ലക്ഷ്യം വര്‍ഷത്തിൽ 90 ഹെലികോപ്ടറുകള്‍, 4 ലക്ഷം കോടിയുടെ നിക്ഷേപം; രാജ്യത്തെ ഏറ്റവുംവലിയ നിർമാണശാല

ബെംഗളൂരു: ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്കല്‍ ലിമിറ്റഡിന്റെ (എച്ച്.എ.എല്‍) ഹെലികോപ്ടര്‍ ഫാക്ടറി കര്‍ണാടകയിലെ തുമകൂരുവില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച ഉദ്ഘാടനം ചെയ്തു. രാജ്യത്തെ ഏറ്റവും ബൃഹത്തായ ഹെലികോപ്ടര്‍ നിര്‍മാണശാലയാണിത്. ഇന്ത്യന്‍ പ്രതിരോധമേഖലയ്ക്ക് കൂടുതല്‍ കരുത്ത് പകരാനും പ്രതിരോധരംഗത്ത് സ്വയം പര്യാപ്തത ആര്‍ജിക്കാനും ലക്ഷ്യമിട്ടുള്ള കേന്ദ്രസര്‍ക്കാര്‍ പദ്ധതിയാണിത്. ഇവിടെ നിര്‍മിച്ച ലൈറ്റ് യൂട്ടിലിറ്റി ഹെലികോപ്ടറും (LUH) പ്രധാനമന്ത്രി അവതരിപ്പിച്ചു. പ്രതിരോധ മേഖലക്കാവശ്യമായ സൈനികോപകരണങ്ങള്‍, വിമാനവാഹിനിക്കപ്പലുകള്‍, യുദ്ധവിമാനങ്ങള്‍ തുടങ്ങിയവ രാജ്യത്തുതന്നെ നിര്‍മിക്കാനാരംഭിച്ചതിലൂടെ ഇന്ത്യ പതിയെപ്പതിയെ ഈ രംഗത്ത് സ്വയംപര്യാപ്തത ആര്‍ജിക്കുകയാണെന്നും ഉദ്ഘാടനച്ചടങ്ങില്‍ മോദി പറഞ്ഞു.

എച്ച്എഎല്ലിനെ കുറിച്ച് വ്യാജവാര്‍ത്തകള്‍ പ്രചരിച്ചതായും അവയെ അടിസ്ഥാനമാക്കി കേന്ദ്ര സര്‍ക്കാരിനെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉയര്‍ന്നതായും പ്രധാനമന്ത്രി പറഞ്ഞു. എച്ച്എഎല്ലും അതിന്റെ വളര്‍ന്നുവരുന്ന കരുത്തുമാണ് ആ ആരോപണങ്ങള്‍ക്കുള്ള മറുപടി. പ്രതിരോധമേഖലയുടെ സ്വയംപര്യാപ്തതയ്ക്ക് ഊര്‍ജം പകരുന്ന എച്ച്എഎല്‍ രാജ്യസുരക്ഷയുടെ ഭാവിയാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.

നൂതനമായ ആശയങ്ങളുടേയും സാങ്കേതികവിദ്യയുടേയും നാടാണ് കര്‍ണാടകയെന്ന് മോദി പറഞ്ഞു. ഡ്രോണുകള്‍, തേജസ് വിമാനങ്ങള്‍ എന്നിവയുടെ നിര്‍മാണം നിലവില്‍ സംസ്ഥാനത്ത് നടക്കുന്നുണ്ടെന്നും പുതിയ ഹെലികോപ്ടര്‍ ഫാക്ടറി ആരംഭിച്ച തുമകൂരുവിന്റെ സമീപപ്രദേശങ്ങളിലുള്ള വ്യവസായങ്ങള്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് കൂടുതല്‍ ഊര്‍ജം പകരുമെന്നും മോദി പറഞ്ഞു. വ്യവസായങ്ങള്‍ ആരംഭിക്കുന്നതുപോലെത്തന്നെ പ്രാധാന്യമര്‍ഹിക്കുന്നതാണ് വ്യാവസായിക പ്രദേശങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്നതും. ബെംഗളൂരു, ഹൈദരാബാദ്, ചെന്നൈ, മുംബൈ, അതുപോലുള്ള മറ്റ് വ്യാവസായികനഗരങ്ങള്‍ എന്നിവയെ പരസ്പരം ബന്ധിപ്പിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ ഊന്നല്‍ നല്‍കിവരികയാണ്, മോദി കൂട്ടിച്ചേര്‍ത്തു. വ്യാവസായിക വികസനത്തിലൂടെ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് അതൊരു മുതല്‍ക്കൂട്ടാവുമെന്നും മോദി പറഞ്ഞു.

615 ഏക്കറിലധികം സ്ഥലത്താണ് നിര്‍മാണശാല വ്യാപിച്ച് കിടക്കുന്നത്. 2016-ല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഫാക്ടറിയ്ക്ക് തറക്കല്ലിട്ടത്. ഇന്ത്യക്കാവശ്യമായ ഹെലികോപ്ടറുകള്‍ തദ്ദേശീയമായി നിര്‍മിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഫാക്ടറി നിര്‍മിച്ചിരിക്കുന്നത്. ആദ്യഘട്ടത്തില്‍ ലൈറ്റ് യൂട്ടിലിറ്റി ഹെലികോപ്ടറുകളാണ് ഇവിടെ നിര്‍മിക്കുന്നത്.

ഇതിനോടകം നിര്‍മാണവും പരീക്ഷണവും പൂര്‍ത്തിയാക്കിക്കഴിഞ്ഞ തദ്ദേശീയമായി രൂപകല്‍പന ചെയ്ത, ഒറ്റ എന്‍ജിനുള്ള എല്‍യുവിയും ഫാക്ടറിയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു. വിവിധോദ്ദേശ ഹെലികോപ്ടറിന്‍റെ നിയന്ത്രണവും ചലനവും സുഗമമാണ്. നിലവില്‍ വര്‍ഷത്തില്‍ 30 ഹെലികോപ്ടറുകള്‍ നിര്‍മിക്കാനാണ് പദ്ധതി. പിന്നീട് വാര്‍ഷികോത്പാദനം ക്രമേണ 60 ആയും 90 ആയും വര്‍ധിപ്പിക്കും.

എല്‍യുവി കൂടാതെ ലൈറ്റ് കോമ്പാറ്റ് ഹെലികോപ്ടര്‍ (LCH), ഇന്ത്യന്‍ മള്‍ട്ടിറോള്‍ ഹെലികോപ്ടര്‍ (IMRH) എന്നിവയുടെ നിര്‍മാണവും ഫാക്ടറിയില്‍ ആരംഭിക്കാനും പദ്ധതിയുണ്ട്. ഭാവിയില്‍ വിവിധയിനം ഹെലികോപ്ടറുകളുടെ അറ്റകുറ്റപണികള്‍ നടത്താനുള്ള സൗകര്യവും ഇവിടെ സജ്ജമാക്കും. 3-15 ടണ്‍ റേഞ്ചിലുള്ള ആയിരം ഹെലികോപ്ടറുകളുടെ നിര്‍മാണമാണ് എച്ച്എഎല്‍ പദ്ധതിയിടുന്നത്. 20 വര്‍ഷക്കാലയളവില്‍ ഏകദേശം നാല് ലക്ഷം കോടി രൂപയാണ് ഹെലികോപ്ടറുകളുടെ നിര്‍മാണത്തിനായി വേണ്ടിവരുന്ന നിക്ഷേപം. ഹെലികോപ്ടറുടെ ഇറക്കുമതി പൂര്‍ണമായും നിര്‍ത്തലാക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യം.

ഹെലികോപ്ടര്‍ നിര്‍മാണശാല പ്രത്യക്ഷമായും പരോക്ഷമായും നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നാണ് കേന്ദസര്‍ക്കാരിന്റെ പ്രതീക്ഷ. അതിനൊപ്പം അനുബന്ധമേഖലകളിലുള്ള വികസനവും ലക്ഷ്യമിടുന്നുണ്ട്. മികച്ച പ്രവര്‍ത്തനത്തിനായി അത്യാധുനികമായ സാങ്കേതികവിദ്യയും സജ്ജീകരണങ്ങളുമാണ് നിര്‍മാണശാലയിലുള്ളത്. ഹെലി-റണ്‍വേ, ഹെലികോപ്ടറുകള്‍ സൂക്ഷിക്കാനുള്ള സ്ഥലം, അന്തിമമായി ഘടകങ്ങള്‍ കൂട്ടിച്ചേർക്കുന്നതിനുള്ള സ്ഥലം, ചട്ടക്കൂട് നിര്‍മിക്കുന്നതിനുള്ള സ്ഥലം, എയര്‍ ട്രാഫിക് കണ്‍ട്രോള്‍, ബന്ധപ്പെട്ട മറ്റ് സജ്ജീകരണങ്ങള്‍ എന്നിവ നിര്‍മാണശാലയിലുണ്ട്.

ഇന്ത്യ തദ്ദേശീയമായി രൂപകല്‍പന ചെയ്ത് നിര്‍മിക്കുന്ന ഹെലികോപ്ടറുകളാണ് ലൈറ്റ് യൂട്ടിലിറ്റി ഹെലികോപ്ടറുകള്‍ (LUH). ഇന്ത്യന്‍സേനയുടെ കാലഹരണപ്പെട്ടുതുടങ്ങിയ എച്ച്എഎല്‍ ചീറ്റ, എച്ച്എഎല്‍ ചേതക് എന്നിവയ്ക്ക് ഒരു ആധുനിക പിന്‍ഗാമി വേണമെന്ന് 90-കളിലും 2000-ലും ഉയര്‍ന്ന ആവശ്യമാണ്. ഇതിന്‍റെ ഫലമായാണ് യൂട്ടിലിറ്റി ഹെലികോപ്ടറുകള്‍ ഇന്ത്യയിലെത്തിയത്.

ആവശ്യമായ 197 ഹെലികോപ്ടറുകളില്‍ 60 എണ്ണം പുറത്തുനിന്ന് വാങ്ങാനും 137 എണ്ണം ലൈസന്‍സ് കരസ്ഥമാക്കി എച്ച്എഎല്‍ നിര്‍മിക്കാനുമായിരുന്നു പദ്ധതി. എന്നാല്‍ പദ്ധതി നടപ്പായില്ല. 2008-ല്‍ ഹെലികോപ്ടര്‍ നിര്‍മിക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ ആര്‍പിഎഫുകള്‍ ക്ഷണിച്ചു. വിവിധ നിര്‍മാണകമ്പനികള്‍ രംഗത്തെത്തിയിരുന്നു. 2009-ല്‍ എച്ച്എഎല്ലിന്റെ നിര്‍ദേശം സര്‍ക്കാര്‍ അംഗീകരിച്ചു. എല്‍യുഎച്ചുകള്‍ മാത്രമേ തങ്ങള്‍ നിര്‍മിക്കാനുദ്ദേശിക്കുന്നുള്ളൂവെന്ന് 2010 മാര്‍ച്ചില്‍ എച്ച്എഎല്‍ അറിയിച്ചു.

2011 ഫെബ്രുവരിയില്‍ തങ്ങളുടെ എല്‍യുഎച്ചിന്റെ രൂപകല്‍പന എച്ച്എഎല്‍ വെളിപ്പെടുത്തി. 2014 മാര്‍ച്ചില്‍ ഒരു സൈനികേതര മള്‍ട്ടിറോള്‍ ഹെലികോപ്ടറായി എല്‍യുവിയെ എച്ച്എഎല്‍ അവതരിപ്പിച്ചു. 2016 സെപ്റ്റംബറില്‍ ഹെലികോപ്ടര്‍ ആദ്യപറക്കല്‍ നടത്തി. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ എല്ലാവിധ കാലാവസ്ഥാപരീക്ഷണങ്ങളും എല്‍യുവി പൂര്‍ത്തിയാക്കി. പിന്നീടുള്ളത് ഇന്ത്യന്‍ പ്രതിരോധചരിത്രത്തിലെ വന്‍മുന്നേറ്റം. രാജ്യത്തെ ഏറ്റവും വലിയ ഹെലികോപ്ടര്‍ നിര്‍മാണശാല പൂര്‍ണസജ്ജമായി. ഇന്ത്യയുടെ സ്വന്തം രൂപകല്‍പനയിലുള്ള 30 എല്‍യുഎച്ചുകള്‍ തദ്ദേശീയമായി എച്ച്എഎല്‍ ആദ്യഘട്ടത്തില്‍ നിര്‍മിക്കും, ഇന്ത്യന്‍ പ്രതിരോധമേഖലയ്ക്ക് കൂടുതല്‍ കരുത്ത് പകരും.

Leave a Reply

Your email address will not be published. Required fields are marked *