ലൈഫ് പദ്ധതിയെ കുറിച്ച് ആര്‍ക്കും സംശയം വേണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍

കൊച്ചി: ലൈഫ് പദ്ധതിയെ കുറിച്ച് ആര്‍ക്കും സംശയം വേണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. മുഖ്യമന്ത്രിയുടെ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദനെ ചോദ്യം ചെയ്യുന്ന ‘ലൈഫി’ന് ഈ ‘ലൈഫു’മായി യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം പറഞ്ഞു. ആ ചോദ്യം ചെയ്യല്‍ വലിയ കാര്യമല്ലെന്നും ഗോവിന്ദന്‍ അഭിപ്രായപ്പെട്ടു.

”രവീന്ദ്രനെ ഇതിനു മുന്‍പും ചോദ്യം ചെയ്തിട്ടില്ലേ? എത്ര കൊല്ലമായി ചോദ്യം ചെയ്യാന്‍ തുടങ്ങിയിട്ട്. ലൈഫിനെ സംബന്ധിച്ച് വളരെ വ്യക്തമായിട്ടു തന്നെ പറയാം. ഇവിടെ മൂന്നേകാല്‍ ലക്ഷം ആളുകള്‍ക്ക് വീടു കൊടുത്തിട്ടുണ്ട്. ആ ലൈഫുമായി ഈ ലൈഫിന് യാതൊരു ബന്ധവുമില്ല. അത് ആദ്യം തിരുത്തണം. ഒരു ഫ്‌ലാറ്റിന്റെ സ്‌പോണ്‍സര്‍ഷിപ്പുമായി ബന്ധപ്പെട്ട പ്രശ്‌നമാണത്. അതിന് സര്‍ക്കാരുമായി യാതൊരു ബന്ധവുമില്ല. പ്രൈവറ്റ് സംവിധാനമാണ്. അത് സ്‌പോണ്‍സര്‍ ചെയ്യപ്പെട്ടതാണ്. വടക്കാഞ്ചേരിയിലെ ഒരു ഫ്‌ലാറ്റിന്റെ പ്രശ്‌നം പറഞ്ഞ് കേരളത്തിലെ ലക്ഷക്കണക്കിന് ആളുകള്‍ക്ക് വീടുകിട്ടിയ പദ്ധതിയെ കുറ്റപ്പെടുത്താമോ? ആ വീടു കിട്ടിയവരല്ലേ ഞങ്ങളെ സ്വീകരിക്കാന്‍ വരുന്നവരില്‍ വലിയൊരു വിഭാഗം? അവര്‍ എന്തൊരു ആവേശത്തിലാണ് വരുന്നത്’ ഗോവിന്ദന്‍ ചോദിച്ചു.

ഈ പദ്ധതിയിലൂടെ ഇതിനകം മൂന്നേകാല്‍ ലക്ഷം ആളുകള്‍ക്ക് വീടു നല്‍കി. ഇനിയും കേരളത്തില്‍ ഭൂമിയില്ലാത്ത മൂന്നര ലക്ഷത്തോളം ആളുകളുണ്ട്. അവര്‍ക്കും ഭൂമി ലഭ്യമാക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. അതു പൂര്‍ത്തിയാകുമ്പോള്‍ ഭൂമിയില്ലാത്ത ഒരാള്‍ പോലുമില്ലാത്ത ആദ്യ സംസ്ഥാനമായി കേരളം മാറുമെന്ന് ഗോവിന്ദന്‍ അവകാശപ്പെട്ടു.

”കേരളത്തില്‍ ഇപ്പോഴും 3,42,000 ആളുകള്‍ക്ക് ഭൂമിയില്ല. ഈ ആളുകള്‍ക്കെല്ലാം സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ട് മൂന്നു സെന്റ് ഭൂമി വീതം നല്‍കാന്‍ പോകുകയാണ്. ഇതിനായി 10,500 ഏക്കര്‍ ഭൂമി വേണം. ഈ പദ്ധതി പൂര്‍ത്തിയാകുന്നതോടെ ഭൂമിയില്ലാത്ത ഒരാള്‍ പോലുമില്ലാത്ത ഇന്ത്യയിലെ തന്നെ ആദ്യത്തെ സംസ്ഥാനമാകും കേരളമെന്നും ഗോവിന്ദന്‍ പറഞ്ഞു.

പിഴവുകള്‍ പറ്റിയാല്‍ തിരുത്താന്‍ യാതൊരു മടിയുമില്ലെന്നും ഗോവിന്ദന്‍ പറഞ്ഞു. ഈ ഭൂമുഖത്ത് 100 ശതമാനം ശരി ചെയ്യുന്ന ആരുമില്ല. തെറ്റൊക്കെ സംഭവിക്കും. അതു ചൂണ്ടിക്കാട്ടിയാല്‍ തിരുത്തുകയും ചെയ്യാം. അതാണ് കമ്യൂണിസ്റ്റിന്റെ രീതിയെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *