ലോക്സഭാ തെരഞ്ഞെടുപ്പിന് ആദ്യം തന്നെ തയാറെടുത്ത് കോൺ​ഗ്രസ്

റായ്പൂർ: പ്ലീനറി സമ്മേളനത്തില്‍ പാസാക്കിയ രാഷ്ട്രീയ പ്രമേയത്തിലൂടെ ലോക്‌സഭാ തിരഞ്ഞെടുപ്പു കളത്തില്‍ ആദ്യം ഹാജര്‍ വയ്ക്കുകയാണ് കോണ്‍ഗ്രസ് ചെയ്തത്. ബിജെപിക്കെതിരെ 2004 ലെ മാതൃകയില്‍ കൂട്ടുകെട്ടുണ്ടാക്കുമെന്ന പ്രഖ്യാപനത്തിനൊപ്പം, കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നാല്‍ ചെയ്യാനുദ്ദേശിക്കുന്ന കാര്യങ്ങളുടെ ചെറുപട്ടികയും അവതരിപ്പിച്ചു.

ഇതുവരെ ജയിക്കാന്‍ സാധിക്കാത്ത മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനമാണ് ഇത്തവണ ബിജെപി നടത്തുന്നത്. തിരഞ്ഞെടുപ്പില്‍ വാഗ്ദാനങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളുമായി ആദ്യം ബിജെപി കളം പിടിക്കുകയും കോണ്‍ഗ്രസ് അതിന് മറുപടിയുമായി രംഗത്തെത്തുകയും ചെയ്യുകയെന്നതാണ് രീതി. അതു മാറണമെന്നായിരുന്നു നേതൃനിരയിലുണ്ടായ അഭിപ്രായം. ഇപ്പോള്‍ നടത്തിയ ആദ്യ കരുനീക്കം ഈ വര്‍ഷമുള്ള നിയമസഭാ തിരഞ്ഞെടുപ്പുകളിലും പ്രയോജനം ചെയ്യുമെന്ന പ്രതീക്ഷ പാര്‍ട്ടിക്കുണ്ട്. പ്രതിപക്ഷത്തെ ‘സമാന ഹൃദയ’രുടെ കൂട്ടായ്മയ്ക്കു മുന്‍കൈയെടുക്കാനും ബിജെപിയെ താഴെയിറക്കുക എന്ന കാര്യത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് ഒരേ മനസ്സുമാണ്.

ഭാരത് ജോഡോ യാത്രയുടെ സമാപനത്തില്‍ ശ്രീനഗറിലേക്കു മല്ലികാര്‍ജുന്‍ ഖര്‍ഗെ കത്തെഴുതി ക്ഷണിച്ചതും ഈ നിലപാടുള്ള 23 പാര്‍ട്ടികളെയാണെങ്കിലും അതില്‍ എട്ടു പാര്‍ട്ടികള്‍ മാത്രമാണ് ശ്രീനഗറില്‍ പങ്കെടുത്തത്. കോണ്‍ഗ്രസിന്റെ മാത്രം പരിപാടിയാണ് എന്നതിനാലാണ് പല പാര്‍ട്ടികളും പങ്കെടുക്കാതിരുന്നത്. അതേസമയം, അധികാരത്തില്‍ വന്നാല്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ അടക്കം സൂചിപ്പിച്ച് സമാനഹൃദയരെ ഒപ്പംകൂട്ടാന്‍ ഇനി കോണ്‍ഗ്രസ് നടത്തുന്ന ശ്രമത്തിനോട് ശ്രീനഗര്‍ മാതൃകയിലാവില്ല മറ്റു കക്ഷികളുടെ പ്രതികരണം. മൂന്നാം മുന്നണി ബിജെപിക്കാവും ഗുണം ചെയ്യുകയെന്ന് കോണ്‍ഗ്രസ് നല്‍കിയ മുന്നറിയിപ്പിനോട് നിതീഷ് കുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ എങ്ങനെ പ്രതികരിക്കുമെന്നത് കാത്തിരുന്നു കാണേണ്ടതാണ്.

Leave a Reply

Your email address will not be published. Required fields are marked *