വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരം നയിക്കാന്‍ ഇനി പുരോഹിതരുണ്ടാകില്ല

തിരുവനന്തപുരം: ഏറെ വിവാദങ്ങള്‍ക്ക് വഴി വെച്ച് വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരം നയിക്കാന്‍ ഇനി പുരോഹിതരുണ്ടാകില്ല. അല്‍മായരായിരിക്കും ഇനി സമരം നയിക്കുകയെന്ന് പുരോഹിതര്‍ തന്നെ വിശ്വാസികളെ അറിയിക്കുകയും ചെയ്തു.

നൂറുദിവസത്തിലധികം നീണ്ട വിഴിഞ്ഞം സമരത്തിന് ഇതു വരെ നേതൃത്വം നല്‍കിയത് പുരോഹിതരായിരുന്നു. അത് തന്നെയാണ് ജനങ്ങള്‍ക്ക് വിശ്വാസമേകിയതും.

വിഴിഞ്ഞം തുറമുഖവിരുദ്ധ സമരമവസാനിപ്പിച്ചതിന്റെ കാരണങ്ങള്‍ വിശ്വാസികളെ ബോധ്യപ്പെടുത്താന്‍ ലത്തീന്‍ അതിരൂപതയുടെ പള്ളികളില്‍ ഞായറാഴ്ച ഇടയലേഖനം വായിച്ചു. വിഴിഞ്ഞം അതിരൂപതാ ആര്‍ച്ച് ബിഷപ്പ് തോമസ് ജെ. നെറ്റോ നേരിട്ടെത്തി വിശ്വാസികളുമായി സംസാരിക്കുകയുണ്ടായി. കുര്‍ബാനയ്ക്ക് ശേഷമാണ് ആര്‍ച്ച് ബിഷപ്പ് വിശ്വാസികളോട് സംസാരിച്ചത്. നൂറുദിവസത്തിലധികം നീണ്ടസമരം, കൃത്യമായ ഉറപ്പുലഭിക്കാതെ ഏകപക്ഷീയമായി അവസാനിപ്പിച്ചുവെന്ന അഭിപ്രായം വിശ്വാസികള്‍ക്കുണ്ട്. ഇതോടെയാണ് സമരത്തിന്റെ പ്രഭവകേന്ദ്രമായ വിഴിഞ്ഞത്ത് ആര്‍ച്ച് ബിഷപ്പ് നേരിട്ടെത്തി കാര്യങ്ങള്‍ വിശദീകരിച്ചത്. തുടര്‍സമരങ്ങള്‍ക്ക് പുരോഹിതര്‍ നേരിട്ട് നേതൃത്വം നല്‍കേണ്ടെന്ന് സമരസമിതി തീരുമാനിച്ചു. വിശ്വാസികളുടെയും അല്‍മായരുടെയും നേതൃത്വത്തിലുള്ള സമരമായിരിക്കും ഇനിയുണ്ടാവുക.സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കാന്‍ പ്രത്യേകസമിതിയെയും സമരസമിതി നിയമിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *