സിപിഐ സംസ്ഥാന കൗണ്‍സിലില്‍ കാനം രാജേന്ദ്രന് രൂക്ഷ വിമര്‍ശനം

തിരുവനന്തപുരം: സിപിഐ സംസ്ഥാന കൗണ്‍സിലില്‍ കാനം രാജേന്ദ്രന് രൂക്ഷ വിമര്‍ശനം. കേരള രാഷ്ട്രീയത്തില്‍ തിരുത്തല്‍ ശക്തിയായിരുന്ന സിപിഐ ഇപ്പോള്‍ തിരുമ്മല്‍ ശക്തിയായി മാറിയെന്ന് ആക്ഷേപം.

സിപിഐ സമ്മേളനങ്ങളുടെ അവലോകന റിപ്പോര്‍ട്ടിന്മേല്‍ സംസ്ഥാന കൗണ്‍സിലില്‍ നടന്ന ചര്‍ച്ചയില്‍ നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനം. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ തനിക്കു നേരെ ഉണ്ടായ ആക്ഷേപങ്ങള്‍ക്ക് വികാരപരമായി മറുപടി നല്‍കി. ഒരു കാലത്ത് കേരള രാഷ്ട്രീയത്തില്‍ തിരുത്തല്‍ ശക്തി ആയിരുന്ന സിപിഐ ഇപ്പോള്‍ തിരുമ്മല്‍ ശക്തിയായി മാറി എന്ന ആക്ഷേപം വരെ യോഗത്തില്‍ ഉയര്‍ന്നു.

പാര്‍ട്ടിയിലെ വിഭാഗീയത തിരുത്തല്‍ ശക്തിയായി ഉയര്‍ന്നു നില്‍ക്കാനുള്ള സിപിഐയുടെ കഴിവിനെത്തന്നെ ബാധിച്ചെന്ന് കാനം അവലോകന റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുകയും ചെയ്തു.സമ്മേളന ഘട്ടത്തില്‍ ചില ഇടങ്ങളില്‍ വിഭാഗീയതയ്ക്കു സംസ്ഥാന നേതൃത്വം തന്നെ നേതൃപരമായ പങ്കുവഹിച്ചെന്ന വിമര്‍ശനം ഉണ്ടായി. ചില തീരുമാനങ്ങള്‍ ചിലര്‍ക്കു മാത്രം ബാധകമാകുമ്പോള്‍ ഇഷ്ടക്കാര്‍ക്ക് എല്ലാറ്റിനും ഇളവു ലഭിക്കുന്നു. സെക്രട്ടറി ഏകാധിപതി കളിക്കുകയാണ്. അദ്ദേഹത്തിന് ഇഷ്ടമില്ലാത്ത വി.എസ്.സുനില്‍കുമാര്‍ മന്ത്രി ആയപ്പോള്‍ അദ്ദേഹത്തെ സംസ്ഥാന നിര്‍വാഹകസമിതിയില്‍നിന്ന് ഒഴിവാക്കി. എന്നാല്‍ ഇപ്പോള്‍ നാലു മന്ത്രിമാരെയും നിര്‍വാഹകസമിതിയില്‍ മാത്രമല്ല, ദേശീയ കൗണ്‍സിലിലും ഉള്‍പ്പെടുത്തി. എംഎല്‍എമാരെ ജില്ലാ സെക്രട്ടറിമാര്‍ ആക്കരുതെന്ന തീരുമാനം കൊല്ലത്ത് പി.എസ്.സുപാലിനെ സെക്രട്ടറിയാക്കി ലംഘിച്ചു. ബോര്‍ഡ്, കോര്‍പറേഷന്‍ പദവികള്‍ തുടര്‍ച്ചയായി ആര്‍ക്കും നല്‍കരുതെന്ന തീരുമാനവും ചിലര്‍ക്കു വേണ്ടി മാറ്റി. സെക്രട്ടറിക്ക് താല്‍പര്യം ഉണ്ടെങ്കില്‍ എന്തും നടക്കും. അതുകൊണ്ടു തന്നെ ചുറ്റും ചില അവതാരങ്ങള്‍ ഇറങ്ങിയിരിക്കുകയാണ്.

സമ്മേളനങ്ങളില്‍ മുന്‍പില്ലാത്ത ചേരിതിരിവുകള്‍ പ്രതിഫലിച്ചെന്നു കാനത്തിന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. എറണാകുളത്ത് പണം കൊടുത്ത് ആളുകളെ സ്വാധീനിക്കാന്‍ വരെ ശ്രമം നടന്നു. തനിക്കു നേരത്തേ ഉണ്ടായ ദുരനുഭവങ്ങള്‍ കാനം യോഗത്തില്‍ വിവരിച്ചു. കോട്ടയത്തു ജില്ലാ സെക്രട്ടറി ആകാനുള്ള എല്ലാ അവസരവും വന്നിട്ടും പണ്ട് തഴയപ്പെട്ടു. രാജ്യസഭാ ഒഴിവിലേക്കു തന്നെ പരിഗണിക്കണമെന്ന അഭിപ്രായത്തിനു പാര്‍ട്ടിയില്‍ മുന്‍തൂക്കം ഉള്ളപ്പോഴാണ് മാധ്യമപ്രവര്‍ത്തകനായ എം.പി.അച്യുതനെ തിരഞ്ഞെടുത്തത്. സി.കെ.ചന്ദ്രപ്പന്‍ വിട വാങ്ങിയപ്പോള്‍ പകരം താന്‍ സെക്രട്ടറി ആകണമെന്ന അഭിപ്രായമാണ് സംസ്ഥാന കൗണ്‍സിലില്‍ ഉയര്‍ന്നത്. അപ്പോള്‍ കേന്ദ്ര നേതൃത്വം സി.ദിവാകരനെ നിര്‍ദേശിച്ചു.ഈ തര്‍ക്കം ഒത്തുതീര്‍ക്കാനായി പന്ന്യന്‍ രവീന്ദ്രനെ സെക്രട്ടറി ആക്കിയപ്പോഴും ഒരു എതിര്‍പ്പും പറഞ്ഞിട്ടില്ല. സര്‍ക്കാരിനെതിരെ വിമര്‍ശനങ്ങള്‍ യോഗത്തില്‍ ഉയര്‍ന്നെങ്കിലും കേന്ദ്രം കേരളത്തെ ഞെരുക്കുകയും പ്രതിപക്ഷം സഭയെ ഉപയോഗിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ സര്‍ക്കാരിനെ സംരക്ഷിക്കേണ്ട ബാധ്യത സിപിഐക്കുണ്ടെന്ന് കാനം മറുപടി നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *