വിദ്യാര്‍ഥിയില്‍ നിന്നുണ്ടായ മോശം പെരുമാറ്റം വേദനിപ്പിച്ചതായി നടി അപര്‍ണ ബാലമുരളി

എറണാകുളം: ലോ കോളജില്‍ വിദ്യാര്‍ഥിയില്‍ നിന്നുണ്ടായ മോശം പെരുമാറ്റം വേദനിപ്പിച്ചതായി നടി അപര്‍ണ ബാലമുരളി. പുതിയ സിനിമയുടെ പ്രചാരണ പരിപാടിക്കെത്തിയപ്പോള്‍ വേദിയില്‍ കയറിയ വിദ്യാര്‍ഥി കയ്യില്‍ പിടിച്ച് എഴുന്നേല്‍പ്പിക്കുകയും തോളില്‍ കയ്യിട്ട് സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുകയും ചെയ്ത സംഭവത്തെക്കുറിച്ചു പ്രതികരിക്കുകയായിരുന്നു അപര്‍ണ.

ഒരു സ്ത്രീയുടെ സമ്മതം ചോദിക്കാതെ അവരുടെ ദേഹത്തു കൈവയ്ക്കുന്നതു ശരിയല്ലെന്ന് ഒരു ലോ കോളജ് വിദ്യാര്‍ഥി മനസ്സിലാക്കിയില്ലെന്നതും ഗുരുതരമാണ്. കൈപിടിച്ച് എഴുന്നേല്‍പിച്ചതുതന്നെ ശരിയല്ല. പിന്നീടാണു കൈ ദേഹത്തുവച്ചു നിര്‍ത്താന്‍ നോക്കിയത്. ഇതൊന്നും ഒരു സ്ത്രീയോടു കാണിക്കേണ്ട മര്യാദയല്ല. ഞാന്‍ പരാതിപ്പെടുന്നില്ല. പിന്നാലെ പോകാന്‍ സമയമില്ലെന്നതാണു കാരണം. എന്റെ എതിര്‍പ്പുതന്നെയാണ് ഇതിനുള്ള മറുപടിയെന്നും അപര്‍ണ പറഞ്ഞു.

സംഘാടകരോടു പരിഭവമില്ലെന്നും സംഭവം നടന്ന ഉടനെയും പിന്നീടും അവര്‍ ഖേദം അറിയിച്ചതായും അപര്‍ണ പറഞ്ഞു. അപര്‍ണയോടു വിദ്യാര്‍ഥി മോശമായി പെരുമാറിയതില്‍ ലോ കോളജ് യൂണിയന്‍ ഖേദം പ്രകടിപ്പിച്ചു. തങ്കം സിനിമയുടെ പ്രമോഷന്റെ ഭാഗമായി എറണാകുളം ലോകോളജില്‍ എത്തിയപ്പോഴാണ് കഴിഞ്ഞ ദിവസം അപര്‍ണ ബാലമുരളിയെ വിദ്യാര്‍ത്ഥി അപമാനിക്കാന്‍ ശ്രമിച്ചത്. എറണാകുളം ലോകോളജിലെ പ്രത്യേക സ്റ്റേജിലായിരുന്നു സംഭവം. മുണ്ടും ഷര്‍ട്ടും അണിഞ്ഞെത്തിയ വിദ്യാര്‍ത്ഥി ആദ്യം അപര്‍ണയ്ക്ക ്‌െൈക കൊടുക്കുകയും പിന്നീട് അപര്‍ണയെ കൈ ദേഹത്തുവച്ചു നിര്‍ത്താന്‍ ശ്രമിക്കുകയും ആയിരുന്നു.

അപര്‍ണ ഇതിനെ എതിര്‍ത്തു ഒഴിഞ്ഞു ഓടി സ്റ്റേജിന് അറ്റത്തേക്ക് മാറി. വിനീത് ശ്രീനിവാസനും സ്റ്റേജിലുണ്ടായിരുന്നു. പിന്നീട് വിദ്യാര്‍ത്ഥി എത്തി മാപ്പ് പറയാന്‍ ശ്രമിച്ചെങ്കിലും അപര്‍ണ കൈകൊടുക്കാതെ പിന്തിരിപ്പിച്ചു. വിനീത് ശ്രീനിവാസനും കൈ കൊടുക്കാന്‍ തയാറായില്ല.

Leave a Reply

Your email address will not be published. Required fields are marked *