ലക്ഷദ്വീപ് എം.പി ഫൈസലിന് ആശ്വാസം: ശിക്ഷ നടപ്പാക്കുന്നത് ഹൈക്കോടതി തടഞ്ഞു

കൊച്ചി: വധശ്രമക്കേസിൽ ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസലടക്കമുള്ള നാലുപേർക്ക് സെഷൻസ് കോടതി വിധിച്ച 10 വർഷം തടവുശിക്ഷ ഹൈക്കോടതി സ്റ്റേ ചെയ്തു.

എം.പി മുഹമ്മദ് ഫൈസൽ, സയിദ് മുഹമ്മദ് നൂറുൽ അമീൻ, മുഹമ്മദ് ഹുസൈൻ തങ്ങൾ, മുഹമ്മദ് ബഷീർ അടക്കം നാലുപേർക്കും ഉടൻ ജയിൽ മോചിതരാകാം. ജസ്റ്റിസ് ബെച്ചു കുര്യ​ൻ തോമസാണ് വിധി പറഞ്ഞത്.

സെഷൻസ് കോടതി വിധിക്ക് പിന്നാലെ എം.പി സ്ഥാനത്തുനിന്ന് ഫൈസലിനെ അയോഗ്യനാക്കുകയും ലക്ഷദ്വീപ് മണ്ഡലത്തിൽ തിരക്കിട്ട് ഉപതെരഞ്ഞടുപ്പ് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാൽ, വധശ്രമക്കേസിൽ പത്ത് വർഷത്തെ തടവുശിക്ഷ വിധിച്ചത് തങ്ങൾ നൽകിയ എതിർ കേസ് പരിഗണിക്കാതെയെന്ന് പ്രതികൾ ഹൈക്കോടതിയെ ബോധിപ്പിച്ചിരുന്നു.

2009ലെ ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് കേസിനാസ്പദമായ സംഭവമുണ്ടായതെന്ന് കേസിൽ ശിക്ഷിക്കപ്പെട്ട ഫൈസൽ, സയിദ് മുഹമ്മദ് നൂറുൽ അമീൻ, മുഹമ്മദ് ഹുസൈൻ തങ്ങൾ, മുഹമ്മദ് ബഷീർ എന്നിവർ കോടതിയിൽ പറഞ്ഞു. സംഭവത്തെ തുടർന്ന് എതിർ കേസ് നൽകിയിരുന്നു. എന്നാൽ, ശിക്ഷ വിധിച്ച കവരത്തി സെഷൻസ് കോടതി പരിഗണിച്ചില്ല. അക്രമ സംഭവങ്ങളിൽ എതിർ കേസുണ്ടെങ്കിൽ അതുകൂടി പരിഗണിച്ച് വിധി പറയണമെന്നാണ് സുപ്രീം കോടതി നിർദേശം.

കേസിൽ വിചാരണകോടതി വിധി സസ്‌പെൻഡ് ചെയ്യണമെന്നാവശ്യപ്പെട്ട് നൽകിയ അപ്പീൽ ഹർജിയിലാണ് പ്രതികൾ ഈ വാദമുന്നയിച്ചത്.

മുൻ കേന്ദ്രമന്ത്രി പി.എം. സഈദിന്‍റെ മരുമകൻ മുഹമ്മദ് സ്വാലിഹിനെ വധിക്കാൻ ശ്രമിച്ചെന്നാണ് പ്രതികൾക്കെതിരായ കുറ്റം. എതിർ കേസ് പരിഗണിക്കാതെയാണ് ശിക്ഷ വിധിച്ചതെന്ന കാര്യം വിചാരണ കോടതിയിൽ ഉന്നയിക്കാതിരുന്നതെന്തെന്ന് വാദത്തിനിടെ സിംഗിൾ ബെഞ്ച് വാക്കാൽ ചോദിച്ചു. അത് പ്രോസിക്യൂഷന്‍റെ ചുമതലയാണെന്നായിരുന്നു വിശദീകരണം. മുഹമ്മദ് സ്വാലിഹിന്‍റെ തലയിൽ വലിയ മുറിവേൽപിച്ചെന്ന വാദം ശരിയല്ല.

അവിശ്വസനീയമായ കഥകൾ കെട്ടിച്ചമച്ചാണ് പ്രോസിക്യൂഷൻ കേസ് നടത്തിയതെന്നും പ്രതികളുടെ അഭിഭാഷകർ വാദിച്ചു. സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നതിനാൽ ശിക്ഷ സസ്പെൻഡ് ചെയ്യരുതെന്നായിരുന്നു ലക്ഷദ്വീപ് ഭരണകൂടത്തിന് വേണ്ടി ഡെപ്യൂട്ടി സോളിസിറ്റർ ജനറലിന്‍റെ വാദം.

Leave a Reply

Your email address will not be published. Required fields are marked *