഇടപെട്ടതോടെയാണ് ബൈഡന്‍ ഇറങ്ങിപ്പോയത്.പ്രസിഡന്റ്, എന്തുകൊണ്ടാണ് ഈ തകര്‍ച്ച സംഭവിച്ചതെന്ന് നിങ്ങള്‍ക്കറിയാമോ? ഇനി ഇതു സംഭവിക്കില്ലെന്ന് അമേരിക്കക്കാര്‍ക്ക് ഉറപ്പുനല്‍കാന്‍ കഴിയുമോ?” എന്നൊരു മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ചപ്പോള്‍ ഒന്നും മിണ്ടാതെ ബൈഡന്‍ പിന്തിരിഞ്ഞു നടക്കുകയായിരുന്നു. ബൈഡന്‍ പുറത്തേക്ക് പോകുന്ന വിഡിയോ വൈറ്റ് ഹൗസിന്റെ യൂട്യൂബ് ചാനലില്‍ നാല് ദശലക്ഷത്തിലധികം പേരാണ് ഇതുവരെ കണ്ടത്.

വിഡിയോയുടെ കമന്റ് സെക്ഷന്‍ ഓഫാക്കിയതിനെ തുടര്‍ന്നു ട്വറ്ററില്‍ ഉള്‍പ്പെടെ വ്യാപക വിമര്‍ശനം ഉയര്‍ന്നു.ഇതാദ്യമായല്ല ജോ ബൈഡന്‍ ഇത്തരത്തില്‍ മാധ്യമപ്രവര്‍ത്തകരോടു ക്ഷുഭിതനായി വാര്‍ത്താസമ്മേളനത്തില്‍നിന്ന് ഇറങ്ങിപ്പോകുന്നത്. ചൈനീസ് ചാരബലൂണ്‍ വിഷയത്തെക്കുറിച്ചുള്ള വാര്‍ത്താസമ്മേളനത്തിനിടെ മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തില്‍ അസ്വസ്ഥനായ ബൈഡന്‍, ‘എനിക്കൊരു ഇടവേള വേണം’ എന്നു പറഞ്ഞശേഷം മുറി വിടുകയായിരുന്നു. കൊളംബിയന്‍ പ്രസിഡന്റുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ മാധ്യമങ്ങളെ കണ്ട ബൈഡനോട് ചോദ്യം ഉന്നയിച്ചപ്പോള്‍ അദ്ദേഹം ചിരിച്ചു കാണിക്കുന്ന വിഡിയോയും വൈറലായിരുന്നു. ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാത്തതില്‍ 2021ല്‍ ബൈഡനെതിരെ സിബിഎസ് റിപ്പോര്‍ട്ടര്‍ രംഗത്തെത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *