ലവ് ജിഹാദിനെതിരെ നിയമം വേണമെന്ന ആവശ്യവുമായി ശിവരാജ് ചൗഹാനും രംഗത്ത്

ഭോപ്പാല്‍: ലവ് ജിഹാദിനെതിരെ ശക്തമായ നിയമം വേണമെന്ന ആവശ്യവുമായി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനും രംഗത്ത്. ഡല്‍ഹിയില്‍ ശ്രദ്ധ വാല്‍ക്കര്‍ എന്ന പെണ്‍കുട്ടിയെ കാമുകന്‍ അഫ്താബ് പൂനെവാല കൊലപ്പെടുത്തിയത് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ഇത്തരമൊരു ആവശ്യം മുന്നോട്ട് വച്ചത്.

രാജ്യത്തെ ആകെ ഞെട്ടിച്ച കൊലപാതകമാണ് ഇതെന്നും ചൗഹാന്‍ ചൂണ്ടിക്കാട്ടി. ഗോത്രവര്‍ഗ നേതാവ് താന്തിയ ഫില്ലിന്റെ രക്തസാക്ഷിത്വ ദിനാചരണത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ചൗഹാന്‍. നമ്മുടെ പെണ്‍മക്കളെ ആരും 35 കക്ഷണങ്ങളാക്കി അരിഞ്ഞ് തള്ളാതിരിക്കണമെങ്കില്‍ ഇത്തരം നിയമങ്ങള്‍ അത്യാവശ്യമാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ഇത് പ്രണയമല്ല. പ്രണയത്തിന്റെ പേരില്‍ നടക്കുന്ന ജിഹാദ് ആണെന്നും അദ്ദേഹം പറഞ്ഞു, മധ്യപ്രദേശിന്റെ മണ്ണില്‍ ലവ് ജിഹാദ് ഒരിക്കലും താന്‍ അനുവദിക്കില്ല.

ഹിന്ദു സ്ത്രീകളുമായി ബന്ധം സ്ഥാപിച്ച് അവരെ മതപരിവര്‍ത്തനം നടത്താനുള്ള ശ്രമമാണ് നടക്കുന്നത്. ശ്രദ്ധ വാല്‍ക്കറിന്റെ കൊലപാതകത്തെ തുടര്‍ന്ന് രണ്ടാമത്തെ മുഖ്യമന്ത്രിയാണ് ലവ് ജിഹാദിനെതിരെ നിയമം വേണമെന്ന ആവശ്യവുമായി രംഗത്ത് എത്തിയിരിക്കുന്നത്. അസം മുഖ്യമന്ത്രി ഹിമന്ത് ബിശ്വ ശര്‍മ്മയാണ് ആദ്യമായി ഇത്തരമൊരു ആവശ്യം മുന്നോട്ട് വച്ചത്. എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് രാജ്യത്ത് ലവ് ജിഹാദിനെതിരെ ശക്തമായ നിയമം വേണമെന്ന ആവശ്യം ശര്‍മ്മ ഉന്നയിച്ചത്.

മധ്യപ്രദേശില്‍ മതപരിവര്‍ത്തന നിരോധന നിയമം നിലവിലുണ്ട്. ഇതിനെ അവര്‍ ലവ് ജിഹാദ് വിരുദ്ധ നിയമമായി വ്യഖ്യാനിക്കുന്നു. തെറ്റായ രീതിയില്‍ മതപരിവര്‍ത്തനം നടത്തുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ തടവും ഒരു ലക്ഷം രൂപയുമാണ് ഈ നിയമം വ്യവസ്ഥ ചെയ്യുന്നത്. മതപരിവര്‍ത്തനത്തിനോ ലവ് ജിഹാദിനൊ ശ്രമിക്കുന്നവരെ പൂര്‍ണമായും ഇല്ലാതാക്കുമെന്ന മുന്നറിയിപ്പും ചൗഹാന്‍ നല്‍കി.

രാജ്യത്തെ നിലവിലുള്ള നിയമപ്രകാരം ലവ് ജിഹാദിന് നിര്‍വചനമില്ലെന്നാണ് 2020 ഫെബ്രുവരിയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പാര്‍ലമെന്റിനെ അറിയിച്ചത്. അത്തരം സംഭവങ്ങള്‍ രാജ്യത്ത് ഉണ്ടായതായി റിപ്പോര്‍ട്ടില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.

എന്നാല്‍ രാജ്യത്ത് ഇപ്പോള്‍ ലവ് ജിഹാദ് നടക്കുന്നു എന്നതിന് തെളിവുണ്ടെന്നും അത് കൊണ്ട് തന്നെ ശക്തമായ നിയമം ഇതിനെതിരെ വേണമെന്നുമാണ് ഹിമന്ത ബിശ്വ ശര്‍മ്മ ചൂണ്ടിക്കാട്ടിയത്.

Leave a Reply

Your email address will not be published. Required fields are marked *