ശിവശങ്കറിന്റെ പങ്ക് വിചാരിച്ചതിലും വലുത്’; നാലു ദിവസം കൂടി ഇഡി കസ്റ്റഡിയിൽ വിട്ടു

കൊച്ചി: വടക്കാഞ്ചേരി ലൈഫ് മിഷൻ കോഴക്കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിന്റെ കസ്റ്റഡി നീട്ടി. നാലു ദിവസം കൂടി ശിവശങ്കറിന്റെ എൻഡഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിൽ വിടാൻ കോടതി ഉത്തരവിട്ടു. ശിവശങ്കറിന്റെ പങ്ക് വിചാരിച്ചതിലും വലുതാണെന്ന് ഇഡി കോടതിയെ അറിയിച്ചു. അതിനാൽ വിശദമായ ചോദ്യം ചെയ്യൽ വേണമെന്ന ഇഡിയുടെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു.

മൂന്നു ദിവസത്തെ ചോദ്യം ചെയ്യലിനു ശേഷം 14ന് രാത്രി 11 മണിയോടെയാണ് ശിവശങ്കറിനെ ഇഡി അറസ്റ്റ് ചെയ്തത്. തുടർന്ന് കോടതിയിൽ ഹാജരാക്കിയ ശിവശങ്കറിനെ ചോദ്യം ചെയ്യലിനായി 5 ദിവസത്തെ കസ്റ്റഡിയിൽ വിടുകയായിരുന്നു. അന്വേഷണത്തോട് ശിവശങ്കർ നിസഹകരണം തുടരുകയാണെന്നാണ് ഇഡി കുറ്റപ്പെടുത്തുന്നത്. തെളിവുകൾ നിരത്തിയുള്ള ചോദ്യം ചെയ്യലിലും വ്യക്തമായ മറുപടി നൽകാതെ ഒളിച്ചുകളി തുടരുകയാണെന്ന് ഇഡി വൃത്തങ്ങൾ പറയുന്നു. ലോക്കറിൽ നിന്ന് കണ്ടെത്തിയ കോഴപ്പണത്തിന്റെ കാര്യത്തിൽ വ്യക്തത വരുത്താൻ ശിവശങ്കറിന്റെ സ്വകാര്യ ചാർട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാലിനൊപ്പം ഒൻപത് മണിക്കൂർ ചോദ്യം ചെയ്തിരുന്നു.

വടക്കാഞ്ചേരി ലൈഫ് മിഷൻ ഭവനപദ്ധതിക്കു വേണ്ടി ജീവകാരുണ്യ സംഘടന യുഎഇ റെഡ് ക്രസന്റ് നൽകിയ 19 കോടി രൂപയിൽ 4.50 കോടി കോഴ വാങ്ങിയെന്ന കേസിൽ, മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്യുന്നത് അഴിമതി ആരോപണങ്ങളുടെ കാലഗണനാ ക്രമത്തിൽ. 2018 ഡിസംബർ 1 മുതൽ 2019 ഏപ്രിൽ 28 വരെ പദ്ധതിയുമായി ബന്ധപ്പെട്ടു സംഭവിച്ച കാര്യങ്ങൾ ഓരോന്നും വെവ്വേറെ പരിശോധിച്ചു രേഖപ്പെടുത്തിയാണു ചോദ്യം ചെയ്യുന്നത്. റെഡ് ക്രസന്റ് നൽകിയ തുകയിൽ 9 കോടി രൂപയും കോഴ ഇനത്തിൽ ചെലവായതായാണ് ആദ്യഘട്ടത്തിൽ പുറത്തുവന്ന വിവരം. പദ്ധതിയുടെ നടപടിക്രമങ്ങൾ ആരംഭിച്ച ലൈഫ് മിഷൻ സിഇഒ യു.വി.ജോസിനെ 2018 ഡിസംബറിൽ ഒരുമാസം തിരഞ്ഞെടുപ്പു ഡ്യൂട്ടിക്കായി ഡപ്യൂട്ടേഷൻ നൽകി മാറ്റിനിർത്തി എന്തിനാണ് സിഇഒ പദവി ഏറ്റെടുത്തതെന്ന ചോദ്യത്തിനു ശിവശങ്കർ വ്യക്തമായ മറുപടി നൽകിയില്ല.

തിരുവനന്തപുരത്തെ യുഎഇ കോൺസുലേറ്റിനു സമീപം വാഹനത്തിൽ കോഴപ്പണം എത്തിച്ച യൂണിടാക് കമ്പനി ഉടമ സന്തോഷ് ഈപ്പൻ ഈ തുക കോൺസുലേറ്റിലെ ഉദ്യോഗസ്ഥർക്കാണു കൈമാറിയത്. ഇതിനു ശേഷം സന്തോഷ് ഈപ്പൻ, സ്വപ്ന സുരേഷ്, പി.എസ്.സരിത്ത്, സന്ദീപ് നായർ എന്നിവർ തിരുവനന്തപുരത്ത് ഒത്തുചേർന്നു മദ്യസൽക്കാരം നടത്തിയത് 2019 ഏപ്രിൽ 28ന് ആണ്. ഈ തീയതി വരെ നടന്ന മുഴുവൻ കാര്യങ്ങളും ഇഡി ഓരോരുത്തരെയായി ചോദ്യം ചെയ്തു രേഖപ്പെടുത്തിയിട്ടുണ്ട്. ശിവശങ്കറിന്റെ സ്വകാര്യ ചാർട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാലും സ്വപ്നയും ചേർന്നു ബാങ്ക് ലോക്കർ തുറന്നതു ശിവശങ്കറിന്റെ നിർദേശ പ്രകാരമാണെന്നാണ് ഇഡിയുടെ നിഗമനം.

ഈ ലോക്കറിൽ സൂക്ഷിച്ച ഒരു കോടി രൂപ കോഴ ഇടപാടിൽ ശിവശങ്കറിനു ലഭിച്ച വിഹിതമാണെന്നും ഇഡി റിപ്പോർട്ടിൽ പറയുന്നു. സ്വപ്ന സൂക്ഷിച്ച പണം എവിടെ നിന്നാണു ലഭിച്ചതെന്ന് അറിയില്ലെന്നും സ്വപ്നയുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അന്വേഷിച്ചിട്ടില്ലെന്നുമാണു ശിവശങ്കറിന്റെ മൊഴി. യുഎഇ കോൺസുലേറ്റിലെ ഉദ്യോഗസ്ഥയെന്ന നിലയിൽ പ്രവാസികളുടെ പ്രശ്നങ്ങളിൽ സർക്കാർതലത്തിലുള്ള ഇടപെടലുകൾക്ക് സ്വപ്നയുടെ സഹായം ആവശ്യമായിരുന്നു. ആ പരിചയത്തിൻമേൽ, നിയമപരമായ സഹായം മാത്രമാണ് അവർക്കായി ചെയ്യാൻ ശ്രമിച്ചിട്ടുള്ളതെന്നും എന്നാൽ സ്വപ്ന സ്വർണക്കടത്തിൽ ഉൾപ്പെട്ട വിവരം കസ്റ്റംസ് ഉദ്യോഗസ്ഥരിൽനിന്ന് അറിഞ്ഞപ്പോൾ ഞെട്ടിപ്പോയെന്നും ശിവശങ്കർ മൊഴി നൽകി.

Leave a Reply

Your email address will not be published. Required fields are marked *