സാമ്പത്തിക സര്‍വെ പാര്‍ലമെന്റില്‍

ന്യൂഡല്‍ഹി: നാളെ അവതരിപ്പിക്കാനിരിക്കുന്ന ബജറ്റിന് മുന്നോടിയായി ധനമന്ത്രി നിര്‍മല സീതാരാമന്‍ സാമ്പത്തിക സര്‍വെ പാര്‍ലമെന്റില്‍ വെച്ചു. 2021-22 വര്‍ഷത്തില്‍ 8.7 ശതമാനമായിരുന്നു വളര്‍ച്ച.

ലോകത്ത് അതിവേഗം വളരുന്ന സാമ്പത്തിക ശക്തിയായി ഇന്ത്യ തുടരും. ആഗോള സാമ്പത്തിക-രാഷ്ട്രീയ സാഹചര്യങ്ങള്‍ ആശ്രയിച്ച് അടുത്ത സാമ്പത്തിക വര്‍ഷം യഥാര്‍ഥ ജിഡിപി 6-6.8ശതമാനത്തിലൊതുങ്ങുമെന്നാണ് സര്‍വെയിലെ വിലയിരുത്തല്‍.

2021 സാമ്പത്തിക വര്‍ഷത്തെ ഇടിവിനുശേഷം ജിഎസ്ടി ഉയര്‍ന്നു. കോവിഡിന് മുമ്പുള്ള നിലവാരത്തിലെത്തി.
നടപ്പ് സാമ്പത്തിക വര്‍ഷം ഏപ്രില്‍-നവംബര്‍ മാസങ്ങളില്‍ കേന്ദ്ര സര്‍ക്കാരിന്റെ മൂലധന ചെലവില്‍ 63.4ശതമാനം വര്‍ധനവുണ്ടായി
റഷ്യ-യുക്രൈന്‍ സംഘര്‍ഷം മൂലമുണ്ടായ വെല്ലുവിളി നേരിടാന്‍ ഇന്ത്യയുടെ സാമ്പത്തിക പ്രതിരോധം സഹായിച്ചു.
ചെറുകിട വ്യവസായങ്ങള്‍ക്കുള്ള വായ്പാ വളര്‍ച്ച 2022 ജനുവരി-നവംബര്‍ മാസങ്ങളില്‍ 30.5ശതമാനം കൂടുതലാണ്.
പിഎം ഗതിശക്തി, നിര്‍മാണവുമായി ബന്ധപ്പെട്ട ആനുകൂല്യ പദ്ധതി(പിഎല്‍ഐ), നാഷണല്‍ ലോജിസ്റ്റിക്‌സ് പോളിസി തുടങ്ങിയവ സാമ്പത്തിക മുന്നേറ്റത്തിന് സഹായകരമായി.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തെ സമ്പദ് വ്യവസ്ഥയില്‍ ഉണ്ടായ സംഭവ വികാസങ്ങള്‍ അവലോകനം ചെയ്യുന്ന രേഖയാണ് സാമ്പത്തിക സര്‍വെ. അടുത്ത സാമ്പത്തിക വര്‍ഷത്തേയ്ക്കുള്ള രാജ്യത്തിന്റെ മുന്‍ഗണനയും ഏതൊക്കെ മേഖലകള്‍ക്ക് ഊന്നല്‍ നല്‍കണം എന്നതു സംബന്ധിച്ചും സാമ്പത്തിക സര്‍വെയില്‍ സൂചനയുണ്ടാകും.
ധനമന്ത്രി കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നതിന് ഒരു ദിവസം മുമ്പാണ് സാമ്പത്തിക സര്‍വെ പാര്‍ലമെന്റില്‍ വെയ്ക്കുക. മുഖ്യ സാമ്പത്തിക ഉപദേഷ്ടാവിന്റെ മാര്‍ഗനിര്‍ദേശ പ്രകാരം ധനമന്ത്രാലയത്തിലെ സാമ്പത്തിക വിഭാഗമാണ് സര്‍വെ തയ്യാറാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *