വിജയക്കുതിപ്പ് തുടര്‍ന്ന് നായകന്‍

ലുസെയ്ന്‍ ഡയമണ്ട് ലീഗില്‍ ജാവലിന്‍ത്രോയില്‍ നീരജ്‌ചോപ്രയ്ക്ക് ഒന്നാം സ്ഥാനം. ലോക അത്‌ലറ്റിക്‌സിലും വിജയക്കുതിപ്പുതുടരുന്ന നീരജിനെ അട്ടിമറിക്കാന്‍ എതിരാളികള്‍ക്കായില്ല. പരുക്കിനെത്തുടര്‍ന്ന് ഒരുമാസത്തെ ഇടവേളയ്ക്കുശേഷം മത്സരക്കളത്തിലേക്കു തിരിച്ചെത്തിയ നിലവിലെ ചാംപ്യനായ നീരജ് വെല്ലുവിളികളെ അതിജീവിച്ചാണ് ഈ സീസണിലെ തുടര്‍ച്ചയായ രണ്ടാം മത്സരത്തില്‍ ഒന്നാംസ്ഥാനം നേടുന്നത്. രണ്ടാംസ്ഥാനം നേടിയ ജര്‍മനിയുടെ ജൂലിയന്‍ വെബറും, മൂന്നാംസ്ഥാനം നേടിയ ചെക്ക് റിപ്പബ്ലിക്കിന്റെ യാക്കൂബ് വാല്‍ഡെജും അവസാന നിമിഷംവരെ നീരജിന് വെല്ലുവിളിയുയര്‍ത്തി.

ഫൗളിലൂടെ തുടങ്ങിയ നീരജ് രണ്ടാം ശ്രമത്തില്‍ 83.5 മീറ്റര്‍ പിന്നിട്ടു. മൂന്നാം ഊഴത്തില്‍ 85.04 മീറ്റര്‍ എറിഞ്ഞ് തന്റെ അഞ്ചാം ഊഴത്തിലെ 87.66 മീറ്റര്‍ പ്രകടനത്തോടെയാണ് രണ്ടാംസ്ഥാനത്തെത്തിയ ഇന്ത്യയുടെ സൂപ്പര്‍താരം ഒന്നാംസ്ഥാനത്തേക്കു കയറിയത്. ദോഹയിലെ സുഹൈം ബിന്‍ ഹമദ് സ്റ്റേഡിയത്തില്‍ നടന്ന ജാവലിന്‍ ത്രോയിലും ഇന്ത്യയുടെ അഭിമാനം ഒന്നാമതെത്തിയിരുന്നു. ഇതോടെ ഡയമണ്ട് ലീഗ് അത്‌ലറ്റിക്‌സില്‍ ഇതു മൂന്നാം തവണയാണ് നീരജ് ജേതാവാകുന്നത്. പത്മശ്രീ, പരംവിശിഷ്ഠ സേവ മെഡല്‍ എന്നിവ നീരജിന് ലഭിച്ചിട്ടുണ്ട്. 4 രജ്പുതാന റൈഫിള്‍സിലെ അംഗമായ നീരജ്‌ചോപ്ര കരസേനയില്‍ സുബേദറാണ്. കൂടാതെ രാജ്യത്തെ പരമ്മോനത കായിക ബഹുമതിയായ ധ്യാന്‍ചന്ദ് ഖേല്‍രത്‌ന പുരസ്‌കാരം നല്‍കിയും രാജ്യം നീരജിനെ ആദരിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *