സംസ്ഥാനത്ത് വ്യാപകപരിശോധന, 43 ഹോട്ടലുകൾ അടപ്പിച്ചു

തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി ഹോട്ടലുകളിൽ ചൊവ്വാഴ്ച പ്രത്യേക പരിശോധന നടത്തി. ഭക്ഷ്യവിഷബാധയെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന യുവതി മരിച്ചതിന് പിന്നാലെയാണ് പരിശോധനകൾ നടത്തിയത് .

429 സ്ഥാപനങ്ങളിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന നടത്തിയതായും വൃത്തിഹീനമായി പ്രവർത്തിച്ച 22 സ്ഥാപനങ്ങളുടേയും ലൈസൻസ് ഇല്ലാതിരുന്ന 21 സ്ഥാപനങ്ങളുടേയും ഉൾപ്പെടെ 43 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവെപ്പിച്ചെന്നും ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. 138 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. 44 സാമ്പിളുകൾ പരിശോധനയ്ക്കയച്ചിട്ടുണ്ട്. ശക്തമായ പരിശോധനകൾ തുടരുമെന്നും മന്ത്രി വ്യക്തമാക്കി.

കഴിഞ്ഞ വർഷം മെയ് മാസത്തിൽ കാസർകോട് ചെറുവത്തൂരിൽ ദേവാനന്ദയെന്ന പ്ലസ് വിദ്യാർഥിനി ഷവർമ കഴിച്ച് മരിച്ചതിനെ തുടർന്ന് സംസ്ഥാന വ്യാപകമായി പരിശോധന നടത്തുകയും നിരവധി ഹോട്ടലുകൾ വൃത്തിഹീനമായി പ്രവർത്തിക്കുന്നുണ്ടെന്നു കണ്ടെത്തുകയുമുണ്ടായി. കർശന നടപടിയുണ്ടാകുമെന്ന് അന്നും മന്ത്രി പറഞ്ഞിരുന്നു.

കർശന പരിശോധനകളും നടപടികളും ദിവസങ്ങൾ മാത്രമേ നീണ്ടു നിന്നുള്ളൂ. ഭക്ഷ്യ വിഷബാധ തടയുന്ന കാര്യത്തിൽ തുടർനടപടികളുണ്ടായില്ല. ഷവർമ ഉണ്ടാക്കുന്നതിനും വിപണനം നടത്തുന്നതിനും മാനദണ്ഡങ്ങളൊക്കെ സർക്കാർ നിശ്ചയിച്ചിരുന്നു. എന്നാൽ പഴയപോലെ തന്നെയാണ് പല സ്ഥാപനങ്ങളിലും ഇപ്പോഴും വിൽപ്പന നടത്തുന്നത്. ഇത് പാലിക്കപ്പെടുന്നുണ്ടോയെന്ന് പരിശോധിക്കാൻ അധികൃതർ ഒരുക്കമല്ല.

കോട്ടയത്ത് നഴ്‌സ് മരിച്ചതിന്റെ പശ്ചാത്തലത്തിൽ തുടർന്നുള്ള ദിവസങ്ങളിലും പരിശോധനയുണ്ടാകുമെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു. തുടർ നടപടികളോ ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിന് കൃത്യമായ സംവിധാനമോ ഇല്ലാത്ത അവസ്ഥയാണുള്ളത്.

സംസ്ഥാനത്തെ ഹോട്ടലുകളിലേക്ക് സുനാമി ഇറച്ചിയും കുറഞ്ഞ വിലക്ക് ഭക്ഷ്യയോഗ്യമല്ലാത്ത കോഴി ഇറച്ചിയും സുലഭമായി എത്തുന്നുവെന്ന് റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.

Tag

Leave a Reply

Your email address will not be published. Required fields are marked *