വിജയ് അഭിനയത്തില്‍നിന്ന് ഇടവേളയെടുക്കുന്നതായി റിപ്പോര്‍ട്ട്

രാഷ്ട്രീയപ്രവേശനം സംബന്ധിച്ച അഭ്യൂഹങ്ങള്‍ക്കിടെ തമിഴ്‌നടന്‍ വിജയ് സിനിമയില്‍നിന്ന് ഇടവേളയെടുക്കുന്നതായി റിപ്പോര്‍ട്ട്.വെങ്കട് പ്രഭു ചിത്രത്തിന് ശേഷം ഇടവേളയെടുക്കുമെന്നാണ് സൂചന.2026ലെ നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് വിജയ് യുടെ നീക്കമെന്നും സൂചനയുണ്ട്.പ്രാദേശിക തമിഴ്മാധ്യമങ്ങളാണ് വിജയ് സിനിമയില്‍നിന്ന് ഇടവേളയെടുക്കുന്നുവെന്നത് സംബന്ധിച്ച് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.എന്നാല്‍ ഇക്കാര്യം വിജയ്‌യുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ സ്ഥിരീകരിച്ചിട്ടില്ല.വിജയ്‌യുടെ 68മത്തെ ചിത്രത്തിന്റെ ചിത്രീകരണം ഒക്ടബോറില്‍ തുടങ്ങും.വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന ചിത്രം അടുത്തവര്‍ഷം ദീപാവലിക്ക് റിലീസ് ചെയ്യാനാണ് ആലോചന.അതിനുശേഷമുള്ള രണ്ടുമൂന്നു വര്‍ഷങ്ങള്‍ വിജയ് അഭിനയത്തില്‍നിന്ന് മാറിനില്‍ക്കാന്‍ ഒരുങ്ങുന്നുവെന്നാണ് തമിഴ്മാധ്യമങ്ങള്‍ പറയുന്നത്.2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനുശേഷം വിജയ് രാഷ്ട്രീയ പ്രവേശനം നടത്തുമെന്നും രണ്ടുവര്‍ഷത്തിനുശേഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളുമായി മുന്നോട്ടുപോകുമെന്നും നേരത്തേ പറഞ്ഞുകേട്ടിരുന്നു. വിജയ്‌യുടെ ആരാധക കൂട്ടായ്മ വിജയ് മക്കള്‍ ഇയക്കം സാമൂഹിക,ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ അടുത്തകാലത്തായി കൂടുതല്‍ സജീവമാകുകയും ചെയ്തിട്ടുണ്ട്.കഴിഞ്ഞമാസം 12 മണിക്കൂറോളം വിജയ് വിദ്യാര്‍ഥികളുമായി സംവദിക്കുകയും ചെയ്തു. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ കന്നിവോട്ടര്‍മാരാകാന്‍ സാധ്യതയുള്ള വിദ്യാര്‍ഥികളുമായിട്ടായിരുന്നു സംവദിച്ചത്. ഇതൊക്കെ രാഷ്ട്രീയപ്രവേശനത്തിന്റെ സൂചനകളായി കരുതിയിരുന്നു.അതിന്റെ തുടര്‍ച്ചയായിട്ടാണ് സിനിമയില്‍നിന്ന് വിജയ് ഇടവേളയെടുക്കുന്നുവെന്ന വാര്‍ത്തയും പുറത്തുവരുന്നത്

Leave a Reply

Your email address will not be published. Required fields are marked *