വിദ്യാർഥികൾക്കായി പഠനകേന്ദ്രങ്ങൾ ആരംഭിക്കാനൊരുങ്ങി ദളപതി വിജയ് മക്കൾ ഇയക്കം

തമിഴ്നടൻ വിജയ് യുടെ രാഷ്ട്രീയ പ്രവേശനത്തിൻ്റെ സൂചനകളാണ് ഓരോ ദിവസവും ആരാധകസംഘടനയായ ദളപതി വിജയ് മക്കൾ ഇയക്കം നൽകുന്നത്. ഇപ്പോഴിതാ തമിഴ്‌നാട്ടിലെ ജില്ലകളിൽ പദയാത്ര നടത്തി രാഷ്ട്രീയപ്രവർത്തനം തുടങ്ങാൻ നടൻ വിജയ് ഒരുങ്ങുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അടുത്തിടെ SSLC വിദ്യാർത്ഥികളെ അനുമോദിക്കുന്ന ചടങ്ങിൽ മൂന്ന് മണിക്കൂർ നീണ്ട ഒരു സംവാദം വിജയ് വിദ്യാർത്ഥികളുമായി നടത്തിയിരുന്നു ഇതിനിടയിൽ തൻ്റെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചുള്ള സൂചനകൾ വി‍ജയ് വിദ്യാർത്ഥികളുമായി പങ്ക് വെച്ചിരുന്നു.

അടുത്തവർഷത്തോടെ പാർട്ടി ആരംഭിക്കാൻ നീക്കങ്ങൾ നടത്തുന്ന വിജയ്, രാഹുൽഗാന്ധിയുടെ ഭാരത് ജോഡോ യാത്രയുടെ മാതൃകയിൽ പദയാത്ര നടത്താനാണ് ഒരുങ്ങുന്നത്. വിജയ് രംഗത്തിറങ്ങുന്നതിനു മുന്നോടിയായി എല്ലാ നിയമസഭാമണ്ഡലങ്ങളിലും ആരാധകസംഘടനയായ ദളപതി വിജയ് മക്കൾ ഇയക്കത്തിന്റെ പ്രവർത്തനം സജീവമാക്കാനുള്ള പദ്ധതികളും നടപ്പാക്കും. ഇതിന്റെഭാഗമായി എല്ലാ നിയമസഭാമണ്ഡലങ്ങളിലും വിദ്യാർഥികൾക്കായി പഠനകേന്ദ്രങ്ങൾ ആരംഭിക്കാൻ തീരുമാനിച്ചു. രാത്രികാലങ്ങളിൽ ക്ലാസുകൾ നടത്താനാണ് തീരുമാനം.

ഒരു മണ്ഡലത്തിൽ നാല് കേന്ദ്രങ്ങളെങ്കിലും ആരംഭിക്കണമെന്നാണ് വിജയ്‌യുടെ നിർദേശം. ട്യൂഷൻ നൽകാൻ യോഗ്യരായവരെ കണ്ടെത്താനുള്ള നടപടികൾ ആരംഭിച്ചു. കടലൂരിൽ ഇതിനകം ഈ പദ്ധതി നടത്തുന്നുണ്ടെന്നും ഇപ്പോൾ ഇത് വ്യാപിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നുവെന്നും വിജയ് മക്കൾ ഇയക്കം ജനറൽ സെക്രട്ടറി ബുസി ആനന്ദ് പറഞ്ഞു.

തമിഴ്‌നാട് മുൻ മുഖ്യമന്ത്രി കെ. കാമരാജിന്റെ ജന്മദിനവാർഷികമായ ശനിയാഴ്ച പഠനകേന്ദ്ര പദ്ധതി ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് സൂചന. ആരാധകസംഘടനാ ചുമതലക്കാരുമായി വിജയ് നടത്തുന്ന ചർച്ച ബുധനാഴ്ചയും തുടർന്നു. സംഘടനയുടെ പ്രവർത്തനം ശക്തിപ്പെടുത്തുന്നതാണ് പ്രധാന ചർച്ചാവിഷയം. വ്യാഴാഴ്ചയും ചർച്ച തുടരും. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനുശേഷം വിജയ് രാഷ്ട്രീയ പ്രവേശനം നടത്തുമെന്നും രണ്ടുവര്‍ഷത്തിനുശേഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളുമായി മുന്നോട്ടുപോകുമെന്നും നേരത്തേ റിപ്പോർട്ടുകൾ വന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *