വൻ കുഴൽപ്പണ വേട്ട: 78 ലക്ഷം രൂപയുമായി ഒരാൾ പിടിയിൽ

മലപ്പുറം: അരീക്കോട് വൻ കുഴൽപ്പണ വേട്ട.രേഖകൾ ഇല്ലാതെ കടത്തുകയായിരുന്ന 78 ലക്ഷം രൂപയുമായി ഒരാൾ അരീക്കോട് പോലീസിന്റെ പിടിയിൽ. കോഴിക്കോട് കൊടുവള്ളി സ്വദേശി പാമ്പങ്ങൽ വീട്ടിൽ ഷമീറലിയാണ് പിടിയിലായത് .

മതിയായ രേഖകളില്ലാതെ വാഹനത്തിൽ ഒളിപ്പിച്ചു കടത്തുകയായിരുന്ന 78,08045 രൂപയുടെ കുഴൽപ്പണമാണ് അരീക്കോട് പോലീസ് പിടികൂടിയത് -അരീക്കോട് വാലില്ലാപ്പുഴ പൂഴിക്കുന്നിൽ വെച്ച് നടത്തിയ വാഹന പരിശോധനയിലാണ് കൊടുവള്ളി സ്വദേശി പാമ്പങ്ങൽ വീട്ടിൽ ഷമീറലിൽ നിന്ന് ഇത്രയധികം തുക പിടികൂടിയത്. നോട്ടുകൾ കെട്ടുകളാക്കി വാഹനത്തിലെ രഹസ്യ അറയിൽ ഒളിപ്പിച്ച നിലയിലാണ് അനധികൃതമായി കടത്താൻ ശ്രമിച്ചത്. പണം കടത്താൻ ഉപയോഗിച്ച വാഹനവും പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. പിടിച്ചെടുത്ത തുക കോടതിക്ക് കൈമാറുമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.

തുടർ നടപടികൾക്കായി ഇൻകംടാക്‌സ് വിഭാഗത്തിനും എൻഫോഴ്‌സ്‌മെന്റ് വിഭാഗത്തിനും പോലീസ് റിപ്പോർട്ട് നൽകും.അരീക്കോട് പോലീസ് ഇൻസ്‌പെക്ടർ അബ്ബാസ് അലിയുടെ നേതൃത്വത്തിൽ അരീക്കോട് ജൂനിയർ സബ് ഇൻസ്‌പെക്ടർ ജിതിൻ യുകെ, മലപ്പുറം ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക സ്‌ക്വാഡ് എന്നിവർ ചേർന്നാണ് അനധികൃത പണം പിടിച്ചെടുത്തത്. നേരത്തെ മലപ്പുറം പെരിന്തൽമണ്ണയിലെ വളാഞ്ചേരിയിലും ഇത്തരത്തിൽ വലിയ തോതിൽ കുഴൽപ്പണം പിടികൂടിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *