ഷാരോണ്‍ രാജ് വധക്കേസില്‍ ഗ്രീഷ്മയുടെ മൊഴിമാറ്റം

പാറശാല: ഷാരോണ്‍ രാജ് വധക്കേസില്‍ ഗ്രീഷ്മയുടെ മൊഴിമാറ്റം. കുറ്റസമ്മതം ക്രൈം ബ്രാഞ്ചിന്റെ സമ്മര്‍ദ്ദം മൂലമെന്ന് ഗ്രീഷ്മ. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിചാരണ നടത്താന്‍ ക്രൈം ബ്രാഞ്ച് അപേക്ഷ സമര്‍പ്പിക്കും

പാറശാല ഷാരോണ്‍ രാജ് വധക്കേസില്‍ കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കുമെന്ന് ക്രൈംബ്രാഞ്ച്. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിചാരണ നടത്താന്‍ ക്രൈം ബ്രാഞ്ച് അപേക്ഷ സമര്‍പ്പിക്കുമെന്നും ഒരു മാസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കുമെന്നുമാണ് ക്രൈംബ്രാഞ്ച് അറിയിച്ചത്. മുഖ്യപ്രതി ഗ്രീഷ്മ
ക്രൈം ബ്രാഞ്ചിന് നല്‍കിയ മൊഴി മാറ്റിയ പശ്ചാത്തലത്തിലാണ് ക്രൈം ബ്രാഞ്ചിന്റെ പ്രതികരണം.

കുറ്റസമ്മതം ക്രൈം ബ്രാഞ്ചിന്റെ സമ്മര്‍ദ്ദം മൂലമെന്നാണ് ഗ്രീഷ്മയുടെ രഹസ്യമൊഴി. അമ്മയെയും അമ്മാവനെയും ഒഴിവാക്കാമെന്ന് ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പറഞ്ഞുവെന്നും ഇത് വിശ്വസിച്ചാണ് കുറ്റമേറ്റതെന്നുമാണ് ഗ്രീഷ്മയുടെ പുതിയ മൊഴി. നെയ്യാറ്റിന്‍കര കോടതിയിലെ രണ്ടാം ക്ലാസ് മജിസ്‌ട്രേറ്റ് വിനോദ് ബാബുവിന് മുന്നിലാണ് മൊഴി നല്‍കിയത്. രഹസ്യമൊഴി പെന്‍ ക്യാമറയില്‍ കോടതി പകര്‍ത്തിയിട്ടുണ്ട്.

പലതവണ ജ്യൂസില്‍ കീടനാശിനി കലര്‍ത്തി നല്‍കിയതായി ഗ്രീഷ്മ കേസ് അന്വേഷിക്കുന്ന ജില്ലാ ക്രൈം ബ്രാഞ്ചിന് മൊഴി നല്‍കിയിരുന്നു. ഇതെല്ലാം നിഷേധിക്കുന്ന തരത്തിലാണ് പുതിയ മൊഴിയെന്നതും ശ്രദ്ധേയമാണ്. ചോദ്യം ചെയ്യലിന്റെ ആദ്യ ദിനം തന്നെ ഗ്രീഷ്മ കുറ്റം സമ്മതിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറഞ്ഞത്. വേറെ വിവാഹം ഉറപ്പിച്ചപ്പോള്‍ ഷാരോണിനെ ഒഴിവാക്കാനായി കഷായത്തില്‍ വിഷം കലര്‍ത്തിയെന്നാണ് പൊലീസിനോട് പെണ്‍കുട്ടി സമ്മതിച്ചത്.

ഇപ്പോഴത്തെ മൊഴി ഇതില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമാണ്. കഷായം കുടിച്ച് ഗുരുതരാവസ്ഥയിലായ ഷാരോണ്‍ ചികിത്സയിലിരിക്കെ ഒക്ടോബര്‍ 25-ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെച്ചാണ് മരണത്തിന് കീഴടങ്ങിയത്. കോളജ് വിദ്യാര്‍ഥിയായ ഷാരോണിനെ കഷായത്തില്‍ വിഷം കലര്‍ത്തി നല്‍കി കൊലപ്പെടുത്തിയെന്നാണ് ഗ്രീഷ്മയ്‌ക്കെതിരായ കേസ്.

Leave a Reply

Your email address will not be published. Required fields are marked *