സഭാ ടിവിയുടെ സംപ്രേഷണം ഏകപക്ഷീയമാണെന്ന് പ്രതിപക്ഷം

തിരുവനന്തപുരം: സഭാ ടിവിയുടെ സംപ്രേഷണം ഏകപക്ഷീയമാണെന്ന് പ്രതിപക്ഷം. സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് സഭാ ടിവിയുടെ ഉന്നത അധികാര സമിതിയില്‍നിന്ന് പ്രതിപക്ഷ എം.എല്‍.എമാര്‍ രാജിവയ്ക്കും.

റോജി എം.ജോണ്‍, എം.വിന്‍സെന്റ്, മോന്‍സ് ജോസഫ്, ആബിദ് ഹുസൈന്‍ തങ്ങള്‍ എന്നിവരാണ് രാജിവയ്ക്കുന്നത്. പ്രതിപക്ഷ നേതാവ് സംസാരിക്കുന്ന ദൃശ്യങ്ങള്‍ പോലും സംപ്രേഷണം ചെയ്യുന്നില്ലെന്നും നേതാക്കള്‍ ആരോപിച്ചു.

അതിനിടെ, എം.എല്‍.എമാരെ ആക്രമിച്ചതിലുള്ള പ്രതിപക്ഷ പ്രതിഷേധത്തില്‍ നിയമസഭ സ്തംഭിച്ചു. നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളികളുമായി പ്രതിപക്ഷം പ്രതിഷേധം തുടരുന്നതിനിടെ ചോദ്യോത്തരവേള സസ്‌പെന്‍ഡ് ചെയ്തും ശൂന്യവേള റദ്ദാക്കിയും നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. സഭാസ്തംഭനം ഒഴിവാക്കാന്‍ സ്പീക്കര്‍ വിളിച്ച കക്ഷിനേതാക്കളുടെ യോഗത്തില്‍ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും നേര്‍ക്കുനേര്‍ ഏറ്റുമുട്ടി. എല്ലാ വിഷയത്തിലും അടിയന്തരപ്രമേയം അനുവദിക്കാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിലപാടെടുത്തു.

അടിയന്തരപ്രമേയ നോട്ടിസ് അനുവദിക്കാതെ സഭനടക്കില്ലെന്ന് പ്രതിപക്ഷനേതാവും വ്യക്തമാക്കി. പ്രതിപക്ഷനേതാവ് വൈകാരികമായാണ് പ്രതികരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ ബാലന്‍സാണ് പോയതെന്ന് വി.ഡി.സതീശന്‍ തിരിച്ചടിച്ചു. ഇന്നലത്തെ സംഭവങ്ങള്‍ ദൗര്‍ഭാഗ്യകരമെന്ന് സ്പീക്കര്‍ എ.എന്‍.ഷംസീര്‍ പറഞ്ഞു. സഭാനടപടികളുമായി പ്രതിപക്ഷം സഹകരിക്കണമെന്നും സ്പീക്കര്‍ അഭ്യര്‍ഥിച്ചു. അവകാശങ്ങള്‍ നിഷേധിച്ചതിന്റെ പ്രതിഷധമെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *