സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിതരുടെയും പകർച്ചപ്പനി ബാധിതരുടെയും എണ്ണം കൂടുന്നു |desease|

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിതരുടെയും പകർച്ചപ്പനി ബാധിതരുടെയും എണ്ണം കൂടുന്നു. ഇന്നലെ 96 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. തിരുവനന്തപുരം സ്വദേശിയായ ഒരാൾ മരിച്ചു. എലിപ്പനി, എച്ച്1എൻ1 എന്നിവയ്ക്കൊപ്പം ചിക്കൻപോക്സ് ഉൾപ്പെടെയുള്ളവയും പകരുന്നുണ്ട്. എറണാകുളത്താണു ഡെങ്കിപ്പനി കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്യുന്നത്. എച്ച്1 എൻ1 രോഗം ബാധിച്ച് ഈ വർഷം 23 പേരാണു മരിച്ചത്. പേവിഷബാധയെ തുടർന്ന് 7 മരണങ്ങളും രേഖപ്പെടുത്തി. ഹെപ്പറ്റൈറ്റിസ് സി ബാധിച്ച് 4 പേരാണു മരിച്ചത്.

കഴിഞ്ഞ മാസം 13,93,429 പേർക്കു പകർച്ചപ്പനി ബാധിച്ചതെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്ക്. കഴിഞ്ഞ മാസം 4 മരണവും രേഖപ്പെടുത്തി. ഈ വർഷം ഇതുവരെ 3571 പേർക്ക് ഡെങ്കിപ്പനി ബാധിച്ചപ്പോൾ ആകെ 13 പേർ മരിച്ചു. എലിപ്പനി ബാധിച്ചു 30 മരണവും കഴിഞ്ഞ മാസം രേഖപ്പെടുത്തി. പകർച്ചപ്പനി ബാധിച്ചവരുടെ യഥാർഥ കണക്കുകൾ പുറത്തു വിടരുതെന്നു ജില്ലാ മെഡിക്കൽ ഓഫിസർമാർക്ക് രഹസ്യനിർദേശം ലഭിച്ചതായി ആരോപണമുണ്ട്. ഞായറാഴ്ചയും അവധി ദിവസങ്ങളിലും പനി ബാധിച്ചവരുടെ കണക്കുകൾ ആരോഗ്യ വകുപ്പ് രേഖപ്പെടുത്താറില്ലെന്നും പരാതിയുണ്ട്. 184 പേർക്ക് ഹെപ്പറ്റൈറ്റിസ് എയും, 648 പേർക്ക് ഹെപ്പറ്റൈറ്റിസ് ബിയും, 209 പേർക്ക് ഹെപ്പറ്റൈറ്റിസ് സിയും സ്ഥിരീകരിച്ചു. ഇതിനു പുറമേ കോളറ, ടൈഫോയ്ഡ്, ചിക്കൻപോക്സ് എന്നിവയും ബാധിച്ചവരുടെ എണ്ണം കൂടുതലാണ്. 434 പേർക്കാണ് കഴിഞ്ഞ മാസം എച്ച്1 എൻ1 രോഗം സ്ഥിരീകരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *