‘ലിറ്റിൽ കൈറ്റ്സ്’ പദ്ധതി നടപ്പാക്കാൻ താല്പര്യം പ്രകടിപ്പിച്ച് ഫിൻലൻഡ്

ഹെൽസിങ്കി: കേരളത്തിലെ പൊതുവിദ്യാഭ്യാസ വകുപ്പിലെ കൈറ്റിന്റെ ‘ലിറ്റിൽ കൈറ്റ്സ്’ പദ്ധതി നടപ്പാക്കാൻ താല്പര്യം പ്രകടിപ്പിച്ച് ഫിൻലൻഡ്. ഇതിനുള്ള സാങ്കേതിക സഹായം കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എജുക്കേഷൻ നൽകും. ഇക്കാര്യത്തിൽ പ്രത്യേക വർക്കിങ് ഗ്രൂപ്പ് രൂപവത്കരിക്കാനും തീരുമാനമായി.

ഫിൻലൻഡ് വിദ്യാഭ്യാസ വകുപ്പുമായി കേരള ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ്, പ്ലാനിങ് ബോർഡ് വൈസ് ചെയർമാൻ ഡോ. വി.കെ. രാമചന്ദ്രൻ, പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ് തുടങ്ങിയവരുടെ നേതൃത്വത്തിൽ ഹെൽസിങ്കിയിൽ നടത്തിയ ചർച്ചയിലാണ് തീരുമാനം.

ഇന്ത്യയിലെ കുട്ടികളുടെ ഏറ്റവും വലിയ ഐ.ടി ശൃംഖലയാണ് 2000 സ്കൂളുകളിലായി 1.7 ലക്ഷം വിദ്യാർഥികൾ അംഗങ്ങളായുള്ള ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബുകൾ. പൂർണമായും സ്വതന്ത്ര സോഫ്റ്റ്‌വെയർ അധിഷ്ഠിതമായ ഡിജിറ്റൽ വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ മറ്റു സംസ്ഥാനങ്ങൾക്കും രാജ്യങ്ങൾക്കും കൺസൽട്ടൻസി നൽകാൻ കൈറ്റ് സജ്ജമാണെന്ന് സി.ഇ.ഒ കെ.അൻവർ സാദത്ത് അറിയിച്ചു.ഇലക്ട്രോണിക്സ്, അനിമേഷൻ, ഹാർഡ്‍‍വെയർ, സൈബർ സുരക്ഷ തുടങ്ങിയ വിവിധ മേഖലകളിൽ പരിശീലനം ലിറ്റിൽ കൈറ്റ്സ് യൂനിറ്റിലെ ഓരോ കുട്ടിക്കും ലഭിക്കും.

ഇത്തരത്തിൽ പരിശീലനം ലഭിച്ച അംഗങ്ങളാണ് ഈ വർഷം നാലു ലക്ഷം രക്ഷിതാക്കൾക്ക് സൈബർ സുരക്ഷ പരിശീലനം നൽകിയത്. 9000 റോബോട്ടിക് കിറ്റുകൾ ഈ വർഷം സ്കൂളുകളിൽ വിന്യസിക്കുന്നതും ‘ലിറ്റിൽ കൈറ്റ്സ്’ ക്ലബുകളിലൂടെയാണ്. 2018 ജനുവരിയിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ഹൈടെക് സ്കൂൾ പദ്ധതികളുടെ ഭാഗമായ ‘ലിറ്റിൽ കൈറ്റ്സ്’ ക്ലബുകൾ ഉദ്ഘാടനം ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *