ശ്രീറാം വെങ്കിട്ടരാമനെ നരഹത്യാ കുറ്റത്തില്‍ നിന്ന് ഒഴിവാക്കിയത് ചോദ്യം ചെയ്ത് സര്‍ക്കാര്‍

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ.എം.ബഷീര്‍ കൊല്ലപ്പെട്ട കേസില്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമനെ നരഹത്യാ കുറ്റത്തില്‍ നിന്ന് ഒഴിവാക്കിയത് ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍. 2019 ഓഗസ്റ്റ് 3നു പുലര്‍ച്ചെ ശ്രീറാം വെങ്കിട്ടരാമന്‍ മദ്യപിച്ച് അലക്ഷ്യമായി വാഹനം ഓടിച്ച് അപകട മരണത്തിന് ഇടയാക്കിയെന്നാണു കേസ്.

ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം നല്‍കിയ വിടുതല്‍ ഹര്‍ജി പരിഗണിച്ച് നരഹത്യ, തെളിവു നശിപ്പിക്കല്‍ കുറ്റങ്ങള്‍ തിരുവനന്തപുരം അഡീഷനല്‍ സെഷന്‍സ് കോടതി ഒഴിവാക്കിയിരുന്നു. ഇതിനെതിരെയാണു സര്‍ക്കാരിന്റെ ഹര്‍ജി. എന്നാല്‍, കൊല്ലണമെന്ന ഉദ്ദേശ്യത്തില്‍ വാഹനം ഓടിച്ചിട്ടില്ലെന്നു കീഴ്‌ക്കോടതി കണ്ടെത്തിയതു വസ്തുതകള്‍ പരിശോധിക്കാതെയാണെന്നു സര്‍ക്കാരിന്റെ ഹര്‍ജിയില്‍ പറയുന്നു.

കീഴ്‌ക്കോടതിയില്‍ സര്‍ക്കാര്‍ രേഖാമൂലം എതിര്‍പ്പ് അറിയിക്കുകയും വേണ്ടത്ര തെളിവുണ്ടെന്ന് അറിയിക്കുകയും ചെയ്തിരുന്നു. ശ്രീറാം മദ്യ ലഹരിയില്‍ ആയിരുന്നതായി സാക്ഷിമൊഴികളുണ്ട്. ഡോക്ടറും ഐഎഎസ് ഉദ്യോഗസ്ഥനുമായ ശ്രീറാമിന് അതിന്റെ പ്രത്യാഘാതങ്ങള്‍ അറിവുള്ളതാണ്. എന്നിട്ടും വാഹനം ഓടിച്ചു മരണത്തിന് ഇടയാക്കിയതിനാല്‍ നരഹത്യാ കുറ്റം ബാധകമാകുമെന്നാണു സര്‍ക്കാരിന്റെ വാദം. സാക്ഷിമൊഴികളും രേഖകളും അന്തിമ റിപ്പോര്‍ട്ടും പ്രഥമദൃഷ്ട്യാ പ്രതിയുടെ പങ്കാളിത്തം തെളിയിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *