സാമ്പത്തിക പ്രതിസന്ധി ക്കിടയിലും മന്ത്രിമാരുടെ ചികില്‍സക്ക് അനുവദിക്കുന്നത് ലക്ഷങ്ങള്‍

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിക്കിടയിലും മന്ത്രിമാരുടെ ചികില്‍സക്ക് അനുവദിക്കുന്നത് ലക്ഷങ്ങള്‍. പൊതു ഭരണ അക്കൗണ്ട്‌സില്‍ നിന്ന് ഇതു സംബന്ധിച്ച ഉത്തരവിറങ്ങി. യുടോക്ക് എക്‌സ്‌ക്‌ളുസിവ്

ചെന്നെയിലെ അപ്പോളോ ആശുപത്രിയില്‍ ചികില്‍സക്ക് ചെലവായ തുകയാണ് കെ. കൃഷ്ണന്‍ കുട്ടിക്ക് അനുവദിച്ചത്. 2022 ആഗസ്ത് 29 മുതല്‍ 2022 സെപ്തംബര്‍ 2 വരെ അപ്പോളോ ആശുപത്രിയിലെ കാര്‍ഡിയോളജി വിഭാഗത്തിലാണ് മന്ത്രി കൃഷ്ണന്‍ കുട്ടി ചികില്‍സ തേടിയത്. 2022 സെപ്തംബര്‍ 29 ല്‍ 16, 17, 199 രൂപ അപ്പോളോയിലെ ചികില്‍സക്ക് മന്ത്രി കെ. കൃഷ്ണന്‍കുട്ടിക്ക് അനുവദിച്ചിരുന്നു. ഇത് കൂടാതെയാണ് ഫെബ്രുവരി 25 ന് 8,44, 274 രൂപ അനുവദിച്ചത്.

ആരോഗ്യ രംഗത്ത് കേരളം നമ്പര്‍ വണ്‍ എന്നവകാശപ്പെടുമ്പോഴും മുഖ്യമന്ത്രിയും മന്ത്രിമാരും പാര്‍ട്ടി നേതാക്കളും സംസ്ഥാനത്തിന് വെളിയിലും വിദേശത്തുമാണ് ചികിത്സ തേടുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ചികില്‍സക്കായി പോയത് അമേരിക്കയിലായിരുന്നു. 50 ലക്ഷം രൂപയാണ് മുഖ്യമന്ത്രിയുടെ ചികില്‍സക്ക് ചെലവായത്. ഭാര്യ കമല , പി.എ. എന്നിവരും മുഖ്യമന്ത്രിയെ അമേരിക്കയിലേക്ക് അനുഗമിച്ചിരുന്നു.

മുന്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ ചികില്‍സക്കായി ദുബായിലേക്ക് പോകാന്‍ ഒരുങ്ങുകയാണ്. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് സംസ്ഥാനത്ത് ട്രഷറി നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. 10 ലക്ഷത്തിന് മുകളിലുള്ള ബില്ലുകള്‍ മാറാന്‍ ധനവകുപ്പിന്റെ പ്രത്യേക അനുമതി വേണം. സാമ്പത്തിക പ്രതിസന്ധിയുടെ സാഹചര്യത്തില്‍ ചിലവുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു. അനാവശ്യ ചെലവുകള്‍ കര്‍ശനമായി നിയന്ത്രിക്കുമെന്നും വിദേശയാത്ര, വിമാനയാത്ര, ടെലിഫോണ്‍ ചാര്‍ജ്ജ്, കെട്ടിടം മോടി പിടിപ്പിക്കല്‍, വാഹനം വാങ്ങല്‍ എന്നിവക്ക് നിയന്ത്രണമേര്‍പ്പെടുത്തിയെന്നും ധനമന്ത്രി പറയുകയും ഉത്തരവ് ഇറക്കുകയും ചെയ്തിട്ടുണ്ടെങ്കിലും മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും നിയന്ത്രണങ്ങള്‍ ബാധകമല്ല എന്നാണ് പുറത്തിറങ്ങുന്ന ഉത്തരവുകളില്‍ നിന്ന് വ്യക്തമാകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *