റബർ കർഷകർക്ക് സബ്സിഡി നൽകാത്തതിൽ ഇടതുമുന്നണിയിൽ ഭിന്നത

തിരുവനന്തപുരം: റബർ കർഷകർക്ക് സബ്സിഡി നൽകാത്തതിൽ ഇടതുമുന്നണിയിൽ ഭിന്നത. റബർ സബ്സിഡിക്ക് ബജറ്റിൽ വകയിരുത്തിയ തുക നൽകാത്തതാണ് അഭിപ്രായ ഭിന്നതക്ക് കാരണം.

റബർ വില സ്ഥിരത ഫണ്ടായി കഴിഞ്ഞ 2 വർഷം ബജറ്റിൽ വകയിരുത്തിയത് 1000 കോടി. ഇതിൽ റബർ കർഷകർക്ക് നൽകിയത് 83. 19 കോടി മാത്രം.

സർക്കാരിന്റെ റബർ കർഷകരോടുള്ള അവഗണനക്കെതിരെ ശക്തമായ പ്രതിഷേധങ്ങളാണ് യു.ഡി.എഫ് സംഘടിപ്പിക്കുന്നത്. രണ്ടാഴ്ച മുൻപ് കോട്ടയത്ത് യു.ഡി.എഫ് സംഘടിപ്പിച്ച കർഷക സമ്മേളനം വൻ വിജയമായിരുന്നു. ബാല ഗോപാലിന്റെ റബർ കർഷകരോടുള്ള അവഗണന രേഖകൾ സഹിതം പുറത്ത് കൊണ്ട് വന്നതും യു.ഡി.എഫ് ആണ്. യു.ഡി.എഫ് എം എൽ എമാരായ ഐ.സി ബാലകൃഷ്ണൻ , തിരുവഞ്ചൂർ രാധാകൃഷ്ണൻ , സജീവ് ജോസഫ്, സനീഷ് കുമാർ ജോസഫ് എന്നിവർ നിയമസഭയിൽ 2023 മാർച്ച് രണ്ടിന് കൃഷി മന്ത്രി പി. പ്രസാദിനോട് റബർ വില സ്ഥിരത ഫണ്ട് സംബന്ധിച്ച് ചോദ്യം ഉന്നയിച്ചിരുന്നു. ഇതിന്റെ മറുപടിയിലാണ് ധനമന്ത്രി ബാലഗോപാലിന്റെ അവഗണന പി. പ്രസാദ് തുറന്ന് പറയുന്നതും. 2022-23 ൽ റബർ കർഷകർക്ക് സബ്സിഡി നേരിട്ട് ലഭ്യമാക്കുന്ന പദ്ധതിയായ റബർ പ്രൊഡക്ഷൻ ഇൻസെന്റിവ് സ്കീമിൽ വകയിരുത്തിയത് 500 കോടി . ഇതുവരെ ബാലഗോപാൽ കൊടുത്തത് 33.19 കോടി മാത്രം. സാമ്പത്തിക വർഷം തീരാൻ ഇനി 9 ദിവസം മാത്രമാണ് ഉള്ളത്.

റബർ കർഷകർക്ക് ലഭിക്കേണ്ട 467 കോടി രൂപയാണ് സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ സർക്കാർ തടഞ്ഞ് വച്ചിരിക്കുന്നത്. കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് അന്ന് നിയമസഭയിൽ നൽകിയ മറുപടിയിലാണ് 33. 19 കോടി മാത്രമാണ് റബർ കർഷകർക്ക് സബ്സിഡിയായി ഈ സാമ്പത്തിക വർഷം നൽകിയതെന്ന് വെളിപ്പെടുത്തിയിരിക്കുന്നത്.

യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് റബർ കർഷകരെ സഹായിക്കാൻ പ്രഖ്യാപിച്ച പദ്ധതിയാണിത്. 2015 ൽ ധനമന്ത്രിയായിരുന്ന കെ.എം. മാണിയാണ് ബജറ്റിൽ റബർ വില സ്ഥിരത ഫണ്ട് പദ്ധതി അവതരിപ്പിച്ചത്. 300 കോടി രൂപയാണ് പ്രഖ്യാപിച്ചത്. 2016 ലെ ബജറ്റിൽ ഉമ്മൻ ചാണ്ടി അത് 500 കോടിയാക്കി ഉയർത്തി. റബറിന്റെ താങ്ങ് വിലയും റബർ ബോർഡ് നിശ്ചയിക്കുന്ന ദൈനം ദിന വില സൂചികയും തമ്മിലുള്ള വില വ്യത്യാസം റബർ ബോർഡിലെ ഫീൽഡ് ഓഫിസർ സാക്ഷ്യപ്പെടുത്തിയ വിൽപന ബില്ലിന്റെ അടിസ്ഥാനത്തിൽ കർഷകരുടെയോ റബർ ഉൽപാദകസംഘങ്ങളുടേയോ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് നൽകുന്ന രീതിയിലാണ് ഉമ്മൻ ചാണ്ടി സർക്കാർ ഈ പദ്ധതി ആവിഷ്കരിച്ചത്.

2021-22 ൽ 500 കോടി ബാലഗോപാൽ ബജറ്റിൽ റബർ വില സ്ഥിരത ഫണ്ടിന് വകയിരുത്തിയെങ്കിലും നൽകിയത് 50 കോടി മാത്രമാണ്. രണ്ട് വർഷമായി 83 .19 കോടി മാത്രമാണ് റബർ കർഷകർക്ക് സബ്സിഡിയായി നൽകിയത്. പി. പ്രസാദിന്റെ രേഖാമൂലമുള്ള മറുപടി പുറത്ത് വന്നതോടെ ജോസ് കെ.മാണിയും സംഘവും കർഷകരെ അഭിമുഖികരിക്കാൻ കഴിയാതെ പെട്ടിരിക്കുകയാണ്. റബർ വിലയിടിവിന് കാരണം കേന്ദ്ര നയങ്ങളാണ് എന്നാണ് ജോസ് കെ മാണി പറയുന്നത്. സംസ്ഥാന ബജറ്റിൽ വച്ച തുകയുടെ പത്ത് ശതമാനം പോലും എന്തുകൊണ്ടാണ് റബർ കർഷകർക്ക് നൽകാത്തത് എന്ന ചോദ്യത്തിന് ജോസ് കെ. മാണിക്ക് മറുപടിയും ഇല്ല. പിതാവ് കെ.എം മാണി റബർ കർഷകരെ സഹായിക്കാൻ കൊണ്ട് വന്ന പദ്ധതി ഇടതു സർക്കാർ അട്ടിമറിക്കുന്നത് കണ്ട് ഇടതുമുന്നണിയിൽ ഇനിയും തുടരണോ എന്ന ചോദ്യവും ജോസിനോട് അടുപ്പമുള്ളവർ ഉയർത്തുന്നുണ്ട്. റബർ കർഷകരെ അവഗണിക്കുന്ന ഇടതു സർക്കാരിന് സിന്ദാബാദ് വിളി തുടർന്നാൽ കാലിനടിയിലെ മണ്ണ് ചോർന്ന് പോകുമെന്ന് ഏറ്റവും നന്നായറിയാവുന്നതും ജോസ് കെ. മാണിക്കാണ്.

Leave a Reply

Your email address will not be published. Required fields are marked *