സംസ്ഥാന ബീവറേജ് കോർപ്പറേഷന്റെ പ്രവർത്തനങ്ങൾ പഠിക്കാൻ പഞ്ചാബ് സംഘം കേരളത്തിൽ

സംസ്ഥാന ബിവറേജസ് കോര്‍പ്പറേഷന്റെ പ്രവര്‍ത്തനങ്ങള്‍ പഠിക്കാന്‍ പഞ്ചാബ് ധനകാര്യ-എക്‌സൈസ് വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിലുള്ള ഉന്നത തല സംഘം കേരളത്തില്‍. മന്ത്രി എം ബി രാജേഷുമായി, പഞ്ചാബ് ധനകാര്യ- എക്‌സൈസ് വകുപ്പ് മന്ത്രി ഹര്‍പാല്‍ സിംഗ് ചീമ കൂടിക്കാഴ്ച നടത്തി. പൊതു മേഖലാ സ്ഥാപനമെന്ന നിലയില്‍ ബെവ്‌കോയുടെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന് ഹര്‍പാല്‍ സിംഗ് ചീമ പറഞ്ഞു. കേരള മാതൃക പഞ്ചാബില്‍ പകര്‍ത്താനുള്ള സാധ്യത തേടുമെന്നും മന്ത്രി പറഞ്ഞു.

സ്വകാര്യമേഖലയിലാണ് നിലവില്‍ പഞ്ചാബിലെ മദ്യ വില്‍പ്പന. എക്‌സൈസ് വകുപ്പും, ബിവറേജസ് കോര്‍പറേഷനും നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മന്ത്രി എം ബി രാജേഷ് പഞ്ചാബ് സംഘത്തോട് വിശദീകരിച്ചു.നാല് ദിവസം കേരളത്തില്‍ ചെലവഴിക്കുന്ന പഞ്ചാബ് സംഘം, മദ്യത്തിന്റെ വിതരണ ശൃംഖലാ സംവിധാനവും എക്‌സൈസിന്റെ ഇടപെടലുകളും മനസിലാക്കും. ബെവ്‌കോ ആസ്ഥാനത്തും വെയര്‍ ഹൗസുകളിലും റീടെയ്ല്‍ ഔട്ട്ലറ്റുകളിലും സംഘം സന്ദര്‍ശനം നടത്തും. എക്‌സൈസ്, ബെവ്‌കോ ഉന്നത ഉദ്യോഗസ്ഥരുമായും സംഘം കൂടിക്കാഴ്ച നടത്തും.

ഹര്‍പാല്‍ സിംഗ് ചീമയ്ക്ക് പുറമേ, പഞ്ചാബ് ധനകാര്യ കമീഷണര്‍ വികാസ് പ്രതാപ്, എക്‌സൈസ് കമീഷണര്‍ വരുണ്‍ റൂജം, എക്‌സൈസ് ജോയിന്റ് കമീഷണര്‍ രാജ്പാല്‍ സിംഗ് ഖൈറ, അശോക് ചലോത്ര എന്നിവരാണ് ഉന്നതതല സംഘാംഗങ്ങള്‍. മന്ത്രിതല കൂടിക്കാഴ്ചയില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി എ ജയതിലക്, എക്‌സൈസ് കമീഷണര്‍ മഹിപാല്‍ യാദവ്, എക്‌സൈസ് അഡീഷണല്‍ കമീഷണര്‍ ഡി രാജീവ് , ഡപ്യൂട്ടി കമീഷണര്‍ ബി. രാധാകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *