വൈദ്യുതി നിരക്ക് വർദ്ധിപ്പിക്കാൻ ശുപാർശ

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യതി നിരക്ക് വർധിപ്പിക്കണമെന്ന് കെ.എസ്.ഇ.ബി സർക്കാരിനോട് ആവശ്യപ്പെട്ടു. വൈകുന്നേരം ആറ് മണിമുതൽ പത്ത് മണിവരെ നിരക്ക് കൂട്ടണമെന്നാണ് ആവശ്യം. പകൽ സമയം നിരക്ക് കുറക്കാമെന്ന നിർദേശവും കെ.എസ്.ഇ.ബി അധികൃതർ മുന്നോട്ട വെച്ചിട്ടുണ്ട്.

നിരക്ക് മാറ്റം ആവശ്യപ്പെട്ട് റെഗുലേറ്ററി കമ്മീഷന് അപേക്ഷ നൽകുമെന്ന് വൈദ്യുത മന്ത്രി കെ.കൃഷ്ണൻകുട്ടി പറഞ്ഞു. ഉപയോക്താക്കൾ സ്വയം നിയന്ത്രിച്ചാൽ നിരക്ക് വർധനവ് ബാധകമായിരിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. കെ.എസ്.ഇ.ബിയുടെ പുതിയ തീരുമാനം ഗാർഹിക വാണിജ്യ ഉപഭോക്താക്കളുടെ വൈദ്യുത ബിൽ വലിയ തോതിൽ ഉയരാൻ ഇടയാക്കും. വൻകിട ഉപഭോക്താക്കൾ പുറത്ത് നിന്ന് നേരിട്ട് വൈദ്യുതി കൊണ്ടുവരികയും അത് വഴി കെ.എസ്.ഇ.ബിയുടെ പ്രവർത്തനം താളം തെറ്റുകയും ചെയ്യുന്ന സാഹചര്യം ഒഴിവാക്കാൻ കൂടിയാണ് പുതിയ നിർദേശം.

പുതിയ കാര്യങ്ങൾ നടപ്പാകുന്നതോടെ രാവിലെ ആറു മുതൽ വൈകിട്ട് അറ് വരെയുള്ള സമയത്ത് സാധാരണ നിരക്കും വൈകിട്ട് ആറ് മണിമുതൽ രാത്രി പത്ത് വരെയുള്ള പീക് അവേഴ്‌സിൽ കൂടിയ നിരക്കും ഈടാക്കാനാണ് ലക്ഷ്യമിടുന്നത്. രാത്രി പത്തു മുതൽ പുലർച്ചെ ആറ് മണി വരെയുള്ള ഓഫ് പീക് അവേഴ്‌സിൽ നിലവിലുള്ളതിനേക്കാൾ കുറഞ്ഞ നിരക്കേ ഈടാക്കുകയുള്ളുവെന്നും അറിയിച്ചിട്ടുണ്ട്. 20 കിലോവാട്ടിൽ കൂടുതൽ ഉപയോഗമുളള വ്യവസായങ്ങൾക്കും പ്രതിമാസം 500 യൂണിറ്റിൽ കൂടുതലുള്ളവർക്കും നിലവിൽ ഇത്തരത്തിലാണ് സംസ്ഥാനത്ത് ബില്ലിങ് നടപ്പാക്കിയിരിക്കുന്നത്.

എന്നാൽ വൈദ്യുതമന്ത്രി നിർദേശിക്കുന്ന രീതിയിൽ പുതിയ ബില്ലിങ് രീതി നടപ്പാക്കണമെങ്കിൽ എല്ലാ ഉപയോക്താക്കൾക്കുമായി സ്മാർട്ട് മീറ്റർ സഥാപിക്കേണ്ടി വരും. വൈദ്യുതി നിരക്ക് വർധിപ്പിക്കാൻ കഴിഞ്ഞ വർഷം ബോർഡ് റെഗുലേറ്ററി കമ്മീഷനെ സമീപിച്ച ഘട്ടത്തിൽ ഈ നിർദേശം ഉയർന്നിരുന്നുവെങ്കിലും എതിർപ്പുകൾ മൂലം ഉപേക്ഷിക്കേണ്ടി വന്നിരുന്നു. വ്യവസായങ്ങൾക്ക് വൈകിട്ട് ആറ് മുതൽ രാത്രി പത്ത് വരെ 50 ശതമാനം അധിക നിരക്കും രാത്രി പത്ത് മുതൽ രാവിലെ ആറ് വരെ 25 ശതമാനം ഇളവ് നൽകാനും കെ.എസ്.ഇ.ബി ലക്ഷ്യം വെക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *