വിഴിഞ്ഞം തുറമുഖ നിർമ്മാണം: സർക്കാരിന്റെ അവകാശവാദം തെറ്റെന്ന് വിവരാവകാശ രേഖ

തിരുവന്തപുരം: വിഴിഞ്ഞം തുറമുഖ നിർമ്മാണം 80 ശതമാനം പൂർത്തിയാക്കിയെന്ന സർക്കാർ – അദാനി അവകാശ വാദം തെറ്റെന്ന് വിവരവകാശ രേഖ. കോൺഗ്രസ് നേതാവും തിരുവനന്തപുരം എം.പിയുമായ ശശി തരൂരും വിഴിഞ്ഞം 80 ശതമാനം പൂർത്തിയാക്കിയെന്ന് പ്രസംഗിച്ചിരുന്നു. എന്നാൽ ഇതെല്ലാം കള്ളമാണെന്ന് തെളിയിക്കുന്നതാണ് വിവരവകാശ രേഖ.

വിഴിഞ്ഞം ഇന്റർനാഷണൽ സീ പോർട്ട് ലിമിറ്റഡ് 26. 10.22 ൽ നൽകിയ വിവരാവകാശ ചോദ്യത്തിനുള്ള മറുപടി പ്രകാരം 33 ശതമാനം മാത്രമാണ് പുലിമുട്ട് നിർമ്മാണം പോലും നടന്നിരിക്കുന്നത്. ഡ്രെഡ്ജിംഗ് ആന്റ് റിക്ലമേഷൻ 33 % , പ്രീ കാസ്റ്റ് ഘടകങ്ങൾ സ്ഥാപിച്ചത് 34% , കണ്ടെയ്നർ ഗാർഡ് 18% , പൈലിംഗ് 100 % എന്നിങ്ങനെയാണ് മറ്റ് നിർമ്മാണ ഘടകങ്ങളുടെ അവസ്ഥയെന്ന് വിവരവകാശ രേഖ പറയുന്നു. 2023 ജനുവരിയിൽ വിഴിഞ്ഞത്ത് ആദ്യ കപ്പലിറക്കുമെന്നാണ് മുഖ്യമന്ത്രിയുടെ വാഗ്ദാനം.

2015 ഡിസംബർ അഞ്ചിന് നിർമ്മാണം ആരംഭിച്ച വിഴിഞ്ഞം തുറമുഖത്തിന്റെ ഒന്നാം ഘട്ടം കരാർ പ്രകാരം പൂർത്തിയാക്കേണ്ടിയിരുന്നത് 2019 ഡിസംബർ മൂന്നിനായിരുന്നു. കരാർ പ്രകാരം പദ്ധതി നിർമ്മാണം വൈകുകയാണെങ്കിൽ പൂർത്തികരണത്തിനായി 90 ദിവസത്തെ ഗ്രേസ് പിരിയഡും 180 ദിവസം പിഴയോടുകൂടിയും അധികം സമയം നൽകാനും വ്യവസ്ഥയുണ്ട്. ഗ്രേസ് പിരിയഡിനു ശേഷം കാലതാമസം വരുന്ന ഓരോ ദിവസത്തിനും പെർഫോമൻസ് ഗ്യാരന്റിയുടെ 0.1 ശതമാനം അതായത് 12 ലക്ഷം രൂപ പിഴയായിട്ട് ഈടാക്കാനാണ് കരാറിലെ വ്യവസ്ഥ .

Leave a Reply

Your email address will not be published. Required fields are marked *