ശിവശങ്കറിന്റെ അറസ്റ്റും ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തലും; പ്രതിരോധ ജാഥയ്ക്കു മുൻപേ സിപിഎം പ്രതിരോധത്തിൽ

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ നയിക്കുന്ന ‘ജനകീയ പ്രതിരോധ ജാഥ’ കാസർകോട്ടുനിന്ന് ആരംഭിക്കാൻ നാലു ദിവസം ഉള്ളപ്പോൾ പെട്ടെന്നു കടുത്ത രണ്ട് ആരോപണങ്ങൾ പാർട്ടിയെ പ്രതിരോധത്തിലാക്കുന്നു. ഒന്ന് അഴിമതി; മറ്റൊന്ന് കൊലപാതകക്കേസ്.

ലൈഫ് മിഷൻ കോഴക്കേസിൽ എം.ശിവശങ്കറിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതോടെ ‘സ്വർണക്കേസ്’ വീണ്ടും ചർച്ചയായി. ഇതേസമയത്തുതന്നെ പാർട്ടിയുടെ ക്വട്ടേഷൻ സംഘാംഗമെന്ന് ആരോപിക്കപ്പെടുന്ന ആകാശ് തില്ലങ്കേരി ഷുഹൈബ് വധം ഉൾപ്പെടെയുള്ള കൊലപാതകങ്ങൾക്കു പിന്നിൽ കണ്ണൂർ നേതാക്കളുടെ പങ്കു വെളിപ്പെടുത്തി.

ഒന്നാം പിണറായി സർക്കാരിൽ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി എന്ന താക്കോൽപദവിയിൽ പ്രവർത്തിച്ച ഐഎഎസ് ഉദ്യോഗസ്ഥൻ പ്രതിക്കൂട്ടിലാകുമ്പോൾ സ്വാഭാവികമായും അത് എൽഡിഎഫിനും സർക്കാരിനും ക്ഷീണമാണ്. പ്രതിപക്ഷത്തിന് ആയുധവുമാണ്. നിയമസഭാ സമ്മേളനം 27നു പുനരാരംഭിക്കാനിരിക്കുകയുമാണ്. ലൈഫ് മിഷൻ എൽഡിഎഫിന്റെ സ്വപ്ന പദ്ധതികളിലൊന്നാണ്. മുഖ്യമന്ത്രിയാണ് അതിന്റെ ചെയർമാൻ.

മട്ടന്നൂർ ഷുഹൈബ് വധക്കേസിലും സിബിഐ അന്വേഷണത്തെ സർക്കാർ എതിർക്കുന്ന സാഹചര്യത്തിലാണ് അതിലെ പ്രതികളിൽ ഒരാളായ ഡിവൈഎഫ്ഐയുടെ മുൻ പ്രവർത്തകൻ ആകാശ് പാർട്ടിയുടെ പങ്കു തുറന്നു കാട്ടിയത്. ഷുഹൈബിന്റെ മാതാപിതാക്കൾ ആവശ്യപ്പെടുന്ന സിബിഐ അന്വേഷണത്തെ ഹൈക്കോടതിയിലും സുപ്രീംകോടതിയിലും എന്തുകൊണ്ടു സർക്കാർ എതിർക്കുന്നുവെന്ന് ഇതോടെ വ്യക്തമായെന്നു പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു. ഈ കൊലപാതകക്കേസ് സിബിഐ അന്വേഷിക്കേണ്ട കാര്യമില്ലെന്നു സമർഥിക്കാനായി ഇതുവരെ 54 ലക്ഷം രൂപയാണു ഖജനാവിൽനിന്നു സർക്കാർ ചെലവാക്കിയത്. ഇ.പി.ജയരാജനെതിരെ പി.ജയരാജൻ സാമ്പത്തിക ആരോപണം ഉന്നയിച്ച സമയത്തുതന്നെ ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തൽ വന്നതു യാദൃച്ഛികമാകണമെന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *