ശബരിമലയിൽ ഇന്നും വൻ തിരക്ക്

ശബരിമല: വെർച്വൽ ക്യൂ വഴിയുള്ള ബുക്കിങ് തൊണ്ണൂറായിരമായി കുറച്ചെങ്കിലും ഇന്നും ശബരിമലയിൽ വൻ ഭക്തജനത്തിരക്ക്. വെർച്വൽ ക്യൂ വഴി എഴുപതിനായിരത്തിനടുത്ത് ആളുകളാണ് ഇന്ന് ബുക്ക് ചെയ്തിരിക്കുന്നത്. സന്നിധാനത്തെ സ്ഥിതിഗതികൾ വിലയിരുത്താൻ ഡിജിപിയും ഉന്നത ഉദ്യോഗസ്ഥരും മറ്റന്നാൾ എത്തും.

ഇന്നലെ ബുക്ക് ചെയ്ത 1,20,000 ആളുകളിൽ ദർശനം പൂർത്തിയാകാത്തവർ എത്തുന്നതിനാൽ ഇന്നും തിരക്ക് അനുഭവപ്പെടാനാണ് സാധ്യത. നിലവിൽ ദർശന സമയം ഒരു മണിക്കൂർ വർദ്ധിപ്പിച്ച് ഉച്ചക്ക് ഒന്നരയ്ക്കും രാത്രി 11.30നുമാണ് നട അടയ്ക്കുന്നത്. കൂടുതൽ തീർഥാടകരെ കടത്തി വിടുന്നതിനായി പതിനെട്ടാം പടിയിൽ പരിശീലനം നേടിയവരെ നിയോഗിക്കും. ഇതിൻ്റെ ഭാഗമായി തിരക്ക് നിയന്ത്രിച്ച് പരിചയം ഉള്ള കെ.സുദർശനെ സന്നിധാനം എസ്പി ആയി നിയമിച്ചു.

പതിനെട്ടാം പടിയിൽ 100 ഐആർബി ഉദ്യോഗസ്ഥരെയും, മരക്കൂട്ടം മുതൽ സന്നിധാനം വരെ 420 പോലീസുകാരെയും അധികമായി നിയോഗിക്കുമെന്നും, തീർഥാടകർക്ക് വെള്ളവും ലഘുഭക്ഷണവും ഒരുക്കുമെന്നും സർക്കാർ ഇന്നലെ ഹൈക്കോടതിയെ അറിയിച്ചു. 15 തിയ്യതി ഡിജിപി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ സന്നിധാനത്തു എത്തി സ്ഥിഗതികൾ വിലയിരുത്തും. അതേസമയം നിലക്കലിലെ പാർക്കിങ്ങ് കേന്ദ്രങ്ങളിൽ ആവശ്യത്തിന് തൊഴിലാളികളെ നിയമിക്കാതത്തിന് കരാറുകാരന് ദേവസ്വം ബോർഡ് കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്. ഇന്നലെ നിലയ്ക്കലിൽ രൂപപ്പെട്ട ഗതാഗത കുരുക്ക് കിലോമീറ്ററുകൾ പിന്നിട്ട് പ്ലാപ്പള്ളി വരെ നീണ്ടിരുന്നു.
ശബരിമലയിലെ ഭക്തജന തിരക്ക് ഹൈക്കോടതി ദേവസ്വം ബെഞ്ച് ഇന്ന് വീണ്ടും പരിഗണിക്കും. ഇന്നലെ സർക്കാർ വിളിച്ച ഉന്നതതലയോഗത്തിലെ തീരുമാനങ്ങൾ അറിയിക്കണമെന്ന് ജില്ലാ കലക്ടർക്ക് കോടതി നിർദേശം നൽകിയിരുന്നു. ഇക്കാര്യം കലക്ടർ കോടതിയെ അറിയിക്കും. തിരക്ക് നിയന്ത്രിക്കാൻ കൈക്കൊണ്ട നടപടികൾ കാര്യക്ഷമമാക്കാനും കോടതി നിർദേശിച്ചിരുന്നു. നിലക്കൽ പാർക്കിങ് ഗ്രൗണ്ടിൽ ആവശ്യത്തിന് തൊഴിലാളികളെ നിയമിക്കാത്ത പക്ഷം കരാറുകാരനെ ഒഴിവാക്കാനാണ് കോടതി നിർദേശം.

Leave a Reply

Your email address will not be published. Required fields are marked *