സാമ്പത്തിക പ്രതിസന്ധി രൂക്ഷം; റേഷൻവ്യാപാരികൾക്കുള്ള കമ്മിഷൻ പാതിയാക്കി

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി രൂക്ഷം. റേഷൻവ്യാപാരികൾക്കുള്ള കമ്മിഷൻ പാതിയാക്കി. അനൂകൂല നടപടിയുണ്ടായില്ലെങ്കിൽ ശക്തമായ സമരമെന്നു കേരള റേഷൻ എംപ്ലോയീസ് യൂണിയൻ.

സാമ്പത്തിക പ്രതിസന്ധിയിൽ റേഷൻ മേഖലയ്ക്കുള്ള ഫണ്ട് സംസ്ഥാനം വെട്ടിക്കുറച്ചതോടെ റേഷൻ വ്യാപാരികളുടെ ഒക്ടോബർമാസത്തെ കമ്മിഷൻതുകയും ഭക്ഷ്യവകുപ്പ് പകുതിയായി വെട്ടിക്കുറച്ചു. ഒക്ടോബർ -നവംബർ മാസങ്ങളിലേക്കായി 120 കോടിരൂപയാണ് ഭക്ഷ്യവകുപ്പ് ആവശ്യപ്പെട്ടിരുന്നതെങ്കിലും 44 കോടി രൂപമാത്രമാണ് ധനവകുപ്പ് അനുവദിച്ചതെന്നാണ് സൂചന.

റേഷൻ വ്യപാരികൾക്ക് ആകെ കമ്മിഷന്റെ 49 ശതമാനം മാത്രമേ ഇക്കുറി ലഭിക്കൂ. ബാക്കിത്തുക എപ്പോൾ നൽകുമെന്നു വ്യക്തമാക്കിയിട്ടില്ല. ധനവകുപ്പ് അനുവദിച്ച ഫണ്ടിൽനിന്ന് എഫ്.സി.ഐ.യ്ക്ക് 21 കോടി രൂപയും കുത്തരി വിതരണം ചെയ്യുന്ന മില്ലുകാർക്ക് എട്ടുകോടിരൂപയും ഭക്ഷ്യവകുപ്പ് മാറ്റിവെച്ചു. ബാക്കിയാണ് റേഷൻവ്യാപാരികളുടെ കമ്മിഷൻ ഇനത്തിൽ അനുവദിച്ചത്. ഒക്ടോബറിൽ 29.51 കോടി രൂപ കമ്മിഷൻ ഇനത്തിൽ നൽകേണ്ട സ്ഥാനത്ത് 14.46 കോടി രൂപ മാത്രമാണ് അനുവദിച്ചത്.

അനുവദിച്ച കമ്മിഷൻ തുകയിൽനിന്ന് ക്ഷേമനിധി കുടിശ്ശികയും വിവിധ പിഴത്തുകകളും കൂടി പിടിക്കും. ഫലത്തിൽ റേഷൻവ്യാപാരികൾക്ക് ചെയ്ത ജോലിക്കുള്ള പകുതി തുകപോലും കിട്ടില്ല. വൈദ്യുതിച്ചാർജ്, കെട്ടിടവാടക, സെയിൽസ്മാന്മാർക്കുള്ള വേതനം എന്നിവയെല്ലാം കമ്മിഷൻ തുകയിൽ നിന്നാണ് റേഷൻ വ്യാപാരികൾ കൊടുത്തിരുന്നത്.

സംസ്ഥാനത്താകെ 14,250 റേഷൻ കടകളാണുള്ളത്. പ്രതിമാസം ശരാശരി 20,000 രൂപയാണ് റേഷൻ വ്യാപാരികൾക്കു ലഭിക്കുക. കോവിഡുകാലത്ത് ഭക്ഷ്യധാന്യക്കിറ്റു വിതരണം ചെയ്തതിന്റെ കുടിശ്ശികയും സർക്കാർ നൽകാനുണ്ട്. പത്തുമാസത്തെ കുടിശ്ശിക 50 കോടിയോളം രൂപ വരും. ഇതിനിടെയാണ് ദിവസേന ജോലിചെയ്യുന്നതിനുള്ള വേതനവും വെട്ടിക്കുറച്ചത്.കമ്മിഷൻ വെട്ടിക്കുറച്ചനടപടി പിൻവലിച്ചില്ലെങ്കിൽ സാധനങ്ങളുടെ വില മുൻകൂർ അടയ്ക്കാൻ കഴിയാതെവരികയും റേഷൻ വിതരണം തടസ്സപ്പെടുകയും ചെയ്യുമെന്ന് ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ നേതാക്കൾ അറിയിച്ചു. നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് കേരള സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ മുഖ്യമന്ത്രിക്കും ധനമന്ത്രിക്കും കത്തയച്ചു.അനൂകൂല നടപടിയുണ്ടായില്ലെങ്കിൽ ശക്തമായസമരം നടത്തുമെന്നു കേരള റേഷൻ എംപ്ലോയീസ് യൂണിയൻ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *