വൻഭൂചലനത്തിനു പിന്നാലെ തുടർചലനങ്ങളും; മരണം 4000 കടന്നു, സഹായഹസ്തം നീട്ടി ലോകം

ഇസ്താംബുൾ: നൂറുകണക്കിനുപേരുടെ മരണത്തിന് ഇടയാക്കിയ ഭൂചലനത്തിനു പിന്നാലെ തുർക്കിയിൽ രണ്ടു തുടർചലനങ്ങളും. 7.8 തീവ്രത രേഖപ്പെടുത്തിയ ആദ്യ ഭൂചലനത്തിനു ശേഷം യഥാക്രമം 7.5, 6 എന്നിങ്ങനെ തീവ്രത രേഖപ്പെടുത്തിയ മറ്റു രണ്ടു ഭൂചലനങ്ങൾ കൂടി ഉണ്ടായി. ഇനിയും തുടർചലനങ്ങൾ ഉണ്ടായേക്കാമെന്ന് തുർക്കി ദുരന്തനിവാരണ ഏജൻസി അറിയിച്ചു.

തുര്‍ക്കിയിലും അയൽരാജ്യമായ സിറിയയിലുമായുണ്ടായ ആദ്യ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 4000 കടന്നു. തുർക്കിയിൽ മാത്രം 1498 പേർ മരിച്ചതായും 5,383 പേർക്ക് പരുക്കേറ്റതായും പ്രസിഡന്റ് തയിപ് എർദോഗൻ അറിയിച്ചു. രക്ഷാ പ്രവർത്തനം തുടരുകയാണ്. മരണസംഖ്യ ഇനിയും എത്രത്തോളം ഉയരുമെന്നു കണക്കാക്കാനാകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിറിയയിൽ 810 പേർ മരിച്ചതായാണ് റിപ്പോർട്ടുകൾ.

ഭൂചലനത്തിൽ ദുരിതക്കയത്തിലായ ഇരുരാജ്യങ്ങൾക്കും സഹായവാഗ്ദാനവുമായി ഇന്ത്യയുൾപ്പെടെ നിരവധി രാജ്യങ്ങൾ രംഗത്തെത്തി. ദുരന്തനിവാരണത്തിനായി രണ്ടു എൻഡിആർഎഫ് സംഘങ്ങളെയാണ് ഇന്ത്യ നിയോഗിച്ചത്. ബ്രിട്ടൻ, ജർമനി, ഫ്രാൻസ്, ഇസ്രയേൽ, കാനഡ, ഗ്രീസ്, ഈജിപ്ത് തുടങ്ങിിയ രാജ്യങ്ങളാണ് സഹായവാഗ്ദാനം മുന്നോട്ടു വച്ചത്. ഇതിനകം 45 ലോകരാജ്യങ്ങൾ സഹായം വാഗ്ദാനം ചെയ്തതായി തുർക്കി പ്രസിഡന്റ് വിശദീകരിച്ചു.

നൂറുകണക്കിനുപേർ ഇപ്പോഴും കെട്ടിടാവശിഷ്ടങ്ങൾക്കുള്ളിൽ കുടുങ്ങിക്കിടക്കുകയാണ്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് വിവരം. രക്ഷാപ്രവർത്തനങ്ങൾക്കിടെ ചിലയിടത്ത് വീണ്ടും കെട്ടിടങ്ങൾ തകർന്നതായും റിപ്പോർട്ടുണ്ട്.

വിമതരുടെ കൈവശമുള്ള മേഖലകളിൽ കുറഞ്ഞത് 120 പേരെങ്കിലും മരിച്ചിട്ടുണ്ടാകാമെന്നാണ് റിപ്പോർട്ട്. രണ്ടായിരം വർഷത്തോളം പഴക്കമുള്ള ചരിത്രസ്മാരകങ്ങളും ഭൂചലനത്തിൽ നിലംപൊത്തി.

റിക്ടര്‍ സ്‌കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് തെക്ക് കിഴക്കന്‍ തുര്‍ക്കിയില്‍ അനുഭവപ്പെട്ടത്. 15 മിനിറ്റിനുശേഷം റിക്ടര്‍ സ്‌കെയിലില്‍ 6.7 രേഖപ്പെടുത്തിയ തുടര്‍ചലനവും അനുഭവപ്പെട്ടു. കുറഞ്ഞത് 50 തുടർചലനങ്ങളാണ് ഉണ്ടായത്. നിരവധി കെട്ടിടങ്ങള്‍ നിലംപൊത്തി. ധാരാളം പേര്‍ ഇതിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ലെബനനിലും സൈപ്രസിലും ചലനം അനുഭവപ്പെട്ടു.

അലപ്പോ, ഹാമ, ലറ്റാകിയ എന്നിവിടങ്ങളെയാണ് ഭൂകമ്പം ഏറെ ബാധിച്ചത്. വിമതരുടെ നിയന്ത്രണത്തിലുള്ള ഇദ്‌ലിബ് മേഖലയിൽ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നൂറിലേറെപ്പേർ കുടുങ്ങിക്കിടക്കുന്നതായി സിറിയ സിവിൽ ഡിഫൻസ് സേന അറിയിച്ചു.

പ്രാദേശിക സമയം തിങ്കളാഴ്ച പുലർച്ചെ 4.17നാണ് ആദ്യ ഭൂചലനമുണ്ടായത്. ആളുകള്‍ ഉറങ്ങിക്കിടക്കുമ്പോഴാണ് അതിശക്തമായ ഭൂചലനം ഉണ്ടായത്. ഞെട്ടിയുണര്‍ന്ന ആളുകള്‍ പരിഭ്രാന്തരായി പരക്കം പായുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.

തകര്‍ന്നുവീണ കെട്ടിടങ്ങളില്‍നിന്ന് ആളുകളെ പുറത്തെടുക്കാനുള്ള ശ്രമം തുടരുകയാണ്. സിറിയയുടെ അതിര്‍ത്തിയോട് ചേര്‍ന്നുള്ള തെക്ക്-കിഴക്കന്‍ തുര്‍ക്കിയിലെ ഗാസിയാന്‍ടെപ്പില്‍ 17.9 കിലോമീറ്റര്‍ ഭൂമിക്കടിയിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്നാണ് വിലയിരുത്തൽ.

തുര്‍ക്കിയുടെ തലസ്ഥാനമായ അങ്കാറയിലും സമീപമുള്ള മറ്റ് പ്രധാന നഗരങ്ങളിലും പ്രകമ്പനമുണ്ടായി. തുര്‍ക്കിയിലെ പത്ത് നഗരങ്ങളെ ഭൂചലനം ബാധിച്ചുവെന്ന് തുര്‍ക്കി ആഭ്യന്തരമന്ത്രി അറിയിച്ചു.

ദുരന്ത മേഖലയിലേക്ക് രക്ഷാസംഘങ്ങളെ അയച്ചുവെന്നും രാജ്യമാകെ ഒന്നിച്ചുനിന്നു ദുരന്തത്തെ നേരിടുമെന്നും തുര്‍ക്കി പ്രസിഡന്റ് തയീപ് എര്‍ദോഗന്‍ ട്വിറ്ററില്‍ അറിയിച്ചു. ആദ്യ ചലനത്തിനു പിന്നാലെ ആറ് തുടര്‍ചലനം അനുഭവപ്പെട്ടുവെന്നും അപായസാഹചര്യം മുൻനിർത്തി ആളുകള്‍ തകര്‍ന്ന വീടുകള്‍ക്കുള്ളിലേക്ക് കയറരുതെന്നും അധികൃതര്‍ മുന്നറിയിപ്പു നല്‍കി.

ഇറാഖിൽനിന്ന് തുർക്കിയിലേക്ക് എണ്ണ കൊണ്ടുപോകുന്ന പൈപ്പ്‌ലൈനിന് തകരാർ സംഭവിച്ചിട്ടില്ലെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. ഇപ്പോഴും ഇതുവഴി എണ്ണ കൊണ്ടുപോകുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *