സിപിഎമ്മിൽ ജയരാജൻമാർ തമ്മിൽ പോര്: ‘ഇപിക്ക് അനധികൃത സ്വത്ത്, തെളിവുണ്ട് ‘; പി.ജയരാജൻ

തിരുവനന്തപുരം: എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജനെതിരെ സാമ്പത്തിക ആരോപണവുമായി സിപിഎം സംസ്ഥാന സമിതിയംഗം പി.ജയരാജൻ. ഇ.പി.ജയരാജൻ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന് പി.ജയരാജൻ സംസ്ഥാന കമ്മിറ്റിയിൽ ആരോപണം ഉന്നയിച്ചു.

ആരോപണം ഉന്നയിക്കുന്നത് തെളിവുകളുടെ അടിസ്ഥാനത്തിലാണെന്നും അന്വേഷണം വേണമെന്നും പി.ജയരാജൻ ആവശ്യപ്പെട്ടു. ആരോപണം രേഖാമൂലം എഴുതി നൽകാൻ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ആവശ്യപ്പെട്ടു. തെറ്റു ചെയ്താൽ എത്ര ഉന്നതനായാലും രക്ഷപ്പെടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കണ്ണൂർ ജില്ലയിലെ ആയൂർവേദ റിസോർട്ടിന്റെ പേരിലാണ് പി.ജയരാജൻ രണ്ടു ദിവസം മുൻപ് ചേർന്ന സംസ്ഥാന കമ്മിറ്റിയിൽ ആരോപണം ഉന്നയിച്ചത്. ഇ.പി.ജയരാജന്റെ ഭാര്യയും മകനും ഉടമകളായ കമ്പനി റിസോർട്ടിന്റെ ഡയറക്ടർ ബോർഡിൽ അംഗമാണെന്ന് പി.ജയരാജൻ ആരോപിച്ചു. പാർട്ടി നേതാക്കൾ തെറ്റായ വഴിക്ക് സഞ്ചരിക്കുന്നത് തടയാനായി അടിയന്തര കടമകൾ എന്ന രേഖ ചർച്ച ചെയ്യുമ്പോഴാണ് പി.ജയരാജൻ ആരോപണം ഉന്നയിച്ചത്. റിസോർട്ട് നിർമാണ സമയത്ത് തന്നെ ആരോപണം ഉയർന്നിരുന്നതായി ജയരാജൻ ചൂണ്ടിക്കാട്ടി. ആരോപണം നേതൃത്വത്തെ ഞെട്ടിച്ചു. ഗുരുതരമായ ആരോപണമാണെന്നും എഴുതി തന്നാൽ പരിശോധിക്കാമെന്നും പാർട്ടി സെക്രട്ടറി എം.വി.ഗോവിന്ദൻ പറഞ്ഞു. എഴുതി നൽകാമെന്ന് പി.ജയരാജനും പറഞ്ഞു.

കേന്ദ്ര കമ്മിറ്റി അംഗവും എൽഡിഎഫ് കൺവീനറുമായി മുതിർന്ന നേതാവിനെതിരെ കണ്ണൂരിലെതന്നെ പ്രമുഖ നേതാവ് ഗുരുതരമായ ആരോപണം ഉന്നയിക്കുന്നത് സമീപകാലത്ത് ആദ്യമാണ്. ഏറെ നാളായി പാർട്ടി നേതൃത്വവുമായി അഭിപ്രായ വ്യത്യാസത്തിലാണ് പി.ജയരാജൻ. കഴിഞ്ഞ സിപിഎം സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടേറിയറ്റിൽ പി.ജയരാജൻ വരുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. അദ്ദേഹത്തെ ഖാദി ബോർഡ് വൈസ് ചെയർമാൻ സ്ഥാനത്തു നിയമിക്കുകയാണ് ചെയ്തത്. ഏറെ നാളായി ഇ.പി.ജയരാജനും പാർട്ടി പ്രവർത്തനങ്ങളിൽനിന്ന് അവധിയെടുത്ത് മാറി നിൽക്കുകയാണ്. എൽഡിഎഫ് സംഘടിപ്പിച്ച പല പ്രധാന പരിപാടികളിലും ഇ.പി.ജയരാജൻ പങ്കെടുത്തിരുന്നില്ല.

2014ലാണ് അരോളിയിൽ ഇ.പി.ജയരാജന്റെ വീടിനു തൊട്ടുചേർന്നുള്ള കടമുറിക്കെട്ടിടത്തിന്റെ വിലാസത്തിൽ മൂന്നു കോടി രൂപ മൂലധനത്തിൽ കണ്ണൂർ ആയുർവേദിക് മെഡിക്കൽ കെയർ പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിൽ കമ്പനി റജിസ്റ്റർ ചെയ്തത്. ഇ.പി.ജയരാജന്റെ മകൻ ജയ്സണാണു കമ്പനിയിൽ ഏറ്റവുമധികം (2500) ഓഹരിയുള്ള ഡയറക്ടർ. സിപിഎമ്മിന്റ പല സ്ഥാപനങ്ങളും ചില ഉന്നത നേതാക്കളുടെ വീടുകളും നിർമിച്ചുനൽകിയ തലശ്ശേരിയിലെ കെട്ടിട നിർമാണക്കരാറുകാരനാണു ബോർഡ് ഓഫ് ഡയറക്ടേഴ്സിലെ മറ്റൊരു പ്രധാനി. മൊറാഴയിലെ ഉടുപ്പക്കുന്ന് ഇടിച്ചുനിരത്തിയാണു റിസോർട്ട് നിർമിക്കുന്നതെന്നു കാണിച്ച് ശാസ്ത്ര സാഹിത്യ പരിഷത്ത് റിസോർട്ട് നിർമാണത്തിനെതിരെ പ്രമേയം പാസാക്കുകയും കലക്ടർക്കു പരാതി നൽകുകയും ചെയ്തിരുന്നു.

2021ൽ ആയുർവേദ റിസോർട്ടിന്റെ ഉദ്ഘാടനത്തെച്ചൊല്ലിയും രാഷ്ട്രീയ വിവാദം ഉയർന്നിരുന്നു. കോൺഗ്രസിൽ കെ.സുധാകരൻ എംപിയുടെ എതിർപക്ഷത്തുനിൽക്കുന്ന കെപിസിസി നിർവാഹക സമിതിയംഗം മമ്പറം ദിവാകരനെയും ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുപ്പിച്ചതിനെതിരെ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. കണ്ണൂർ രാഷ്ട്രീയത്തിൽ മാഫിയ ബന്ധമുണ്ടെന്ന് ആരോപിച്ചുള്ള പോസ്റ്ററുകളാണു കണ്ണൂരിന്റെ വിവിധ ഭാഗങ്ങളിൽ പതിച്ചത്. ‘സഖാക്കളേ, കുന്നിടിച്ചു റിസോർട്ട്, കൂട്ടിനു മമ്പറം ദിവാകരൻ, രക്തസാക്ഷികൾ സിന്ദാബാദ്’ തുടങ്ങിയ വാചകങ്ങളുള്ള പോസ്റ്ററുകളും പതിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *