സിപിഐ: വിഭാഗീയത സംസ്ഥാന നേതൃത്വം പരിശോധിക്കും

തിരുവനന്തപുരം: സിപിഐയില്‍ കാനം പക്ഷം പിടിച്ചെടുത്ത എറണാകുളം സമ്മേളനത്തില്‍ നടന്ന വിഭാഗീയത സംസ്ഥാന നേതൃത്വം പരിശോധിക്കും. ചേരിപ്പോരു നടന്ന മറ്റു ജില്ലകളില്‍ എന്തു വേണമെന്ന കാര്യം അതതു ജില്ലാ കൗണ്‍സിലുകള്‍ക്കു വിട്ടു. പാലക്കാട്ട് ഇതിനകം തന്നെ ജില്ലാ കൗണ്‍സില്‍ അന്വേഷണ കമ്മിഷനെ വച്ചു.

കെ.ഇ.ഇസ്മായില്‍ പക്ഷത്തിനൊപ്പം ഉറച്ചു നിന്ന എറണാകുളം ജില്ല ഇക്കുറി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ നേരിട്ടിറങ്ങി പിടിക്കുകയായിരുന്നു. ജില്ല നിലനിര്‍ത്താന്‍ ഇസ്മായില്‍ വിഭാഗവും പിടിക്കാന്‍ കാനം വിഭാഗവും എല്ലാ അടവും പയറ്റി.

പാര്‍ട്ടി മാനദണ്ഡങ്ങള്‍ക്കു ചേരാത്ത പലതും അവിടെ സംഭവിച്ചതായി സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ വച്ച സമ്മേളന അവലോകന റിപ്പോര്‍ട്ടില്‍ കാനം തന്നെ ചൂണ്ടിക്കാട്ടി. ചര്‍ച്ചകളിലും ‘എറണാകുളം’ ഒച്ചപ്പാടു സൃഷ്ടിച്ചു. ഇതോടെയാണു സംസ്ഥാന കൗണ്‍സില്‍ തന്നെ നേരിട്ടു കമ്മിഷനെ വയ്ക്കാമെന്ന ധാരണയില്‍ എത്തിയത്. വിശദാംശങ്ങള്‍ പിന്നീടു തീരുമാനിക്കും.

റിപ്പോര്‍ട്ട് അവതരിപ്പിച്ച് ആമുഖമായി സംസാരിച്ച കാനം, കെ.ഇ.ഇസ്മായിലിന്റെ പേരെടുത്തു പറയാതെ നേതൃത്വത്തിന്റെ തന്നെ ഭാഗമായവര്‍ ജില്ലകളില്‍ വിഭാഗീയ നീക്കങ്ങള്‍ നടത്തി എന്നാരോപിച്ചു. ജില്ലകളില്‍ നടന്നതിന്റെ തുടര്‍ച്ച സംസ്ഥാന സമ്മേളനത്തില്‍ ഉണ്ടായെന്നും കാനം പറഞ്ഞു. ഇതോടെ കോട്ടയം മലപ്പുറം പാലക്കാട് ജില്ലകളില്‍ നിന്നുള്ള കാനം പക്ഷക്കാരെല്ലാം ഇസ്മയിലിന്റെ പേര് എടുത്തു കുറ്റപ്പെടുത്തി . സംസ്ഥാന സെക്രട്ടറിയായി കാനത്തിന്റെ പേരും നിര്‍ദ്ദേശിച്ചത് ഇസ്മായില്‍ തന്നെ അല്ലേ എന്ന് അതോടെ വയനാട് മുന്‍ ജില്ലാ സെക്രട്ടറി വിജയന്‍ ചെറുകര ചോദിച്ചു . പിന്താങ്ങിയത് പന്ന്യന്‍ രവിന്ദ്രനുമാണ്. ഇവര്‍ രണ്ടുപേരും ദേശീയ നിര്‍വാഹസമിതി അംഗങ്ങളായിരുന്നു. സംസ്ഥാന കൗണ്‍സിലില്‍ അംഗങ്ങളല്ലാത്ത ഈ രണ്ടു പേര്‍ സംസ്ഥാന സെക്രട്ടറി നിര്‍ദ്ദേശിച്ചത് പാര്‍ട്ടി സംഘടന തത്വങ്ങള്‍ക്ക് അനുസൃതമാണോ ? വിജയന്‍ ചെറുകരയെ കൂടാതെ പി കെ കൃഷ്ണന്‍ , മുണ്ടപ്പള്ളി തോമസ് എന്നിവരാണ് കാനത്തിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയത് . അതോടെ മറുഭാഗത്ത് ് അദ്ദേഹത്തെ സംരക്ഷിക്കാനും ഒരു വിഭാഗം നേതാക്കള്‍ മുന്നോട്ട് വന്നു.

വിമര്‍ശനങ്ങളോട് അതേ നാണയത്തില്‍ തന്നെ കാനം പ്രതികരിച്ചു.സിപിഐ തിരുത്തല്‍ ശക്തിയല്ല തിരുമല്‍ ശക്തിയാണ് എന്ന വിജയന്‍ ചെറുകരയുടെ പരിഹാസത്തിന് കാനത്തിന്റെ മറുപടി സോഷ്യല്‍ മീഡിയയില്‍ ഈ ട്രോള്‍ കണ്ടിട്ടുണ്ട് അത് എവിടെനിന്നുള്ള സൃഷ്ടിയാണെന്ന് ഇപ്പോഴാണ് മനസ്സിലായത് എന്നായിരുന്നു. 75 വയസ്സ് കഴിഞ്ഞതിന്റെ പേരില്‍ ദേശീയ നേതൃത്വത്തില്‍ നിന്ന് ഒഴിവായ ഇസ്മായിലും പന്ന്യനും ഉള്‍പ്പെടെയുള്ളവരെ സംസ്ഥാന കൗണ്‍സിലിലേക്ക് ക്ഷണിക്കാന്‍ ദേശീയ നിര്‍വാസമിതി തീരുമാനിച്ചത് ഇവിടെ നടപ്പാക്കുന്നില്ലേയെന്നും വിഎസ് സുനില്‍കുമാര്‍ ചോദിച്ചു. പിന്നീട് ചര്‍ച്ച ചെയ്യാമെന്നായിരുന്നു കാനത്തിന്റെ മറുപടി.

Leave a Reply

Your email address will not be published. Required fields are marked *