ശശി തരൂർ പൊരുതുമ്പോൾ കേരളം ഹൈക്കമാൻഡിൻ്റെ തൊഴുത്തിൽ

    കോണ്‍ഗ്രസിന് പുതിയൊരു മുഖം എന്ന തരൂരിന്റെ നിലപാടിന് പിന്നില്‍ ഉറച്ചുനില്‍ക്കാന്‍ കേരളത്തിലെ കോണ്‍ഗ്രസുകാര്‍ തയ്യാറാവുകയാണ് വേണ്ടത്. പക്ഷെ ഹൈക്കമാന്‍ഡിന്റെയും രാഹുല്‍ഗാന്ധിയുടെയും അടുക്കളയില്‍ നിന്ന് പുറത്താകുമെന്ന ഭയമില്ലാത്ത എത്ര കോണ്‍ഗ്രസ് നേതാക്കള്‍ കേരളത്തില്‍ ഉണ്ടാകുമെന്നതാണ് ചോദ്യം. അവരുടെ എണ്ണം വളരെ വിരളമായിരിക്കും.

ഇത്തവണ ജനാധിപത്യപരമായ തിരഞ്ഞെടുപ്പിലൂടെ നെഹ്റു കുടുംബത്തിന് വെളിയില്‍ നിന്നൊരു പ്രസിഡന്റിനെ കോണ്‍ഗ്രസ് തിരഞ്ഞെടുക്കാന്‍ ഒരുങ്ങുകയാണ്. മത്സരിക്കുന്ന പ്രമുഖരില്‍ രണ്ടുപേരും ദക്ഷിണേന്ത്യയില്‍ നിന്നാണ്. അതില്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ നെഹ്റു കുടുംബത്തിന്റെ സ്ഥാനാര്‍ത്ഥിയാണ്. ഭംഗിക്ക് പറഞ്ഞാല്‍ ഹൈക്കമാന്‍ഡ് പിന്തുണയുള്ള സ്ഥാനാര്‍ത്ഥി.

ഹൈക്കമാന്‍ഡ് പിന്തുണയുടെ യോഗ്യത നെഹ്റു കുടുംബത്തോടുള്ള കറകളഞ്ഞ വിശ്വസ്തതയാണ്. സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും മത്സരരംഗത്തുനിന്നും പിന്മാറിയ തിരഞ്ഞെടുപ്പില്‍ നെഹ്‌റു കുടുംബത്തിന്റെ ഇംഗിതം അറിഞ്ഞ് പാര്‍ട്ടിയെ നയിക്കുന്ന ഒരു അധ്യക്ഷന്‍ തന്നെ വേണം. തരൂര്‍ അത്തരത്തില്‍ ഹൈക്കമാന്‍ഡിന്റെ വളയത്തില്‍ കൂടി ചാടില്ലെന്ന് ഇതിന് മുമ്പും പലവട്ടം തെളിയിച്ചതാണ്. തരൂരിന് കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തിയെടുക്കാന്‍ ചില കാഴ്ചപ്പാടുകളുണ്ട്. മുമ്പും പലവട്ടം അത്തരം ആശയങ്ങള്‍ അദ്ദേഹം പങ്കുവച്ചിട്ടുള്ളതാണ്. പാര്‍ട്ടി പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടാല്‍ തന്റെ കാഴ്ചപ്പാട് എന്തായിരിക്കും എന്നത് സംബന്ധിച്ച ഒരു ദര്‍ശന രേഖകൂടി തരൂര്‍ മുന്നോട്ടു വച്ചിട്ടുണ്ട്. നെഹ്‌റു കുടുംബത്തിന് കോണ്‍ഗ്രസ് പാര്‍ട്ടിയിലുള്ള പിടി അപ്പാടെ ദുര്‍ബലപ്പെടുത്തുന്നതാണ് തരൂര്‍ അവതരിപ്പിക്കുന്ന കാഴ്ചപ്പാടുകളുടെ ആകെ തുക.

ആശയപരമായും രാഷ്ട്രീയമായും ബി.ജെ.പിയെയും സംഘപരിവാര്‍ ആശയത്തേയും നേരിടാന്‍ ശേഷിയുണ്ടെന്ന് തെളിയിച്ച നേതാവാണ് ശശി തരൂര്‍. സുനന്ദപുഷ്‌കര്‍ വിഷയത്തില്‍ അന്വേഷണ ഏജന്‍സികള്‍ പ്രതിരോധത്തിലാക്കിയപ്പോഴും ബി.ജെ.പിക്ക് മുന്നില്‍ മുട്ടുമടക്കാന്‍ തരൂര്‍ തയ്യാറായിരുന്നില്ല. സംഘപരിവാറിനെ ആശയപരമായി അക്രമിക്കാനും മടിച്ചിരുന്നില്ല. ഇതെല്ലാം പരിഗണിച്ച് കോണ്‍ഗ്രസിന് പുതിയൊരു മുഖം എന്ന തരൂരിന്റെ നിലപാടിന് പിന്നില്‍ ഉറച്ചുനില്‍ക്കാന്‍ കേരളത്തിലെ കോണ്‍ഗ്രസുകാര്‍ തയ്യാറാവുകയാണ് വേണ്ടത്. പക്ഷെ ഹൈക്കമാന്‍ഡിന്റെയും രാഹുല്‍ഗാന്ധിയുടെയും അടുക്കളയില്‍ നിന്ന് പുറത്താകുമെന്ന ഭയമില്ലാത്ത എത്രകോണ്‍ഗ്രസ് നേതാക്കള്‍ കേരളത്തില്‍ ഉണ്ടാകുമെന്നതാണ് ചോദ്യം. അവരുടെ എണ്ണം വളരെ വിരളമായിരിക്കും. ശശി തരൂരിന്റെ സ്ഥാനാര്‍ത്ഥിത്വം പോലും ഹൈക്കമാന്‍ഡിന്റെ ശാക്തിക കേന്ദ്രങ്ങള്‍ ഇടപെട്ട് അപ്രസക്തമാക്കുമ്പോള്‍ കോണ്‍ഗ്രസ് മാറാന്‍ പോകുന്നില്ലെന്ന് തന്നെയാണ് മാളോകര്‍ മനസ്സിലാക്കേണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *