വി പി ജോയ് വിരമിക്കുന്ന ഒഴിവിൽ ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. വി.വേണു ചീഫ് സെക്രട്ടറിയായേക്കും

തിരുവനന്തപുരം: വി പി ജോയ് ചീഫ് സെക്രട്ടറി സ്ഥാനത്തുനിന്ന് വിരമിക്കുന്ന ഒഴിവിൽ ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറി ഡോക്ടർ വി.വേണു ചീഫ് സെക്രട്ടറിയായേക്കും. സംസ്ഥാന പോലീസ് മേധാവി അനിൽകാന്ത് വിരമിക്കുന്ന ഒഴിവിൽ എഡിജിപി കെ പത്മകുമാർ ഡിജിപി ആകാൻ സാധ്യത ഏറി. ഇതോടൊപ്പം ഉദ്യോഗസ്ഥത തലത്തിലും വൻ അഴിച്ചു പണി വരുന്നതായാണ് സൂചന.

ചീഫ് സെക്രട്ടറിയും ഡിജിപിയും വിരമിക്കുകയും ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തു വരികയും ചെയ്യുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ഉദ്യോഗസ്ഥത തലത്തിൽ വൻ അഴിച്ചു പണി വരുന്നു . ഡോ. വി.പി ജോയ് വിരമിക്കുന്ന ഒഴിവിൽ ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. വി.വേണു ചീഫ് സെക്രട്ടറി ആകും എന്നാണ് സൂചന. പകരം ടൂറിസം പ്രിൻസിപ്പൽ സെക്രട്ടറി സുമൻ ബില്ല ആഭ്യന്തര സെക്രട്ടറി ആയേക്കും.

സംസ്ഥാന പോലീസ് മേധാവി അനിൽകാന്ത് ജൂണിൽ വിരമിക്കുന്ന ഒഴിവിൽ പോലീസ് ആസ്ഥാനത്തെ എഡിജിപി കെ പത്മകുമാറിനാണ് കൂടുതൽ സാധ്യത. സീനിയോറിറ്റി മറികടക്കാൻ ആണ് രാഷ്ട്രീയ തീരുമാനമെങ്കിൽ ക്രൈംബ്രാഞ്ച് മേധാവി ഷേഖ് ദർവേഷ് സാഹിബിന് നറുക്ക് വീഴും. ഇവർക്ക് പുറമെ നിതിൻ അഗർവാൾ ,ഹരിനാഥ് മിശ്ര, രവാഡ ചന്ദ്രശേഖർ, എസ് കെ പട്ജോഷി, ടി കെ വിനോദ് കുമാർ , യോഗേഷ് ഗുപ്ത എന്നീ പേരുകളും ഉൾപ്പെടുത്തി സംസ്ഥാന സർക്കാർ കേന്ദ്രത്തിന് കത്ത് നൽകി.

യു പി എസ് സി യുടെ അഞ്ചെംഗ സമിതി ഇവരിൽ മൂന്നു പേരെ ഉൾപ്പെടുത്തി സംസ്ഥാന സർക്കാരിന് പട്ടിക കൈമാറും. ഇതിൽ ആരെ വേണമെങ്കിലും സർക്കാരിന് ഡിജിപി ആക്കാം. സീനിയോറിറ്റിയും സർവീസ് യോഗ്യതയും കണക്കിലെടുത്താൽ നിതിൻ അഗർവാൾ, കെ പത്മകുമാർ, ഷേഖ് ദർവേഷ് സാഹിബ് എന്നിവർക്കാണ് മുൻഗണന. മൂവരും സർക്കാരിന് അഭിമതരാണ്. സംസ്ഥാന പോലീസ് മേധാവിയായി പരിഗണിക്കപ്പെടുന്നില്ലെങ്കിൽ നിതിൻ അഗർവാൾ ബിഎസ്എഫ് ഉൾപ്പെടെ കേന്ദ്രസേനകളിൽ ഒന്നിന്റെ തലവനായി നിയമിക്കപ്പെട്ടേക്കും. രവാഡ ചന്ദ്രശേഖറും വിനോദ് കുമാറും സർക്കാരിന് താല്പര്യമുള്ളവർ ആണെങ്കിലും സീനിയോറിറ്റിയിൽ താഴെയാണ്. തലപ്പത്തെ മാറ്റങ്ങൾക്ക് അനുസൃതമായി മറ്റ് ഐപിഎസ് ഉദ്യോഗസ്ഥർക്കും പത്തോളം ജില്ലാ പോലീസ് മേധാവികൾക്കും സ്ഥാനചലനം ഉണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *