സിപിഎം വര്‍ഗസമരം വിട്ട് വര്‍ഗീയത പറയുന്നെന്ന് പി.കെ. കൃഷ്ണദാസ്‌

കണ്ണൂർ: വർഗസമരം ഇനിയൊരിക്കലും നടക്കില്ലെന്ന് അറിയാവുന്ന സി.പി.എം. വർഗീയസംഘർഷമുണ്ടാക്കാൻ ശ്രമിക്കുകയാണെന്ന് ബി.ജെ.പി. ദേശീയ നിർവാഹകസമിതി അംഗം പി.കെ. കൃഷ്ണദാസ് പറഞ്ഞു.

സമൂഹത്തെ വർഗീയമായി വിഭജിക്കാനുള്ള ആസൂത്രിതശ്രമങ്ങൾ അരങ്ങിലും അണിയറയിലും നടത്തുകയാണ്-അദ്ദേഹം പറഞ്ഞു. ബി.ജെ.പി. കോഴിക്കോട് മേഖലാ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മുസ്‌ലിംവർഗീയത ഉയർത്തി വിഭാഗീയത ഉണ്ടാക്കാൻ സി.പി.എം. ശ്രമിക്കുന്നതിന് കാരണങ്ങൾ രണ്ടാണ്. സി.പി.എം. നേതാക്കളെല്ലാം മുതലാളിമാരായി. പുതിയൊരു മുതലാളിവർഗം തന്നെ രൂപപ്പെട്ടു. അപ്പോൾ വർഗസമരത്തെക്കുറിച്ച് പറയാൻ പറ്റാതായി. രണ്ടാമത്തെ കാര്യം എങ്ങനെയും അധികാരം നിലനിർത്തുക എന്നതാണ്. മുജാഹിദുകാർക്ക് ഇല്ലാത്ത പരാതി മുജാഹിദ് അല്ലാത്ത പിണറായി വിജയനും ബ്രിട്ടാസുമൊക്കെ ഉയർത്തുന്നത് ഇതിനാണ്. മുസ്‌ലിംമനസ്സുകളിൽ വിഭജനത്തിന്റെ വിത്തുവിതയ്ക്കാനാണ് മുഖ്യമന്ത്രിയും സി.പി.എമ്മും ശ്രമിക്കുന്നത്. സജി ചെറിയാൻ മന്ത്രിയായി തിരിച്ചുവന്നതിലൂടെ ഭരണഘടനാവിരുദ്ധത ഔദ്യോഗിക നിലപാടായി സി.പി.എമ്മും സർക്കാരും പ്രഖ്യാപിച്ചിരിക്കയാണെന്നും അപകടകരമായ സാഹചര്യമാണിത് സൃഷ്ടിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കോഴിക്കോട് മേഖലാ പ്രസിഡന്റ് ടി.പി. ജയചന്ദ്രൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ്, വൈസ് പ്രസിഡന്റുമാരായ വി.വി. രാജൻ, പ്രമീള സി. നായിക്, സെക്രട്ടറിമാരായ കെ. രഞ്ജിത്ത്, അഡ്വ.കെ. ശ്രീകാന്ത്, ദേശീയ സമിതിയംഗങ്ങളായ കെ.പി. ശ്രീശൻ, എ. ദാമോദരൻ, പി.കെ. വേലായുധൻ, ഒ.ബി.സി. മോർച്ച സംസ്ഥാന പ്രസിഡന്റ് എൻ.പി. രാധാകൃഷ്ണൻ, മേഖല ജനറൽ സെക്രട്ടറി കെ.കെ. വിനോദ് കുമാർ, കണ്ണൂർ ജില്ല പ്രസിഡന്റ്‌ എൻ. ഹരിദാസ്, കാസർകോട് ജില്ല പ്രസിഡന്റ് രവീശ തന്ത്രി കുണ്ടാർ, കോഴിക്കോട് ജില്ലാ പ്രസിഡന്റ് അഡ്വ. വി.കെ. സജീവൻ, വയനാട് ജില്ലാ പ്രസിഡന്റ് കെ.വി. മധു, സംസ്ഥാന സമിതിയംഗം നാരായണൻ, കണ്ണൂർ ജില്ലാ പ്രസിഡന്റ് എൻ. ഹരിദാസ് എന്നിവർ പങ്കെടുത്തു.

കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ ഭാരവാഹികളാണ് നേതൃസംഗമത്തിന് എത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *