സിപിഎമ്മിന്റെ അക്കമഡേഷന്‍ പൊളിറ്റിക്‌സ്: പാര്‍ട്ടിക്ക് എന്ത് ഗുണം?

പാര്‍ട്ടി മാറിയെത്തുന്നവര്‍ക്ക് പദവി നല്‍കി ഒപ്പം നിര്‍ത്തുന്ന സിപിഎമ്മിന്റെ അക്കമഡേഷന്‍ പൊളിറ്റിക്‌സ് പാര്‍ട്ടിക്ക് എന്ത് ഗുണം. 10 വര്‍ഷത്തിനിടെ പാര്‍ട്ടി മാറിയെത്തിയവര്‍ക്കെല്ലാം പദവി നല്‍കി. കെടിഡിസി അംഗത്വം മുതല്‍ ക്യാബിനറ്റ് റാങ്ക് നേടിയവര്‍ തിരഞ്ഞെടുപ്പുകളില്‍ സിപിഎമ്മിന് എന്ത് നേട്ടമുണ്ടാക്കിയെന്നാണ് ഉയരുന്ന ചോദ്യം.

ക്യാബിനറ്റ് റാങ്ക് ലഭിച്ച കെ വി തോമസ് കഴിഞ്ഞാല്‍ പത്തനംതിട്ട ഡിസിസി മുന്‍ പ്രസിഡണ്ട് പീലിപ്പോസ് തോമസ് ആണ് നേട്ടമുണ്ടാക്കിയ ഒരാള്‍. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് കെഎസ്എഫ്ഇ ചെയര്‍മാന്‍ ആയിരുന്ന പീലിപ്പോസിന് രണ്ടാം സര്‍ക്കാരില്‍ ലഭിച്ചത് കെ എസ് ഐ ഇ ചെയര്‍മാന്‍ സ്ഥാനം.
മുഴുവന്‍ സമയപ്രവര്‍ത്തകന്‍ ആകണമെന്ന മാനദണ്ഡത്തില്‍ ഇളവ് നല്‍കി പീലിപ്പോസിനെ സിപിഎം ഏരിയ സെക്രട്ടറിയായും നിയോഗിച്ചു. ഒന്നാം പിണറായി സര്‍ക്കാരില്‍ പദവി വഹിച്ച പലരെയും രണ്ടാം സര്‍ക്കാര്‍ മാറ്റിയപ്പോള്‍ പീലിപ്പോസ് ഉള്‍പ്പെടെ പാര്‍ട്ടി മാറിയെത്തിയവര്‍ തുടര്‍ന്നു. ഖാദി ബോര്‍ഡ് ഉപാധ്യക്ഷ സ്ഥാനത്തായിരുന്ന കോണ്‍ഗ്രസ് മുന്‍ എംഎല്‍എ ശോഭന ജോര്‍ജ് ഇത്തവണ ഔഷധി ചെയര്‍പേഴ്‌സണ്‍ ആയി.

കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറി കെ പി അനില്‍കുമാറിനെ ആദ്യം സിഐടിയു ജില്ലാ വൈസ് പ്രസിഡണ്ടും പിന്നീട് ഓഡെപെക് ചെയര്‍മാനുമാക്കി. കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറി ജി രതികുമാറിന് ലഭിച്ചത് മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തിക പിന്നോക്കകാര്‍ക്കുള്ള കമ്മീഷന്‍ അംഗത്വം. റോസ കുട്ടി വനിതാ വികസന കോര്‍പ്പറേഷന്‍ അധ്യക്ഷയായി. പദവികളിലേക്ക് പരിഗണിക്കുന്നത് വരെയുള്ള ഇടത്താവളം ആണ് കര്‍ഷകസംഘം. പി എസ് പ്രശാന്തിനെ ജില്ലാ വൈസ് പ്രസിഡണ്ടാക്കിയപ്പോള്‍ എല്‍ജിഡി മുന്‍ സെക്രട്ടറി ഷെയ്ക് പി ഹാരിസിനെ സംസ്ഥാന വൈസ് പ്രസിഡണ്ട് ആക്കി. ബിജെപിയുടെ കണ്ണൂര്‍ ജില്ലാ മുന്‍ പ്രസിഡണ്ട് ഓക്കെ വാസുവിനെ ആദ്യം നല്‍കിയത് കര്‍ഷകസംഘം ജില്ലാ വൈസ് പ്രസിഡന്റ് സ്ഥാനം. പിന്നീട് മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് ആക്കി. ഇപ്പോള്‍ കെ ടി ഡി സി അംഗം. ബിജെപി മുന്‍ ജില്ലാ സെക്രട്ടറി എ അശോകനെ ആദ്യം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടും ഇപ്പോള്‍ തലശ്ശേരിയിലെ സഹകരണസംഘം പ്രസിഡന്റുമാക്കി. വയനാട് മുന്‍ ഡിസിസി പ്രസിഡണ്ട് പി വി ബാലചന്ദ്രനെ ബാങ്ക് പ്രസിഡണ്ട് ആക്കാന്‍ പോകുന്നു.

പീലിപ്പോസിനെ പത്തനംതിട്ടയിലും എംഎസ് വിശ്വനാഥനെ ബത്തേരിയിലും പരീക്ഷിച്ചതൊഴിച്ചാല്‍ മറ്റുള്ളവരെ തിരഞ്ഞെടുപ്പിന് ഇറക്കാന്‍ സിപിഎമ്മിന് ധൈര്യമുണ്ടായില്ല. വിശ്വനാഥനെ ഹൗസിംഗ് ബോര്‍ഡ് അംഗവും ആദിവാസി ക്ഷേമനിധി ഏരിയ സെക്രട്ടറിയുമാക്കി. ശോഭന ഉപേക്ഷിക്കുകയും ചെറിയാന്‍ ഫിലിപ്പ് നിരസിക്കുകയും ചെയ്ത ഖാദി ബോര്‍ഡിലെ പദവിയാണ് സിപിഎമ്മിന്റെ ഉന്നത നേതാവായ പി ജയരാജന നല്‍കിയത്. മറ്റു പാര്‍ട്ടികളിലെ പ്രമുഖരെ ഉള്‍ക്കൊള്ളുമ്പോള്‍ പാര്‍ട്ടിയുടെ പൊതു സ്വീകാര്യത വര്‍ദ്ധിക്കുകയാണെന്ന് നേതൃത്വം ന്യായീകരിക്കുന്നു. കോണ്‍ഗ്രസ് ആകട്ടെ സിപിഎം വിട്ടെത്തിയ ആര്‍ സെല്‍വരാജിനെ തിരഞ്ഞെടുപ്പുകളില്‍ മത്സരിപ്പിച്ചെങ്കിലും സംഘടനാ രംഗത്ത് പ്രയോജനപ്പെടുത്തിയില്ല. എ പി അബ്ദുള്ളക്കുട്ടിയെ എംപിയും എംഎല്‍എയും ആക്കിയെങ്കിലും ബിജെപിയില്‍ ചേര്‍ന്നു. ഡോക്ടര്‍ കെ എസ് മനോജും സിന്ധു ജോയിയും സിപിഎം ബന്ധം വിട്ടു.

Leave a Reply

Your email address will not be published. Required fields are marked *